കോവിഡ് വ്യാപനം: രാഷ്ട്രീയ പാർട്ടികളുമായി കൈകോർത്ത് ജില്ല ഭരണകൂടം
text_fieldsകൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുതല കമ്മിറ്റികള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താഴെതട്ടില്‍ നേതൃത്വം നല്‍കണമെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് ജില്ല കലക്ടര്‍ സഹകരണം അഭ്യർഥിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബോധവത്കരണം ശക്തമാക്കാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നത്.
സന്നദ്ധപ്രവര്‍ത്തകരായ 10 പേരെ ബൂത്തുതല കമ്മിറ്റികളില്‍നിന്ന് ഉള്‍പ്പെടുത്തി അതത് വാര്‍ഡ്, പ്രദേശങ്ങളില്‍ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിർദേശം.
പ്രവര്‍ത്തനങ്ങളോട് എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സഹകരണം അറിയിച്ചു. ക്ലബ്ബുകളെയും സന്നദ്ധ സംഘടനകളെയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ നിർദേശിച്ചു.
സന്നദ്ധ പ്രവര്‍ത്തകര്‍ ദിവസം ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം സജീവ പങ്കാളിത്തം വഹിക്കണം.
45 വയസ്സിന് മുകളിലുള്ളവരെല്ലാം കോവിഡ് വാക്സിന് സ്വീകരിക്കാനുള്ള ബോധവത്കരണവും ഇതോടൊപ്പം നടത്തും. എല്ലാ പ്രാഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും താലൂക്ക് ആസ്ഥാന ആശുപത്രികളിലും ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലും വാക്സിനേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബിന്ദു കൃഷ്ണ, എക്സ്. ഏണസ്റ്റ്, കുരീപ്പുഴ മോഹനന്, കെ.പി. പ്രകാശ്, നുജുമുദ്ദീന്‍ അഹമ്മദ്, താമരക്കുളം സലീം, നയാസ് മുഹമ്മദ്, കരിക്കോട് ജമീര്‍ലാല്‍, കെ. രത്നകുമാര്‍, മനോഹരന് ശ്രീനാഥ്, ജിത്ത് ദിലീഷ്, ബിജു വിജയന്, എ.ഡി.എം അലക്സ് പി. തോമസ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്. ശ്രീലത, ഡെപ്യൂട്ടി ഡി.എം.ഒ ആര്. സന്ധ്യ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ഷാജി ബോണ്‍സ്ലെ എന്നിവര്‍ പങ്കെടുത്തു.
മൊബൈല്‍ ആര്.ടി.പി.സി.ആര് ലാബ് സ്രവ പരിശോധന
കേന്ദ്രങ്ങൾ
ഏപ്രില്‍ 12 - കുണ്ടറ താലൂക്കാശുപത്രി, പാലത്തറ, ഓച്ചിറ, നിലമേല്‍, കുളത്തൂപ്പുഴ, തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ
13 - നെടുമണ്‍കാവ്, വെളിനല്ലൂര്‍, കുളക്കട, പത്തനാപുരം, കലയ്ക്കോട്, മൈനാഗപ്പള്ളി
14 -അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, പാലത്തറ, ഓച്ചിറ, കുളക്കട, നിലമേല്‍
15 -കുണ്ടറ താലൂക്കാശുപത്രി, കുളത്തൂപ്പുഴ, തൃക്കടവൂര്‍, നെടുമണ്‍കാവ്, വെളിനല്ലൂര്‍, പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ
16 -ചവറ (രാവിലെ 10ന്) തെക്കുംഭാഗം (ഉച്ചക്ക് 1.30ന്), കലയ്ക്കോട്, മൈനാഗപ്പള്ളി, അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, പാലത്തറ
17 -ഓച്ചിറ, നിലമേല്‍, കുളക്കട, കുളത്തൂപ്പുഴ, തൃക്കടവൂര്‍, നെടുമണ്‍കാവ് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.