ജലവിതരണ പൈപ്പ് തകർന്നിട്ട് ദിവസങ്ങൾ; അറ്റകുറ്റപ്പണിക്ക് വേഗംപോര
text_fieldsകരുനാഗപ്പള്ളി: കൊല്ലം നഗരത്തിലെയും നീണ്ടകര പഞ്ചായത്തിലെയും അഞ്ച് ലക്ഷത്തിലേറെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ തകർന്ന് മൂന്ന്ദിനം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണിക്ക് വേഗംപോര.
കുടിവെള്ളക്ഷാമം കാരണം ജന ജീവിതം ദുസ്സഹമായ സ്ഥിതിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട പണി എങ്ങുമെത്താത്ത നിലയിലാണ്. സാങ്കേതിക വൈദഗ്ധ്യം നേടിയ എൻജിനീയറിങ് വിഭാഗത്തെയോ വിദഗ്ധ കമ്പനികളുടെയോ സേവനം തേടാതെയാണ് വാട്ടർ അതോറിറ്റിയുടെ പ്രൃത്തിയെന്നാണ് ആക്ഷേപം. മെല്ലെപോക്ക് തുടർന്നാൽ ജല വിതരണം പൂർവസ്ഥിതി യിലാകാൻ ഏഴ് ദിവസങ്ങൾ വേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ശുദ്ധജലമെത്തിക്കുന്ന മൈൽഡ് സ്റ്റീൽ പൈപ്പ് വഹിച്ചിരുന്ന ടി.എസ് കനാലിന് കുറുകയുള്ള പാലം ബലക്ഷയം കാരണം ഒടിഞ്ഞുവീണതിനെ തുടർന്നാണ് രൂക്ഷമായ ജലക്ഷാമത്തിന് നഗരം സാക്ഷ്യം വഹിക്കുന്നത്.
പകരം സ്ഥാപിക്കാൻ 630 എം.എം വിസ്തൃതിയുള്ള ഹൈ ഡെൻസിറ്റി പോളിതീന്‍ എത്ലൈന് (എച്ച്.ഡി.പി.ഇ) പൈപ്പ് ചെന്നൈയിൽനിന്ന് എത്തിച്ചെങ്കിലും ഇത് ടി.എസ് കനാലിനുകുറുകെ വെള്ളത്തിനടിയിൽ സ്ഥാപിക്കണമെങ്കിൽ ഏറെ ദിവസങ്ങൾ വേണ്ടിവരും.
120 മീറ്റർ നീളത്തിലുള്ള പൈപ്പാണ് പുതുതായി സ്ഥാപിക്കേണ്ടത്. ആറ് മീറ്റർ നീളമുള്ള 20 പൈപ്പുകൾ പരസ്പരം ബന്ധിപ്പിക്കണമെങ്കിൽ സമയം ആവശ്യമാണ്. ഓരോ പൈപ്പുകളും വെൽഡ് ചെയ്തുമണിക്കൂറുകൾക്ക് ശേഷം മാത്രമേ ഇത് യോജിക്കുകയുള്ളൂവെന്നാണ് ടെക്ക്നീഷ്യന്മാര്‍ പറയുന്നത്. താൽക്കാലിക സംവിധാനമെന്ന നിലയിൽ 250 എം.എം വലിപ്പമുള്ള പി.വി.സി പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം നേരിയതോതിൽ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
എന്നാൽ, ഹൈപ്രഷറിൽ നഗരത്തില്‍ ജലമെത്താന്‍ ഏറെ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. 650 എം.എം വലിപ്പമുള്ള പൈപ്പ് സ്ഥാപിച്ചെങ്കില്‍ മാത്രമേ ജലവിതരണം സുഗമമായ നിലയിൽ പൂർവസ്ഥിതിയിലെത്തിക്കാൻ കഴിയൂ.
നഗരത്തിലും നീണ്ടകര പ്രദേശത്തും കുടിവെള്ള വിതരണം നടത്തുന്നതിനായി രൂപവത്കരിച്ച ഇന്‍ഡോ നോര്‍വീജിയന്‍ പദ്ധതികളുടെ ഭാഗമായി നോർവീജിയന്‍ സർക്കാർ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച ജലവിതരണ സംവിധാനമാണ് കോർപറേഷനിലേക്ക് ശാസ്താംകോട്ടയിൽനിന്ന് ചവറ വഴി വരുന്ന പൈപ്പ് ലൈൻ. 2004ലാണ് ദേശീയ ജലപാതയായ ചവറ ടി.എസ് കനാലിനു കുറുകെ സ്ഥാപിച്ചത്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതും പാലത്തിന്റെ തകർച്ചക്ക് കാരണമായതായി എൻജിനീയറിങ് വിഭാഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.