കോവിഡ് മരണം; ചടങ്ങുകൾ 20 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം
text_fieldsകൊല്ലം: മരണത്തിനുശേഷം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ മൃതദേഹം കോവിഡ് പോസിറ്റിവ് രോഗിയുടേത് പോലെതന്നെ കൈകാര്യം ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത അറിയിച്ചു. ആശുപത്രിയില്‍ മരണം സംഭവിക്കുമ്പോള്‍ മൃതദേഹം വിട്ടുകിട്ടുന്നതിന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തെ അറിയിക്കുകയും പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറുടെ അനുമതിപത്രം ഹാജരാക്കേണ്ടതുമാണ്. സംസ്‌കാരചടങ്ങില്‍ വളരെക്കുറച്ച് പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം നിര്‍ബന്ധമായും പാലിക്കണം. ആശുപത്രിയില്‍നിന്ന് മൃതദേഹം പൊതിഞ്ഞുനല്‍കുന്ന ബാഗ് ഒരുകാരണവശാലും തുറക്കരുത്. അടുത്ത ബന്ധുക്കള്‍ക്ക് സംസ്‌കാരത്തിന് തൊട്ടുമുമ്പ് മുഖം കാണുന്നതിന് സൗകര്യമൊരുക്കും.
ബാഗ് തുറന്ന് മതപരമായ കുളിപ്പിക്കല്‍, പൂജകള്‍ എന്നിവ ഒരുകാരണവശാലും പാടില്ല. മൃതദേഹത്തില്‍നിന്ന് രണ്ടുമീറ്റര്‍ അകലം പാലിച്ച് സ്പര്‍ശിക്കാതെ കര്‍മങ്ങള്‍ ചെയ്യാം. മൃതദേഹത്തില്‍ ആലിംഗനം, അന്ത്യചുംബനം ഇവ പാടില്ല. മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് ശരിയായരീതിയില്‍ പി.പി.ഇ കിറ്റ് ധരിച്ചിരിക്കണം. മൃതദേഹം ദര്‍ശിക്കുന്ന ബന്ധുക്കള്‍ ഗ്ലൗസ്, മാസ്‌ക് ഇവ ധരിച്ച് രണ്ട് മീറ്റര്‍ അകലം പാലിച്ച് നില്‍ക്കണം. മൃതദേഹം കണ്ടതിനുശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിെൻറ അറിവോടെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കൃത്യസമയത്ത് മൃതദേഹം സംസ്‌കരിക്കണം. പി.പി.ഇ കിറ്റുകള്‍ ശാസ്ത്രീയമായി നശിപ്പിക്കണം. ചടങ്ങുകള്‍ 20 മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണം. കോവിഡ് നെഗറ്റിവ് ആയതിനുശേഷം മരണപ്പെടുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പി.പി.ഇ കിറ്റിന് പകരം എന്‍ 95 മാസ്‌കും ഗ്ലൗസും ഉപയോഗിച്ച് മൃതദേഹം കൈകാര്യം ചെയ്യണം. സംസ്‌കാരത്തിനുശേഷം ഒരു ശതമാനം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് വീടും പരിസരവും അണുമുക്തമാക്കണം.
മരണാനന്തര ചടങ്ങുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരമേ പങ്കാളിത്തം പാടുള്ളൂ. കോവിഡ് നിയന്ത്രണവിധേയമാകുന്നതിന് പൊതുജനങ്ങള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.