വിഭാഗീയതയിൽ സി.പി.എം സമ്മേളനങ്ങൾ; സംസ്ഥാന സെക്രട്ടറിയെത്തി
text_fieldsകൊല്ലം: സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച ബ്രാഞ്ച് സമ്മേളനങ്ങളിൽ തുടങ്ങിയ വിഭാഗീയത ലോക്കൽ സമ്മേളനങ്ങളിലേക്ക് എത്തിയപ്പോൾ രൂക്ഷം. ചേരിപ്പോരിന് ജില്ല തലത്തിൽ പരിഹാരം കണാനാവാതെ വന്നതോടെ ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൊല്ലത്തെത്തി. ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെയാണ് ജില്ലയിൽ ചേരിപ്പോര്. ഇത് പാർട്ടിനേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
അഴിമതിയും സാമ്പത്തിക തിരിമറിയും സംബന്ധിച്ച തർക്കങ്ങളാണ് പ്രാദേശിക സമ്മേളനങ്ങളിലെല്ലാം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. പല സമ്മേളനങ്ങളും അലങ്കോലപ്പെടുകയും അംഗങ്ങൾ ഇറങ്ങിപോകുന്നതിലേക്കും എത്തി. കൊല്ലം പോർട്ട് ലോക്കൽ സമ്മേളനമാണ് അവസാനം അലങ്കോലമായത്. ചാത്തന്നൂരിലടക്കം ലോക്കൽ സമ്മേളനങ്ങൾ റദ്ദാക്കി.
പലയിടത്തും ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ചവർ ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു. ശൂരനാട്, വേളമാനൂർ ലോക്കൽ സമ്മേളനങ്ങളിൽ വിഭാഗീയത പരസ്യമായി. പാർട്ടി നേതാക്കളുടെ ബാർ, ക്വാറി ഉടമകളുമായുള്ള അവിഹിത ബന്ധം, സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി, കോഴ വിവാദങ്ങൾ, ഭൂമി കൈയേറ്റം ഇവയൊക്കെയാണ് സമ്മേളനങ്ങളിൽ ചർച്ചയും തർക്കങ്ങളുമാകുന്നത്.
കരുനാഗപ്പള്ളി ഏരിയയിലാണ് വിഭാഗീയത രൂക്ഷം. ഇവിടെ രണ്ട് ലോക്കൽ സമ്മേളനങ്ങൾ സസ്പെൻഡ് ചെയ്തതിനൊപ്പം ഇരുപതോളം ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. ചിലയിടങ്ങളിൽ കൈയാങ്കളിപോലുമുണ്ടായി. അവിടെ സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടേറിയറ്റ് അംഗവും തമ്മിലെ വടംവലി പരിഹരിക്കാനാവാതെ എത്തിയതോടെയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചൊവ്വാഴ്ച ചർച്ചക്കെത്തിയത്. കരുനാഗപ്പള്ളിയിലെ നേതാക്കളെ കൊല്ലത്ത് വിളിച്ചുവരുത്തിയായിരുന്നു ചർച്ച.
പാർട്ടിക്ക് ലഭിച്ച എല്ലാ പരാതികളും പരിശോധിക്കുമെന്ന് ചർച്ചക്ക് ശേഷം എം.വി. ഗോവിന്ദൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അഴിമതിസംബന്ധിച്ച കാര്യങ്ങളൊക്കെ ശരിയായ മെറിറ്റിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനങ്ങൾ അച്ചടക്കത്തോടെ – ജില്ല സെക്രട്ടറി
കൊല്ലം: ജില്ലയിലെ സി.പി.എമ്മിന്റെ സമ്മേളനങ്ങൾ നടക്കുന്നത് അച്ചടക്കത്തോടും കെട്ടുറപ്പോടും കൂടിയാണെന്ന് ജില്ല സെക്രട്ടറി എസ്. സുദേവൻ. സമ്മേളനങ്ങൾ എങ്ങനെ നടത്തണമെന്നും സ്വീകരിക്കേണ്ട നിലപാടുകൾസംബന്ധിച്ചും വ്യക്തമായ ധാരണകളും നിർദേശങ്ങളും നൽകിയിട്ടുണ്ട്.
അത് പൂർണമായും പാലിച്ച് വിജയകരമായി സമ്മേളനങ്ങൾ മുന്നേറുകയാണ്. അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ട് എന്ന നിലയിൽ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. പാർട്ടി കമ്മിറ്റികളിൽ സംസ്ഥാന സെക്രട്ടറിയും നേതാക്കന്മാരും പങ്കെടുക്കുക എന്നുള്ളത് സ്വാഭാവിക നടപടിക്രമമാണ്. നേതാക്കളെ മോശക്കരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ജില്ല സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.