കരുനാഗപ്പള്ളി മേഖലയിൽ കള്ളനോട്ട് വ്യാപകം; ഉറവിടം കണ്ടെത്തണമെന്ന ആവശ്യം ശക്തം
text_fieldsകരുനാഗപ്പള്ളി: ടൗണിലും പരിസര പ്രദേശങ്ങളിലും 500 രൂപയുടെ കള്ളനോട്ട് വ്യാപകമാകുന്നതായി പരാതി. ഇതിനോടൊപ്പം 200, 100, 50, 20 എന്നീ നോട്ടുകളുടെയും 'വ്യാജന്മാർ' വലിയതോതിൽ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. സംഘം ചേർന്നെത്തുന്ന ചില കച്ചവടക്കാർ, ഇതരസംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ, കച്ചവടക്കാർക്ക് ചില്ലറ വാങ്ങി നൽകുന്ന സ്ഥിരം ഏജൻസികൾ എന്നിവരുടെ നേതൃത്വത്തിലാണ് കരുനാഗപ്പള്ളി താലൂക്ക് കേന്ദ്രീകരിച്ച് കള്ളനോട്ടുകൾ വ്യാപകമായി കൈമാറ്റം ചെയ്യുന്നത്.
പൊലീസിനും മറ്റ് അധികാരികൾക്കും ഇതിനെക്കുറിച്ച് വിവരമുണ്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. 100, 50, 20 എന്നീ നോട്ടുകളുടെ വ്യാജൻ പ്രായമുള്ള സ്ത്രീകൾക്ക് നൽകി പലയിടത്തും കബളിപ്പിക്കുന്നതായി പരാതിയുയരുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തി ലോഡ്ജുകളിൽ താമസിച്ചുവരുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് 500ന്റെയും മറ്റും നോട്ടുകൾ കൂടുതലായി കൈമാറുന്നതത്രെ.
ഇതുമൂലം കച്ചവടക്കാരും പ്രതിസന്ധിയിലാണ്. കന്നുകാലി ചന്തകൾ, ലേലചന്തകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും കള്ളനോട്ടുകൾ കൈമാറുന്നതെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി മാർക്കറ്റിൽ സാധനം വാങ്ങാൻ വന്ന സ്ത്രീ സാധനം വാങ്ങിയ ശേഷം കൊടുത്ത 500 രൂപ നോട്ട് കള്ളനോട്ടാണെന്ന് കച്ചവടക്കാർ പറഞ്ഞതോടെ സാധനം വാങ്ങാതെ മടങ്ങിപ്പോയ സംഭവമുണ്ടായി.
കമ്പോളങ്ങളിലും മത്സ്യമാർക്കറ്റുകളിലും കടകളിലുമെത്തുന്ന 500 രൂപ നോട്ടുകൾ വാങ്ങി സാധനങ്ങൾ കൊടുക്കാൻ കച്ചവടക്കാർ ഭയക്കുന്ന സ്ഥിതിയാണ്. സമഗ്ര അന്വേഷണം നടത്തി കള്ളനോട്ടുകളുടെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.