പരാതിപ്രവാഹമായി ഡീലിമിറ്റേഷന്‍ കമീഷന് ഹിയറിങ്
text_fieldsകൊല്ലം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വാർഡുകൾ വിഭജിച്ചും പുനർനിർണയിച്ചും ഇറക്കിയ കരട് വിജ്ഞാപനത്തിനെതിരെയുള്ള പരാതികൾ നിറഞ്ഞ് ഡിലിമിറ്റേഷൻ കമീഷന്റെ ജില്ലയിലെ പൊതുഹിയറിങ്. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളും ഡിവിഷനുകളും സംബന്ധിച്ച പരാതികളുമായാണ് ജനപ്രതിനിധികളും രാഷ്ട്രീയപ്രവർത്തകരും സാധാരണക്കാരുമുൾപ്പെടെ ആയിരത്തിലധികം പേർ എത്തിയത്. ജില്ലയിലെ 73 തദ്ദേശ സ്ഥാപനങ്ങളുടെ പരിധികളില്‍നിന്ന് 869 പരാതികളാണ് ഡീലിമിറ്റേഷന്‍ കമീഷന് ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന ഹിയറിങ്ങിൽ പരിഗണിച്ചത്.
പരാതിയുള്ള തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറിയും പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയ എൻക്വയറി ഓഫിസറും ഉൾപ്പെടെ കമീഷന് മുന്നിൽ ഹാജരായി വിവരങ്ങൾ ധരിപ്പിച്ചു. കമീഷന് സെക്രട്ടറിയും എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടറുമായ എസ്. ജോസ്ന മോള്, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, കലക്ടര്‍ എന്‍. ദേവിദാസ്, സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജയശ്രീ, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ബിനുന്‍ വാഹിദ് എന്നിവര്‍ പങ്കെടുത്തു.
തർക്കം കൂടുതൽ അതിർത്തിയിൽ
ജില്ലയിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും വാർഡുകളുടെ അതിർത്തി മാറ്റത്തിനെ കുറിച്ചുള്ളവയായിരുന്നു. സ്വാഭാവിക അതിർത്തി പാലിക്കണം എന്ന നിബന്ധന പാലിക്കപ്പെട്ടില്ല എന്ന പരാതി മുന്നിട്ടുനിന്നു. വാർഡുകളുടെ പേര് മാറിയതും വാർഡുകൾ തന്നെ ഇല്ലാതായതും ഉൾപ്പെടെ പ്രശ്നങ്ങൾ പരാതിക്കാർ ചൂണ്ടിക്കാണിച്ചു. യുക്തിസഹമല്ലാത്ത വാർഡ് രൂപീകരണമാണ് നടന്നതെന്ന പരാതിയാണ് പലരും ഉയർത്തിയത്. വോട്ടു ചെയ്യാൻ പോലും കിലോമീറ്റർ താണ്ടേണ്ടിവരുന്ന സ്ഥിതിയും പരാതിയായി എത്തി. വീടുകള്‍ പുതിയ വാര്‍ഡ് പരിധിയില്‍നിന്ന് മാറ്റണമെന്നും പഴയതില്‍ നിലനിര്‍ത്തണമെന്നുമെല്ലാം ആവശ്യമുയർന്നു.
നേരത്തെ പരാതികൾ സമര്‍പ്പിച്ചവർക്കാണ് പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നത്. ഓച്ചിറ, ശാസ്താംകോട്ട, വെട്ടിക്കവല, കൊട്ടാരക്കര ബ്ലോക്കുകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെയും കരുനാഗപ്പള്ളി, കൊട്ടാരക്കര നഗരസഭകളിലെയും 290 പരാതികളാണ് ആദ്യം പരിഗണിച്ചത്. തുടര്‍ന്ന് പത്തനാപുരം, അഞ്ചല്‍, ചിറ്റുമല, ഇത്തിക്കര ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും പരവൂര്‍ നഗരസഭയിലെയും 286 പരാതികള്‍ പരിഗണിച്ചു.
ഉച്ചക്ക് ശേഷം ചവറ, മുഖത്തല, ചടയമംഗലം ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും പുനലൂര്‍ നഗരസഭയിലെയും കൊല്ലം കോര്‍പറേഷനിലെയും 293 പരാതികളാണ് പരിഗണിച്ചത്.
