കോടതി സമുച്ചയം: മുഖ്യമന്ത്രിയുടെ ഓഫിസ് കലക്ടറോട് അടിയന്തര റിപ്പോർട്ട് തേടി
text_fieldsകരുനാഗപ്പള്ളി: കോടതി സമുച്ചയം കരുനാഗപ്പള്ളിയിൽ നിർമിക്കുന്നതിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിെൻറ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് കലക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. ഐ.എച്ച്.ആർ.ഡി പോളിടെക്നിക്കിെൻറ ഒരുഭാഗം പ്രവർത്തിക്കുന്ന നഗരസഭ 13ാം ഡിവിഷനിലെ കെ.ഐ.പി ജങ്ഷനിലുള്ള സർക്കാർ സ്ഥലമാണ് കോടതി സമുച്ചയത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ചത്.
എന്നാൽ, ഇതിനായി നഷ്ടപരിഹാരം നൽകണമെന്നാണ് ഐ.എച്ച്.ആർ.ഡിയുടെ നിലപാട്. ന്യായമായ നഷ്ടപരിഹാരം നൽകാമെന്ന് നഗരസഭ അധികൃതരും അറിയിച്ചിരുന്നു. ഇവ സംബന്ധിച്ച സാങ്കേതിക തടസ്സങ്ങൾ നീക്കാൻ ഉന്നതതലത്തിൽ വേഗം തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം നൽകിയത്. ദേശീയപാത വികസനത്തിെൻറ ഭാഗമായി നിലവിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന രണ്ട് കോടതികൾ ഒഴിയേണ്ടിവരും. അതിന് മുമ്പായി കോടതികൾ പുതിയ സ്ഥലത്തേക്ക് മാറ്റണം. സബ് കോടതിയും പോക്സോ കോടതിയും ഉൾപ്പടെയുള്ളവ വാടകക്കെട്ടിടങ്ങളിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.
സ്ഥലമില്ലാത്തതിനാൽ കരുനാഗപ്പള്ളിക്ക് അനുവദിച്ച എം.എ.സി.ടി കോടതി തുടങ്ങാനുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നതിന് നിവേദനം നൽകിയത്. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, കെ.ഡി.എഫ് ചെയർമാൻ പി. രാമഭദ്രൻ, എസ്. പ്രഹ്ലാദൻ, നഗരസഭാ കൗൺസിലർ മഹേഷ് ജയരാജ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച് മന്ത്രി കെ.എൻ. ബാലഗോപാലിനും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.