മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കൽ: നിയമം കർശനമായി നടപ്പാക്കും
text_fieldsകൊല്ലം: കോർപറേഷൻ പരിധിയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മുനിസിപ്പൽ ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങൾ കർശനമായി പാലിക്കാൻ കൗൺസിൽ തീരുമാനം. 25 സെന്റിൽ കുറവ് ഭൂമിയുള്ള വീട്ടുവളപ്പുകളിൽ മൃതദേഹങ്ങൾ സംസ്കരിക്കാനോ മറവുചെയ്യാനോ പാടില്ലെന്ന മുനിസിപ്പൽ നിയമം പാലിക്കണമെന്ന് മേയർ പ്രസന്നാ ഏണസ്റ്റ് കൗൺസിൽ യോഗത്തിൽ പറഞ്ഞു.
1മുളങ്കാടകം ശ്മാശാനത്തിന്റെ പരിധിയിൽ വരുന്ന നഗരമേഖലയിൽ മൂന്നിൽ രണ്ട് സംസ്കാരവും വീട്ടുവളപ്പിൽ തന്നെ നടക്കുന്നതായി ചൂണ്ടിക്കാട്ടി ശ്മശാനത്തിന്റെ ഫീസ് പിരിവിന് കരാറെടുത്ത വ്യക്തി കോർപറേഷനെ സമീപിച്ചിരുന്നു. ഇതുസംബന്ധിച്ച അജണ്ടയിലെ ചർച്ചയിലാണ് അനധികൃതമായി മൃതദേഹങ്ങൾ സംസ്കരിക്കുന്നത് അനുവദിക്കരുതെന്ന് കൗൺസിലിൽ അഭിപ്രായമുയർന്നത്.
കേരള മുനിസിപ്പൽ ആക്ട് 486(3) പ്രകാരം നഗരസഭയിൽ രജിസ്റ്റർ ചെയ്തതോ അംഗീകൃതമോ അല്ലാത്ത സ്ഥലത്ത് മൃതദേഹം മറവ് ചെയ്യാനോ ദഹിപ്പിക്കാനോ പാടില്ല. അങ്ങനെ ചെയ്യുന്നുവെങ്കിൽ നഗരസഭയുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങണം. ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു. പവിത്രയും നിയമം പാലിക്കാതെയുള്ള ശവസംസ്കാരം തടയണമെന്ന് ആവശ്യമുന്നയിച്ചു.
അനധികൃതമായി മൃതദേഹം മറവുചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നത് നിരോധിക്കണമെന്നതടക്കം നിർദേശങ്ങളുള്ള അജണ്ട കൗൺസിൽ തുടർന്ന് പാസാക്കി. ഇൻഡ്യൻ കോഫി ഹൗസ് നഗരഹൃദയത്തിൽ തന്നെ നിലനിർത്തുന്നതിന് കോർപറേഷൻ ഇടപെടുമെന്ന് പൊതുചർച്ചക്കുള്ള മറുപടിയിൽ മേയർ പറഞ്ഞു. എസ്.എൻ കോംപ്ലക്സിലോ കോർപറേഷൻ കെട്ടിടങ്ങളുടെ ഏതെങ്കിലും ഭാഗത്തോ കോഫി ഹൗസിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയുമോയെന്ന് പരിശോധിക്കും.
കോഫി ഹൗസ് കൊല്ലം നഗരമധ്യത്തിൽ തന്നെ നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി തൃശൂരിലെ കോഫി ഹൗസ് ആസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നെന്ന് ഡപ്യൂട്ടി മേയർ കൊല്ലം മധു അറിയിച്ചു.
മഴ കനത്ത പശ്ചാത്തലത്തിൽ ഡങ്കിപ്പനി അടക്കം രോഗങ്ങളുടെ വ്യാപനം തടയാനുള്ള ഇടപെടൽ കോർപറേഷൻ നടത്തുമെന്ന് മേയർ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി. എല്ല ഡിവിഷനുകളിലും കൊതുകു നശീകരണത്തിനുള്ള സ്പ്രേയിങ്, ഫോഗിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വ്യാപകമാക്കും. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്തുമാറ്റാൻ മോട്ടോർ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻരായ എസ്. ജയൻ, ജി. ഉദയകുമാർ, ഗീതാകുമാരി, പ്രതിപക്ഷ നേതാവ് ജോർജ് ഡി. കാട്ടിൽ, കൗൺസിലർമാരായ കുരുവുള ജോസഫ്, ജി. സോമരാജൻ, നിസാമുദ്ദീൻ, ടി.ജി. ഗിരീഷ്, ബി. ഷൈലജ, സുമി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.