ഡെങ്കിപ്പനിയും എലിപ്പനിയും പിടിമുറുക്കുന്നു
text_fieldsകൊല്ലം: ഡെങ്കിപ്പനിയും എലിപ്പനിയും ഉൾപ്പെടെ സാംക്രമിക രോഗങ്ങൾ ജില്ലയിൽ പടരുമ്പോഴും പ്രതിരോധം തീർക്കുന്നതിൽ അധികൃതരുടെ അനാസ്ഥ തുടരുകയാണ്. ജില്ലയുടെ മിക്കയിടങ്ങളിലും കൊതുകു നിർമാർജന പരിപാടികൾ നടപ്പായിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഈ മാസം ഇതുവരെ 206 പേർക്ക് ഡെങ്കിപ്പനിയും 11 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 453 പേർക്ക് ഡെങ്കിപ്പനിയും 23 പേർക്ക് എലിപ്പനിയും സംശയിക്കുന്നു. അഞ്ചുപേർ എലിപ്പനി മൂലവും ഒരാൾ ഡെങ്കിപ്പനി മൂലവും മരണമടഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രതിരോധം കാര്യക്ഷമമായില്ലെങ്കിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നത്. അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിൽ കൊതുക് പെരുകുകയാണ്.
ദിവസേന പനിബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും രക്തപരിശോധനയിലൂടെ മാത്രമേ ഡെങ്കിപ്പനി സ്വീകരിക്കാൻ കഴിയൂ. ഉളിയക്കോവിൽ, പാരിപ്പള്ളി, മൈനാഗപ്പള്ളി, മൈലം, തൊടിയൂർ, ശൂരനാട് നോർത്ത്, ശൂരനാട് സൗത്ത് തുടങ്ങിയ മേഖലയിലാണ് കൂടുതലാളുകൾക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നഗരവാസികളിലും രോഗംസ്ഥിരീകരിച്ചത് ആശങ്കക്ക് ഇടയാക്കുന്നു. നെടുമൺകാവ്, ഇടമുളയ്ക്കൽ, കുളക്കട എന്നിവിടങ്ങളിലെ മൂന്നുപേരുടെ മരണം എലിപ്പനിമൂലമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ സംശയിക്കുന്നത്.
എഴുകോൺ സ്വദേശിയായ 62കാരിയും പാരിപ്പള്ളി സ്വദേശിയായ 48 കാരനുമാണ് എലിപ്പനി ബാധിച്ച് മരിച്ച ബാക്കി രണ്ടുപേർ. ശൂരനാട് സൗത്ത് സ്വദേശിയായ 31 കാരിയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ശ്വാസംമുട്ടൽ ഉൾപ്പെടെ മറ്റുരോഗങ്ങൾ ഉള്ളവർക്കും എലിപ്പനി ബാധിച്ചാൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കും. എലിപ്പനി ബാധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ബാക്ടീരിയ കരളിനെയും വൃക്കയെയും ഗുരുതരമായി ബാധിക്കും. ഇതിനിടെ രോഗം സ്ഥിരീകരിച്ചില്ലെങ്കിൽ രോഗിയുടെ ആരോഗ്യനില കൂടുതൽ മോശമാകും. ചെറിയ പനിയുണ്ടെങ്കിലും രോഗ സ്ഥിരീകരണം നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
സ്പ്രേയിങ്ങിന് മരുന്നില്ല
വീട്ടിലെ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചാൽ ആ വീട്ടിലും പരിസരത്തും ഇൻഡോർ സ്പേസ് സ്പ്രേയിങ് (ഐ.എസ്.എസ്) നടത്തണമെന്നാണ് ചട്ടം. എന്നാൽ, ഇത്തരത്തിൽ സ്പ്രേ ചെയ്യാനുള്ള മരുന്നുകൾ ജില്ലയിലില്ല. രോഗബാധിതർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നതിനാൽ വ്യക്തമായ കണക്കും അധികൃതർക്ക് ശേഖരിക്കാൻ കഴിയുന്നില്ല. ഇൻഡോർ സ്പ്രേയിങ് നടത്തിയിരുന്നെങ്കിൽ രോഗ വ്യാപനം തടയാൻ കഴിയും. ഗർഭിണികൾക്ക് പനിയുണ്ടെങ്കിൽ കൃത്യമായ നിരീക്ഷണം വേണമെന്നും ചട്ടമുണ്ട്. ഫോഗിങ് ഉൾപ്പെടെ പ്രവർത്തനങ്ങൾ മഴയ്ക്കു മുന്നോടിയായി നടത്തേണ്ടതുണ്ട്.
ദേശീയ ആരോഗ്യ മിഷനാണ് (എൻ.എച്ച്.എം) ഫണ്ട് ലഭ്യമാക്കേണ്ടത്. മൺസൂണിന് മൂന്നുമാസം മുമ്പ് നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനംപോലും മഴ ആരംഭിച്ചിട്ടും നടന്നിട്ടില്ല.
മഴ പെയ്ത് വെള്ളം കെട്ടിക്കിടക്കുന്നതാണ് കൊതുകുപെരുകാനുള്ള പ്രധാനകാരണം
. ശുചീകരണ തൊഴിലാളികളും പശു, ആട് തുടങ്ങിയവയെ വളർത്തുന്നവരും മറ്റും ഡോക്സിസൈക്ലീൻ ഗുളിക കഴിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും പലരും കഴിക്കാറുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.