ചത്ത പോത്തുകുട്ടിയെ ചാക്കിലാക്കി റോഡിൽ തള്ളി
text_fieldsകല്ലമ്പലം: നാവായിക്കുളത്ത് ചത്ത പോത്തുകുട്ടിയെ ചാക്കിലാക്കി റോഡിൽ തള്ളി. നാവായിക്കുളം പഞ്ചായത്തിൽ പി.എച്ച്.സിക്ക് സമീപത്തെ റോഡിലാണ് ചത്ത പോത്തുകുട്ടിയെ രണ്ട് ചാക്കുകളിലാക്കി തള്ളിയത്. ആശുപത്രി സ്ഥിതിചെയ്യുന്നത് ജനവാസമേഖലയിലാണ്. കഴിഞ്ഞ ദിവസം രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് സംഭവമറിയുന്നത്.
രക്തം ഒഴുകുന്ന നിലയിൽ ചാക്കുകെട്ടുകൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെട്ടു. നാട്ടുകാർ ആദ്യം ഭയന്നു. തുടർന്ന് വാർഡ് മെംബറെയും പഞ്ചായത്തിലും ആരോഗ്യവിഭാഗത്തിലും വിവരമറിയിച്ചു. എന്നാൽ, ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ വൈകുന്നേരത്തോടെ വാർഡ് അംഗം എത്തി പരിശോധന നടത്തിയപ്പോഴാണ് ചത്ത പോത്തുകുട്ടിയാണെന്ന് മനസ്സിലായത്. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ പുരയിടത്തിൽ മറവുചെയ്തു.
പി.എച്ച്.സി പുളിക്കുന്നത്ത് റോഡിലെ തെരുവുവിളക്കുകൾ കേടായിട്ട് മാസങ്ങൾ കഴിഞ്ഞെന്നും ഇതിന്റെ മറവിൽ പ്രദേശത്ത് മാലിന്യം തള്ളൽ പതിവാണെന്നും വാർഡ് അംഗം അശോകൻ പറഞ്ഞു. പഞ്ചായത്തിലെ ഇടറോഡുകളിലും പ്രധാന പാതകളിലും അറവുമാലിന്യവും ശുചിമുറി മാലിന്യവും തള്ളുന്നത് വർഷങ്ങളായി തുടരുകയാണ്.
ആഴ്ചകൾക്ക് മുമ്പാണ് തൃക്കോവിൽവട്ടം പാടശേഖരത്ത് വൻതോതിൽ ശുചിമുറി മാലിന്യം തള്ളിയത്. തുടർന്ന് കളയെടുക്കാൻ പാകമായ ഏലായിലെ പണികളെല്ലാം മുടങ്ങി. പാടശേഖരസമിതി പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.