മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ കോർപറേഷൻ
text_fieldsകൊല്ലം: നഗരത്തിലെ മാലിന്യ സംസ്കരണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിക്കാനുറച്ച് കോർപറേഷൻ. ഇതിനായി ഉദ്യോഗസ്ഥരുടെയും ഐ.ആർ.ടി.സിയുടെയും ഹരിതർമ സേനയുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നത് ഉൾപ്പെടെ വിവിധ തീരുമാനങ്ങൾ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ കൈക്കൊണ്ടു.
അജൈവ മാലിന്യ ശേഖരണം കാര്യക്ഷമമായി നടത്തുന്നതിന് എം.സി.എഫുകൾ വാടകക്കെടുക്കും. വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എയറോബിക് യൂനിറ്റുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ആളെ നിയോഗിക്കും.
മാലിന്യ സംസ്കരണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് കോർപറേഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ടുകളായ ബയോ കമ്പോസ്റ്ററുകൾ, ബയോഗ്യാസ് പ്ലാന്റുകൾ (ബി.പി.എൽ/എ.പി.എൽ), റിങ് കമ്പോസ്റ്റ് യൂനിറ്റ് (ബി.പി.എൽ/എ.പി.എൽ) എന്നിവക്ക് അപേക്ഷ ക്ഷണിക്കും. ബി.പി.എൽ കുടുംബങ്ങൾക്ക് വ്യക്തിഗത ശൗചാലയ ആനുകൂല്യ പ്രോജ്കടിനും അപേക്ഷ ക്ഷണിക്കും.
ഹരിതകർമ സേനയുടെ മാലിന്യ ശേഖരണം കാര്യക്ഷമമാക്കാൻ 10 വാഹനങ്ങൾ വാങ്ങുന്നതിന് അംഗീകാരം ലഭിച്ചു. എം.സി.എഫ് വാടക നൽകുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
പുതുതായി നിർമിച്ച അഞ്ച് എയറോബിക് യൂനിറ്റുകൾ നവംബർ ഒന്നുമുതൽ പ്രവർത്തനം ആരംഭിക്കും. വാതിൽപടി ജൈവമാലിന്യ ശേഖരണം 100 ശതമാനം എത്തിക്കുന്നതിന് റസിഡൻസ് അസോസിയേഷനുകളുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും യോഗം അടിയന്തരമായി ചേരും.
നിലവിൽ കോർപറേഷനിൽ നിയോഗിച്ചിട്ടുള്ള ഹരിതകർമ സഹായ സ്ഥാപനത്തിന്റെ കോഓഡിനേറ്റർമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസുമായി ചേർന്ന് ഹരിതകർമസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ഗാർഹിക മാലിന്യ സംസ്കരണത്തിന് നിലവിൽ സ്ഥാപിക്കാൻ ബാക്കിയുള്ള വീടുകളിൽ ബയോകമ്പോസ്റ്റർ ബിന്നുകൾ വിതരണം ചെയ്യുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
കിച്ചൺ ബിന്നുകൾ അടുത്ത മാർച്ച് 31ന് മുമ്പ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. ഹരിതകർമ സേന പ്രവർത്തനം ആരംഭിച്ചശേഷം 2.16 കോടി രൂപ പ്ലാസ്റ്റിക് കലക്ഷനിലൂടെ കോർപറേഷന് വരുമാനം ലഭിച്ചിട്ടുണ്ട്. ക്ലീൻ കേരളക്ക് ബെയിൽഡ് ചെയ്ത 125458.942 കിലോഗ്രാമും നോൺ ബെയിൽഡ് ചെയ്ത 106156.08 കിലോഗ്രാമും പ്ലാസ്റ്റിക്ക് കൈമാറി.
ആക്രിയായി 60994.29 കിലോഗ്രാം കൈമാറിയ വകയിൽ 10 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. മേയർ പ്രസന്നാ ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ, ആരോഗ്യകാര്യ സ്ഥിരംസമിതി അംഗങ്ങൾ, ഹെൽത്ത്, സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഐ.ആർ.ടി.സി പ്രതിനിധികൾ ഹരിതകർമ സേന കൺസോർട്യം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.