ചക്കുവള്ളിയിലെ പൊതുകിണർ പൊളിച്ച സംഭവം; പുനർനിർമിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്
text_fieldsശൂരനാട്: ചക്കുവള്ളി ജങ്ഷന് സമീപം ചക്കുവള്ളി മലനട റോഡിൽ ദേവസ്വം ബോർഡ് സ്കൂളിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ ഉണ്ടായിരുന്ന പൊതുകിണർ പൊളിച്ചു മാറ്റിയ സംഭവത്തിതൽസ്ഥാനത്ത് പുനർനിർമിച്ച് സംരക്ഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ ഉത്തരവിട്ടു. കിണറിനോട് ചേർന്നുള്ള വസ്തു ഉടമ കെട്ടിട നിർമാണം നടത്തുന്നതിനിടെയാണ് കിണർ പൊളിച്ചത്. 2014 ൽ നടന്ന സംഭവത്തിൽ സി.പി.എം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. പ്രതാപൻ നൽകിയ പരാതിയിൽ 10 വർഷത്തെ വിചാരണക്കൊടുവിലാണ് ഓംബുഡ്സ്മാന്റെ വിധി വന്നത്.
1962ൽ എൻ.ഇ.എസ് ബ്ലോക്ക് പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥലം കണ്ടെത്തി പൊതു പണം മുടക്കി കുടിവെള്ള കിണറുകൾ സ്ഥാപിച്ചത്. ഈ പദ്ധതി പ്രകാരം ചക്കുവള്ളിയിലെ രണ്ട് സെന്റ് പുറമ്പോക്കിൽ സ്ഥാപിച്ചിരുന്ന കിണർ പതിറ്റാണ്ടുകളോളം നാട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നു. പോരുവഴി പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട കിണർ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിൽ ഫണ്ട് മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സ്വകാര്യ വ്യക്തി കിണറിനോട് ചേർന്നുള്ള ഭാഗത്ത് നിർമാണം നടത്തുകയും തുടർന്ന് കിണറിന്റെ ഒരു ഭാഗം പൂർണമായും ഇടിച്ചു നിരപ്പാക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സി.പി.എം പ്രതിഷേധിക്കുകയും സമരപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. തുടർന്നാണ് പാർട്ടി തീരുമാനപ്രകാരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. പ്രതാപൻ ഓംബുഡ്സ്മാനെ സമീപിച്ചത്.
പോരുവഴി പഞ്ചായത്ത് സെക്രട്ടറി, ഓവർസിയർ,താലൂക്ക് സർവെയർ, കിണർ പൊളിച്ച വ്യക്തി, പോരുവഴി പതിനേഴാം വാർഡ് മെമ്പർ എന്നിവരായിരുന്നു എതിർകക്ഷികൾ. വിധി വന്നു രണ്ടുമാസത്തിനകം കിണർ പുനർനിർമിച്ച് സംരക്ഷിച്ചു റിപ്പോർട്ട് ചെയ്യാൻ പോരുവഴി പഞ്ചായത്ത് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഈ പദ്ധതി പ്രകാരം സ്ഥാപിച്ച കിണറുകൾ ഉണ്ടെങ്കിലും മിക്കവയും കൈയേറിയും പൊളിച്ചുമാറ്റിയ നിലയിലും ആണ്. കേസിൽ ഓംബുഡ്സ്മാൻ വിധി മറ്റു സ്ഥലങ്ങളിലും പദ്ധതിയിൽ ഉൾപ്പെട്ടതും കൈയേറിയതും കാലഹരണപ്പെട്ടതുമായ കിണറുകളുടെ കാര്യത്തിലും ബാധകമാവും. വിധിയുടെ പശ്ചാത്തലത്തിൽ അടിയന്തരമായി കിണർ പുനർനിർമിക്കാനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നും കിണർ നിന്നിരുന്ന പുറമ്പോക്ക് ഭൂമി അളന്നു വേർതിരിച്ച് സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരായ എൻ. പ്രതാപൻ, ഡി. വിജയൻ എന്നിവർ ആവശ്യപ്പെട്ടു. പരാതിക്കാർക്ക് വേണ്ടി അഡ്വ. തിരുമല ബിജുവാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.