ലൈറ്റ്ഹൗസ് ഇല്ലാതെ തങ്കശ്ശേരി, പോർട്ട് ഇല്ലാത്ത പോർട്ട്
തങ്കശ്ശേരി എന്നാൽ മനസിലെത്തുന്ന ലൈറ്റ് ഹൗസ് ഇല്ലാത്ത തങ്കശ്ശേരി ഡിവിഷൻ, പോർട്ടിനെ അതിർത്തിക്ക് പുറത്താക്കിയ പോർട്ട് ഡിവിഷൻ, മൂന്നായി മുറിച്ച മങ്ങാട് ഡിവിഷൻ, എങ്ങോട്ടോ മാറിപ്പോയ പട്ടത്താനം ഡിവിഷൻ... പരാതികൾ അങ്ങനെ പലവിധമാണ് കൊല്ലം കോർപറേഷനിൽ നിന്ന് വന്നത്. ഒരൊറ്റ ഡിവിഷൻ കൂട്ടുന്നതിന് 55 ഡിവിഷനും വെട്ടിനുറുക്കികൂട്ടിയെന്ന് പരാതിയുയരുന്ന കോർപറേഷനിലെ പ്രശ്നങ്ങൾ ഉന്നയിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികൾ ഒത്തൊരുമിച്ചാണ് ഹിയറിങ്ങിനെത്തിയത്. കരട് വിജ്ഞാപനത്തിൽ നേരത്തെ തങ്കശ്ശേരി ഡിവിഷനിലായിരുന്ന തങ്കശ്ശേരി ലൈറ്റ് ഹൗസ് ഉൾപ്പെടെ പ്രദേശത്തെ കൈക്കുളങ്ങരയിലേക്കാണ് മാറ്റി ‘പ്രതിഷ്ഠിച്ചത്’.
പോർട്ട് ഡിവിഷനിൽ നിന്ന് പോർട്ടിനെ വെട്ടിമാറ്റി പള്ളിത്തോട്ടത്തിനും നൽകി. ഇത്തരത്തിലുള്ള വിഷയങ്ങൾ നിറഞ്ഞ നൂറോളം പരാതികളാണ് കൊല്ലം കോർപറേഷനിൽ നിന്ന് മാത്രം എത്തിയത്.
മേയർ പ്രസന്ന ഏണസ്റ്റ്, എം. നൗഷാദ് എം.എൽ.എ എന്നിവർ പരാതികൾ സംബന്ധിച്ച് കമീഷനുമായി സംസാരിച്ചു.
തുടർന്നാണ് ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിവിധ സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഉൾപ്പെടെ സംഘം കമീഷന് മുന്നിലെത്തിയത്. അധിക ഡിവിഷൻ വരുന്ന തൃക്കടവൂർ മേഖലയിൽ മാത്രം അതിർത്തി നിർണയിച്ച് വാർഡ് നിർണയിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു. കോർപറേഷനിലെ പരാതികൾ സംസ്ഥാന ഹിയറിങ്ങിൽ പ്രത്യേകം പരിഗണിക്കുമെന്ന് ചെയർമാൻ പ്രഖ്യാപിച്ചു.
ഖനനപ്രദേശത്തെ ഒന്നാക്കരുതെ, വീട് തേടി അവർ വരും
ചവറയിൽ കരിമണൽ ഖനനത്തിന് വീടൊഴിഞ്ഞു പോയവർ തിരിച്ചുവരുമ്പോൾ അവർക്ക് അഭയമൊരുക്കേണ്ട വാർഡുകൾ അതേപടി നിലനിർത്തണമെന്ന ആവശ്യമുയർത്തിയാണ് ചവറ പഞ്ചായത്ത് അംഗം മഡോണ ഹിയറിങ്ങിനെത്തിയത്. ചവറയിലെ കരിത്തുറ, കോവിൽത്തോട്ടം വാർഡുകൾ യോജിപ്പിക്കാനുള്ള വിജ്ഞാപന തീരുമാനത്തിനെതിരെയാണ് പരാതി. ഈ രണ്ട് വാർഡുകളും കെ.എം.എം.എൽ, ഐ.ആർ.ഇ ഖനന പ്രദേശമാണ്. ഇവിടെ ഖനനം നടത്തുന്നതിനായി താൽക്കാലികമായി താമസം മാറിപ്പോയ നിരവധി കുടുംബങ്ങളാണുള്ളത്.
