ഭിന്നതയും പ്രശ്നങ്ങളും ബാക്കി; സി.പി.എം ഏരിയ സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കം
text_fieldsകൊല്ലം: ഭിന്നതക്കും പ്രശ്നങ്ങൾക്കും നടുവിൽ സി.പി.എം ഏരിയ സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കം. 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാകാൻ അവശേഷിക്കെയാണ് ഏരിയ സമ്മേളനങ്ങൾക്ക് തുടക്കംകുറിച്ചത്. ഭിന്നതയും പ്രശ്നങ്ങളും കാരണം മാറ്റിവെച്ച ലോക്കൽ സമ്മേളനങ്ങളാണ് നടക്കാനുള്ളത്. കരുനാഗപ്പള്ളി, കൊല്ലം മേഖലകളിലടക്കം പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. ആദ്യ ഏരിയ സമ്മേളനം കൊല്ലത്ത് വെള്ളിയാഴ്ച ആരംഭിച്ചു. കരുനാഗപ്പള്ളിയിലാണ് 30ന് അവസാന ഏരിയ സമ്മേളനം. പോർട്ട്, ഉളിയകോവിൽ, ആശ്രാമം എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാതെയാണ് കൊല്ലം ഏരിയ സമ്മേളനം ആരംഭിച്ചത്. ഏരിയ കമ്മിറ്റി നേതാക്കളിൽ ചിലർക്ക് ബി.ജെ.പിയുമായുള്ള ബന്ധമാണ് ആരോപണങ്ങളിൽ പ്രധാനം. പ്രസംഗത്തിൽ മാത്രമാണ് ബി.ജെ.പിയോട് എതിർപ്പെന്നും ബി.ജെ.പിയെ തുണക്കുന്നവരാണ് പലനേതാക്കളെന്നും ചില പ്രവർത്തകർ ആരോപിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് മുൻ തൂക്കമുണ്ടായിരുന്ന പല വാർഡുകളിലും ബി.ജെ.പി സി.പി.എമ്മിനേക്കാൾ മുന്നിലെത്തിയ കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു. നേതാക്കൾ ഇഷ്ടമുള്ളവരെ കമ്മിറ്റികളിൽ തിരുകി കയറ്റുന്നുവെന്നതാണ് മറ്റൊരു ആരോപണം.
ജില്ലയിലെ 18 ഏരിയകളിൽ ആദ്യ സമ്മേളനമായ കൊല്ലം ഏരിയാസമ്മേളനം കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ വെള്ളിയാഴ്ച തുടങ്ങി.
ശനിയാഴ്ച രാവിലെ കുന്നത്തുർ സമ്മേളനം ആഞ്ഞിലിമൂട് ലേക്ക് വ്യു ഓഡിറ്റോറിയത്തിൽ നടക്കും. പൊതുസമ്മേളനം ഞായറാഴ്ച വൈകീട്ട് ആഞ്ഞിലിമുട്ടിൽ നടക്കും. പുനലൂർ ഏരിയ സമ്മേളനം ഞായറാഴ്ച സ്വയംവര ഹാളിൽ നടക്കും. പൊതുസമ്മേളനം അഞ്ചിന് വൈകീട്ട് പുനലൂർ മാർക്കറ്റ് ജങ്ഷനിൽ നടക്കും.
അഞ്ചാലുംമൂട് സമ്മേളനം ഒമ്പതിന് അഞ്ചു ഓഡിറ്റോറിയത്തിൽ നടക്കും. പത്തനാപുരം സമ്മേളനം 10ന് പട്ടാഴിയിൽ നടക്കും.
12ന് കൊട്ടിയം സമ്മേളനം മൈലാപൂർ എം.എം.ജെ കൺവൻഷൻ സെന്ററിലും കൊല്ലം ഈസ്റ്റ് സമ്മേളനം രണ്ടാംകുറ്റി ശാരദാ ഓഡിറ്റോറിയത്തിലും നടക്കും.
13ന് കുന്നിക്കോട് സമ്മേളനം ചെങ്ങമനാട് ആരോമ ഓഡിറ്റോറിയത്തിലും ശൂരനാട് സമ്മേളനം ശൂരനാട് വടക്ക് തെക്കെമുറി റബ കൺവെൻഷൻ സെന്ററിലും ആരംഭിക്കും.
കൊട്ടാരക്കര സമ്മേളനം 16ന് ഉമ്മന്നൂർ കെ. ആർ ഉറയമൺ ഓഡിറ്റോറിയത്തിൽ നടക്കും.
കടയ്ക്കൽ സമ്മേളനം 18ന് കടയ്ക്കൽ പഞ്ചായത്ത് ടൗൺഹാളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ചവറ സമ്മേളനം 19ന് അജ്നാജ് കൺവൻഷൻ സെന്ററിൽ നടക്കും.
കുണ്ടറ സമ്മേളനം 22ന് കരിക്കോട് എം.എം.കെ ഓഡിറ്റോറിയത്തിൽ നടക്കും. ചടയമംഗലം സമ്മേളനം 23ന് രാവിലെ കൈരളി ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം 25ന് വൈകീട്ട് ചടയമംഗലം ജങ്ഷനിലും നടക്കും. അഞ്ചൽ സമ്മേളനം 25ന് ഭാരതിപുരം ഓയിൽപാം കൺവൻഷൻ സെന്ററിൽ നടക്കും. നെടുവത്തൂർ സമ്മേളനം 27 മുതൽ 29 വരെ പവിത്രേശ്വരം പൊലിക്കലിൽ നടക്കും.
ചാത്തന്നൂർ സമ്മേളനം 25ന് പരവൂർ എസ്.എൻ.വി ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. കരുനാഗപ്പള്ളി സമ്മേളനം 30ന് പുത്തൻതെരുവ് ഫിസാക്ക ഓഡിറ്റോറിയത്തിലാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.