ദേശീയപാതയോരത്തെ അപകട മരങ്ങള്‍ നീക്കംചെയ്തു തുടങ്ങി
text_fieldsകുന്നിക്കോട്: കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് അപകടഭീഷണിയിലായിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി തുടങ്ങി. രണ്ട് സെക്ഷനുകളിലായി അമ്പലത്തുംകാല മുതല്‍ കോട്ടവാസല്‍ വരെയാണ് മരങ്ങള്‍ നീക്കംചെയ്യുന്നത്. ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. അമ്പലത്തുംകാല മുതല്‍ പുനലൂര്‍ വരെയുള്ള ഒന്നാം സെക്ഷനിലെ മരങ്ങളാണ് ആദ്യം മുറിക്കുക.
ഏതു നിമിഷവും നിലംപതിച്ച് അപകടം ഉണ്ടാകാവുന്ന തരത്തില്‍ നിരവധി വൃക്ഷങ്ങളാണ് പാതയോരത്ത് ഉണ്ടായിരുന്നത്. മിക്കയിടങ്ങളിലും എതിര്‍വശത്തുനിന്നും വരുന്ന വാഹനങ്ങള്‍ പോലും കാണാന്‍ കഴിയാത്ത തരത്തില്‍ കൂറ്റന്‍മരങ്ങള്‍ റോഡിലേക്ക് ഇറങ്ങി നില്ക്കുന്ന തരത്തിലായിരുന്നു. ഇളമ്പല്‍, വിളക്കുടി, കോട്ടവട്ടം, കഴുതുരുട്ടി, തെന്മല, ആര്യങ്കാവ് മേഖലകളിലാണ് കൂടുതലും അപകടഭീഷണിയായി മരങ്ങള്‍ നില്‍ക്കുന്നത്.
വഴിയോരതണല്‍ മരപദ്ധതി പ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പും വനംവകുപ്പും ചേര്‍ന്നാണ് മരങ്ങള്‍ വെച്ച് പിടിപ്പിച്ചത്. എന്നാല്‍ പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന മരങ്ങള്‍ പലപ്പോഴും യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും അപകടമാണ് വരുത്തിവെക്കുന്നത്. അപകടസ്ഥിതിയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാരും യാത്രക്കാരും തുടര്‍ച്ചയായി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. മൂന്നു മാസംകൊണ്ട് പാതയോരത്തെ നൂറോളം മരങ്ങളാണ് നീക്കം ചെയ്യുക. മുറിച്ചിടുന്ന മരങ്ങള്‍ വനംവകുപ്പ് നിശ്ചയിക്കുന്ന വിലയുടെ അടിസ്ഥാനത്തില്‍ ലേലം ചെയ്ത് നല്‍കും. രണ്ടാം ഘട്ടത്തിലാണ് പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള മരങ്ങള്‍ മുറിക്കുക. തിരക്കേറിയ ദേശീയപാതയില്‍ പൂര്‍ണമായ സുരക്ഷിത മാര്‍ഗങ്ങളോടെയാണ് മരം മുറിക്കൽ. ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.