കൊല്ലത്ത് വികേന്ദ്രീകൃത അറവുശാലകൾ പരിഗണനയിൽ
text_fieldsകൊല്ലം: നഗരത്തിൽ നിലവിലുള്ള അറവുശാലയിൽ കൂടുതൽ മൃഗങ്ങളെ കശാപ്പു ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയവ പരിഗണനയിൽ. സോണൽതലത്തിൽ അറവുശാലക്ക് സ്ഥലം കണ്ടെത്തിയാൽ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് കൗൺസിൽ യോഗത്തിൽ അറിയിച്ചു.
നിലവിലെ അറവുശാലയിൽ 30 മൃഗങ്ങളിൽ കൂടുതൽ അറവ് നടത്താനാകില്ല. വാർഡുകളിൽ വിവിധ പദ്ധതികൾ വേണമെന്ന് ആവശ്യപ്പെടുന്ന കൗൺസിലർമാർ അറവുശാലക്ക് സ്ഥലം നിർദേശിച്ചാൽ ഏറ്റെടുക്കാൻ കോർപറേഷൻ തയാറാണെന്നും മേയർ പറഞ്ഞു.
അറവുശാലയിൽ ജനറേറ്റർ സ്ഥാപിക്കുന്നതിനുള്ള കരാർ കാലാവധി നീട്ടിനൽകുന്നതുമായി ബന്ധപ്പെട്ട അജണ്ട പരിഗണിക്കവെയാണ് പുതിയത് സംബന്ധിച്ച നിലപാട് മേയർ വ്യക്തമാക്കിയത്. ജനറേറ്റർ സ്ഥാപിക്കുന്നതിനുള്ള കരാർ കാലാവധി പിഴ ഒഴിവാക്കി നീട്ടിനൽകാനും കൗൺസിൽ തീരുമാനിച്ചു. കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് തയാറാക്കിയ പദ്ധതി ഉപേക്ഷിക്കാനും തീരുമാനമെടുത്തു.
കെ.എസ്.ഐ.ഡി.സി-സോൺടാ ഇൻഫ്രാടെക് എന്നീ സ്ഥാപനങ്ങൾക്കാണ് ഇതിനായി കരാർ നൽകിയിരുന്നത്. പദ്ധതി സമയബന്ധിതമായി ആരംഭിക്കാൻ കരാറെടുത്തവർക്ക് കഴിഞ്ഞിരുന്നില്ല. കൗൺസിലിൽ വിഷയം അജണ്ടയായി പരിഗണിച്ചപ്പോഴാണ് പദ്ധതി റദ്ദാക്കാൻ തീരുമാനിക്കാമെന്നും ഇക്കാര്യം സർക്കാറിനെ അറിയിക്കുമെന്നും മേയർ അറിയിച്ചത്.
ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്പെക്ടർമാർ, കൗൺസിലർമാർ എന്നിവരുടെ യോഗം വിളിക്കും. വിവിധ ഡിവിഷനുകളിൽ പൊതുയിടങ്ങളിലെ കാടുവെട്ടിത്തെളിക്കലടക്കം കാര്യക്ഷമമായി നടപ്പാക്കാൻ ബന്ധപ്പെട്ട കൗൺസിലമാർ ശ്രദ്ധിക്കണമെന്ന് മേയർ നിർദേശിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർമാരോട് ആവശ്യപ്പെട്ട് മടുത്തെന്നും അവശ്യം വേണ്ട തൊഴിലാളികളെ വിട്ടുകിട്ടുന്നില്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ ശ്രദ്ധയിൽപെടുത്തി. ഹെൽത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയടക്കം പങ്കെടുപ്പിച്ചുള്ള യോഗത്തിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് മേയർ അറിയിച്ചു.
മഹിള മന്ദിരത്തിൽ അടിയന്തരഘട്ടങ്ങളിൽ മഹിളകളെ താമസിപ്പിക്കാൻ ആവശ്യപ്പെട്ടാൽ സൂപ്രണ്ട് അനുവദിക്കുന്നില്ലെന്ന ജനപ്രതിനിധികളുടെ പരാതി ഗൗരവമായെടുക്കും. മഹിള മന്ദിരം എക്സിക്യൂട്ടിവ് യോഗം വിളിക്കാനും പ്രശ്നം പരിഹരിക്കാനും നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.