കർശനമായി ഇടപെടാൻ കോർപറേഷൻ; ഹോട്ടലുകളിൽ വൃത്തി വേണം, വില ഏകീകരണവും
text_fieldsകൊല്ലം: ഹോട്ടലുകളിലെ വില ഏകീകരിക്കുന്നതിനും വിലവിവരപട്ടിക പ്രദർശിപ്പിക്കുന്നതിനും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഇടപെടലുമായി കോർപറേഷൻ.
മേയർ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ കർശന നടപടി സ്വീകരിക്കാൻ തീരുമാനമായി. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, ജില്ല മെഡിക്കൽ ഓഫിസർ, എ.സി.പി, ഫുഡ് സേഫ്ടി ഓഫിസർ, താലൂക്ക് സപ്ലൈ ഓഫിസർ, കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഹോട്ടലുകളിലെ വില നിലവാരം ഏകീകരിക്കുന്നതിനും വില വിവര പട്ടിക പ്രദർശിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി.
പാലിക്കപ്പെടുന്നില്ലെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ക്ലീൻ സിറ്റി മാനേജരെ ചുമതലപ്പെടുത്തി. എല്ലാ ഹോട്ടലുകളിലും കോർപറേഷൻ ഹെൽത്ത് സ്ക്വാഡ് പരിശോധന കർശനമാക്കുന്നതിനും തീരുമാനിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണവും കുടിവെള്ളവും സജ്ജീകരിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമപരമായ നടപടി സ്വീകരിച്ച് സ്ഥാപനം അടച്ചു പൂട്ടുന്നതിന് കർശന സ്വീകരിക്കും.
തട്ടുകടകൾ അടക്കമുള്ളവ പരിശോധിക്കുന്നതിനും ഹെൽത്ത് സ്ക്വാഡിനെ ചുമതലപ്പെടുത്തി. വില ഏകീകരിക്കുന്നതിനും വിലവിവര പട്ടികയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി 29ന് മേയറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെയും ഹോട്ടൽ ഉടമ സംഘടന ഭാരവാഹികളുടെയും യോഗം ചേരും.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷരായ ഗീതാകുമാരി, എസ്. ജയൻ, സജീവ് സോമൻ, യു. പവിത്ര, സവിതാദേവി, കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി എസ്.എസ്.സജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.