സൈബര്‍ തട്ടിപ്പ്; ഒരു വർഷം കൊല്ലത്ത് നഷ്ടമായത് 15 കോടി
text_fieldsകൊല്ലം: സിറ്റി പൊലീസ് പരിധിയിൽ സൈബർ തട്ടിപ്പ് വലയിൽ കുരുങ്ങി ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആളുകൾക്ക് നഷ്ടമായത് 15 കോടി രൂപ. 2023 ഏപ്രിൽ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കിലാണ് ഞെട്ടിക്കുന്ന തരത്തിൽ കൊല്ലം നഗരത്തിലെ ആളുകൾ തട്ടിപ്പിനിരയാകുന്ന വിവരങ്ങളുള്ളത്.
ഈ കാലയളവിൽ പൊലീസിന് മുന്നിലെത്തിയ 44 കേസുകളിലായാണ് ഇത്രയും തുക നഷ്ടമായത്. കേസുകളുമായി പൊലീസിനെ സമീപിക്കാത്ത നിരവധി പേരുടെ നഷ്ടം കൂടി ചേരുമ്പോൾ തട്ടിപ്പുസംഘങ്ങൾ വെട്ടിച്ച തുക ഇനിയും കൂടും. 44 കേസുകളിൽ നഷ്ടമായ 15 കോടിയിൽ 2.57 കോടി പൊലീസ് ഇടപെടലിൽ അക്കൗണ്ടുകളിൽ മരവിപ്പിക്കാൻ കഴിഞ്ഞതായി സിറ്റി പൊലീസ് കമ്മീഷണർ വിവേക് കുമാർ പറഞ്ഞു. കോടതി ഇടപെടലിലൂടെ 9.10 ലക്ഷം രൂപ ഉടമകൾക്ക് തിരികെ ലഭിച്ചു. ബാക്കിയുള്ളത് ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ വർഷത്തെ കേസുകളിൽ ഇതുവരെ 37 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 23 പ്രതികൾ പിടിയിലായി.
ഇവരിൽ രണ്ട് ഒഡിഷ സ്വദേശികൾ ഒഴികെ ബാക്കിയെല്ലാവരും മലയാളികളാണ്. പിടിയിലാകാനുള്ള 14 പേർക്കായി അന്വേഷണം ഊർജിതമായി നടക്കുന്നതായും ഇവരെല്ലാം മലയാളികൾ ആണെന്നും കമ്മീഷണർ അറിയിച്ചു. ജില്ലയില്‍ വർധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി. ഇവ നേരിടുന്നതിനായി പൊലീസ് ജില്ലതലത്തില്‍ ജില്ല സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. ട്രോള്‍ ഫ്രീ നമ്പരായ 1930. https://www.cybercrime.gov.in മുഖേന സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാം.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് സൈബര്‍ തട്ടിപ്പുകള്‍:
- ഇന്‍വെസ്റ്റ്മെന്റ്/ട്രേഡിങ്ങ് തട്ടിപ്പ്
- പാഴ്സലുകളില്‍ നിയമവിരുദ്ധമായ സാധനങ്ങള്‍ കണ്ടെത്തിയെന്ന് പറയുക
- ലോട്ടറി/ വ്യാജസമ്മാനം
- ലോണ്‍ആപ്പുകള്‍
- ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്
- കെ.വൈ. സി കാലഹരണപ്പെടല്‍/പുതുക്കൽ
- സെക്സ്റ്റോര്ഷന്, വ്യാജ കസ്റ്റമര്‍ സപ്പോര്‍ട്ട്
- സമ്മാന -തൊഴില്‍ വാഗ്ദാനം
- വ്യാജ ഇ-കൊമേഴ്സ് സൈറ്റുകള്‍
- റിമോട്ട് ആക്സസ് നേടുക
ജാഗ്രത പാലിക്കാം
- പ്ലേ-ആപ്പ് സ്റ്റോറുകളില്‍ നിന്നല്ലാത്ത ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്
- അപരിചിതരില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് സ്ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്
- മറ്റുള്ളവര്‍ ആഡ് ചെയ്യുന്ന വാട്സ് ആപ്പ്/ടെലഗ്രാം ഗ്രൂപ്പുകളില്‍ തുടരരുത്
- ഒ.ടി.പി, പിന് ഇവ പങ്കുവക്കരുത്. പാസ് വേഡുകളും രണ്ട് ഫാക്ടര്‍ ഓതന്റിക്കേഷനും ഉപയോഗിക്കണം
- അറിയപ്പെടാത്ത ഉറവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകളില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ലോഡ് അനുമതികളെ കുറിച്ച് അവബോധം ഉണ്ടാകണം
- ആപ്പ് ഇന്സ്റ്റലേഷന് ബാങ്ക് സംബന്ധമായ വിവരങ്ങള്‍ ബാങ്കില്‍ നിന്നും അന്വേഷിക്കണം
- അപരിചിത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്
- ബാങ്ക് അക്കൗണ്ട് ട്രാന്സാക്ഷന് വിവരങ്ങല്‍ പരിശോധിച്ച് ഉറപ്പുവരുത്തണം
- വെബ്സൈറ്റ് അഡ്രസ്ബാര്‍, ഡൊമൈന്‍ വിവരങ്ങള്‍ ഉറപ്പുവരുത്തണം
- അപരിചിതരുടെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.