തകർന്ന തീരദേശ റോഡിൽ അപകടം പതിയിരിക്കുന്നു
text_fieldsഇരവിപുരം: കൊല്ലം-പരവൂർ തീരദേശ റോഡിൽ കൊല്ലം ബീച്ച് മുതൽ ഇരവിപുരം വരെയുള്ള ഭാഗം തകർന്ന നിലയിൽ. റോഡ് തകർന്നിട്ട് മാസങ്ങൾ ഏറെയായെങ്കിലും പുനർനിർമിക്കാൻ നടപടി ഇല്ലാത്തത് ജനത്തെ വലയ്ക്കുന്നു. പലയിടങ്ങളിലും കടലിനോട് ചേർന്ന റോഡ് ഇടിഞ്ഞ നിലയിലാണ്.
പാപനാശം മുതൽ ഇരവിപുരം വരെയുള്ള ഭാഗത്ത് റോഡ് തകർന്നു കുണ്ടും കുഴിയുമായി. കാക്കതോപ്പ് ഭാഗത്ത് വർഷങ്ങൾക്കു മുമ്പ് കടലെടുത്ത തീരദേശ റോഡ് ഇടിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്. ഗാർഫിൽ നഗറിനടുത്ത് റോഡിൽ വലിയ കുഴി രൂപപ്പെട്ട് മലിനജലം നിറഞ്ഞു. വേളാങ്കണ്ണി കുരിശടിക്ക് സമീപം റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആറ് സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. തകർന്നുകിടക്കുന്ന റോഡിലൂടെയാണ് യാത്രക്കാരുമായി ബസുകൾ തീരത്തോട് ചേർന്ന് കടന്നു പോകുന്നത്. കൊല്ലത്തു നിന്ന് പരവൂരിലേക്ക് എളുപ്പത്തിൽ എത്താനുള്ള ഏക വഴിയാണ് തീരദേശ റോഡ്. കാൽനടയാത്ര പോലും ദുസഹമായ നിലയിലാണ് തകർന്നു കിടക്കുന്നത്. അടുത്ത മഴക്കാലത്തിനു മുമ്പ് റോഡ് പുനർ നിർമിക്കാ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.