വിലാസം ഉൾപ്പെടെ ഒന്നും മാറ്റാത്ത ഈ കുടുംബങ്ങൾ ഖനനം പൂർത്തിയായ സാഹചര്യത്തിൽ തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് മടങ്ങിവരാൻ കാത്തിരിക്കുകയാണ്. ജനസംഖ്യ കുറവാണെന്ന കാരണത്തിൽ രണ്ട് വാർഡുകൾ കൂട്ടിച്ചേർക്കുമ്പോൾ, തങ്ങളുടെ സ്ഥലത്തേക്ക് തിരിച്ചെത്തുന്നവർ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരികയെന്നാണ് മഡോണ ഡിലിമിറ്റേഷൻ കമ്മിഷന് മുന്നിൽ ചൂണ്ടിക്കാട്ടിയത്. ഈ വിഷയം ഗൗരവമുള്ളതാണെന്നും പരാതി പരിഗണിക്കാമെന്നും ചെയർമാൻ അറിയിച്ചു.
ഇരുകരകളിലായി നീണ്ടകര
ദേശീയപാത 45 മീറ്ററായി ‘വളർന്നപ്പോൾ’ രണ്ട് കരകളിലായി മുറിഞ്ഞുപോയ വിഷമവുമായാണ് നീണ്ടകരയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. മുമ്പും ദേശീയപാതക്ക് ഇരുവശത്തായി വാർഡുകൾ മുറിഞ്ഞാണ് കിടന്നതെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിൽ ഈ അവസ്ഥ അസഹനീയമെന്നാണ് പരാതിക്കാർക്ക് പറയാനുള്ളത്. പഞ്ചായത്തിന്റെ നാലിൽ ഒരു ഭാഗം ദേശീയപാതക്ക് കിഴക്കായും ബാക്കി മുഴുവൻ പടിഞ്ഞാറുമാണ് സ്ഥിതിചെയ്യുന്നത്.
ഇവിടെ ഏഴ് വാർഡുകളാണ് ദേശീയപാതക്ക് ഇരുവശവുമായി മുറിഞ്ഞ് കിടക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഈ അവസ്ഥക്ക് ദേശീയപാതയുടെ പുതിയ വികസനം പരിഗണിച്ച് മാറ്റം ഉണ്ടാകണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
റോഡ് മുറിച്ചുകടക്കാൻ പോലും പാടുപെടുന്ന സ്ഥിതിയിൽ കിലോമീറ്ററുകൾ ചുറ്റി മാത്രം വാർഡിന് ഒരറ്റത്ത് നിന്ന് മറുഭാഗത്തേക്ക് എത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ദേശീയപാത സ്വാഭാവിക അതിർത്തിയായി കണക്കാക്കി തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘം മടങ്ങിയത്.
പരാതികൾ ഫുൾ സിറ്റിങ്ങിൽ പരിഗണിക്കും
കൊല്ലത്ത് വാർഡുകളുടെ അതിർത്തികൾ, പേര് മാറ്റം, വീടുകളും ജനസംഖ്യയും സംബന്ധിച്ച ഏറ്റക്കുറച്ചിൽ, ആകൃതി ഉൾപ്പെടെ പരാതികളാണ് കൂടുതൽ എത്തിയത്. കൊല്ലം കൂടാതെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഹിയറിങ് കഴിഞ്ഞത്. ഫെബ്രുവരി 22ഓടെ ഹിയറിങ് പൂർത്തിയാകും. പരാതികൾ ഡിലിമിറ്റേഷൻ കമീഷൻ ഫുൾ സിറ്റിങ്ങിൽ പരിഗണിക്കും. മാറ്റങ്ങൾ ആവശ്യമെങ്കിൽ അക്കാര്യത്തിൽ തീരുമാനമെടുത്ത് വിജ്ഞാപനത്തിൽ മാറ്റം വരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകും. അത് കൂടി ഉൾപ്പെടുത്തിയാകും മാർച്ച് തുടക്കത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക. തുടർന്നാണ് രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തും മൂന്നാംഘട്ടത്തിൽ ജില്ല പഞ്ചായത്തും വിജ്ഞാപനം വരുന്നത്. മേയിൽ നടപടികൾ പൂർത്തിയാകുന്നതനുസരിച്ചാണ് വോട്ടർ പട്ടിക ക്രമീകരിക്കുന്നത്.
എ. ഷാജഹാൻ (ഡീലിമിറ്റേഷൻ കമീഷൻ ചെയർമാൻ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.