രൂപകല്പന നയം; ആദ്യ പദ്ധതിക്ക് കൊല്ലത്ത് തുടക്കം
text_fieldsകൊല്ലം: ഡിസൈന്‍ പോളിസിയുടെ ഭാഗമായുള്ള പദ്ധതികള്‍ സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കിയാല്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രൂപകല്പന നയത്തിന്റെ ഭാഗമായി കൊല്ലം എസ്.എന്‍ കോളജിനു സമീപമുള്ള റെയില്‍വേ മേല്‍പാലത്തിന്റെ അടിവശം സൗന്ദര്യവത്കരിക്കുന്ന പദ്ധതിയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേല്പാലങ്ങളുടെ അടിവശത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലം ജനസൗഹൃദങ്ങളായ മാതൃക പൊതു ഇടങ്ങളാക്കി മാറ്റുന്ന രൂപകല്പന നയത്തിന്റെ (ഡിസൈന്‍ പോളിസി) ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള ആദ്യ പദ്ധതിക്കാണ് കൊല്ലത്ത് തുടക്കമായത്. 2025ല്‍ പുതുവര്‍ഷ സമ്മാനമായി പദ്ധതി പൂര്‍ത്തിയാക്കി സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മേയര്‍ പ്രസന്ന ഏണസ്റ്റ്, കൗണ്‍സിലര്‍മാരായ എ.കെ. സവാദ്, സജീവ് സോമന്, കെ.ടി.ഐ.എല്‍ ചെയര്മാന് എസ്.കെ. സജീഷ്, കലക്ടര്‍ എൻ. ദേവീദാസ്, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ പി. വിഷ്ണുരാജ്, ഡി.ടി.പി.സി സെക്രട്ടറി ജ്യോതിഷ് കേശവ്, കെ.ടി.ഐ.എല്‍ ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ എന്നിവർ സംസാരിച്ചു. കൊല്ലം റെയില്‍വേ മേല്‍പാലത്തിനു കീഴില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 70 സെന്റ് ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയത്. വാക്കിങ് ട്രാക്ക്, സ്ട്രീറ്റ് ഫര്‍ണിച്ചർ, ലഘുഭക്ഷണ കിയോസ്ക്, ബാഡ്മിന്റണ്‍-ബാസ്കറ്റ്ബോള്‍ കോര്‍ട്ട്, ചെസ് ബ്ലോക്ക്, സ്കേറ്റിങ് ഏരിയ, ഓപണ്‍ ജിം, യോഗ-മെഡിറ്റേഷന്‍ സോണ്‍ എന്നിവയാണ് പദ്ധതിയിലുള്ളത്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് പദ്ധതിയുടെ രൂപകല്‍പ്പന നിര്‍വഹിച്ചത്. പദ്ധതി നടപ്പാക്കുന്നതിനായി രണ്ട് കോടി രൂപയുടെ ഭരണാനുമതി നല്കി.
പരിപാലന കാലാവധിയിൽ തകരാറിലാകുന്ന റോഡുകളുടെ ഉത്തരവാദി കരാറുകാർ -മന്ത്രി മുഹമ്മദ് റിയാസ്
കൊല്ലം: ജില്ലയിലെ 86 ശതമാനം റോഡുകളും കരാറുകാരന് ഉത്തരവാദിത്തമുള്ളവയാണെന്നും പരിപാലന കാലാവധിയിൽ തകരാറിലാകുന്ന റോഡുകളുടെ നിർമാണം കരാറുകാർ തന്നെ ഏറ്റെടുത്ത് നടത്തേണ്ടതാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. ഡിസൈൻ പോളിസിയുടെ ഭാഗമായുള്ള ആദ്യ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാലന കാലാവധി പരസ്യപ്പെടുത്തിയതോടെ ജനങ്ങൾ ചോദ്യം ചെയ്യുമെന്ന അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് നിർമാണത്തിൽ ജാഗ്രതയുണ്ടാക്കാൻ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു. പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾ അനാഥമായി കിടക്കുകയാണ്.
അതിന്റെ ഭാഗമായാണ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയിലുൾപ്പെടുത്തിയ റോഡുകൾ നിലവിൽവന്നത്. ഇത്തരം റോഡുകളിൽ പരിപാലന കാലാവധിയും ഉദ്യോഗസ്ഥന്റെയും കരാറുകാരന്റെ ഫോൺ നമ്പർ ഉൾപ്പെടുത്തി നീല ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിലാകെ 2150.675 കിലോമീറ്റർ റോഡുകളിൽ 998 കിലോമീറ്ററാണ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
509 കിലോമീറ്റർ ഡി.എൽ.പി (ഡിഫക്ട് ലൈബിലിറ്റി പീരിയഡ്) എന്ന പദ്ധതിയിലും ഉൾപ്പെടുത്തി. 33.44കോടിയുടെ റണ്ണിങ് കോൺട്രാക്ടിനായി ഭരണാനുമതി ലഭിച്ചു. 30 കിലോമീറ്റർ കൊല്ലം-ആയൂർ റോഡ് ഏഴു വർഷകാലാവധിയിൽ ഒ.പി.വി.ആർ.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 69.6കോടി അനുവദിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയോടു കൂടി നിർമാണം പൂർത്തീകരിക്കുമെന്നാണ് കരുതുന്നത്.
ജില്ലയിലൂടെ കടന്നുപോകുന്ന ആറു വരി ദേശീയപാതയുടെ വികസനത്തിന് 57.31 ഹെക്ടർ സ്ഥലം ഏറ്റെടുത്ത് നൽകിയതിലേക്കായി 606.5 കോടിയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചു. 2025 അവസാനത്തോടുകൂടി പാതയുടെ നിർമാണം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിർമാണപ്രവർത്തനങ്ങൾക്കായി ഇനിമുതൽ ഡിസൈൻ പോളിസിയാകും നടപ്പിലാക്കുക. 61.62 കിലോമീറ്റർ നീളമുള്ള ഗ്രീൻഫീൽഡ് ഹൈവേ കൊല്ലം-ചെങ്കോട്ട ദേശീയ,സംസ്ഥാന പാതയുടെ നിർമാണത്തിന് ജി.എസ്.ടി, റോയൽറ്റി എന്നീ വിഭാഗത്തിൽ ലഭിക്കേണ്ട തുക സംസ്ഥാന സർക്കാർ ഇളവുനൽകിയിട്ടുണ്ട്. ഇതിലൂടെ സർക്കാറിന് നഷ്ടമായത് 317.35കോടിയാണ്.
പൊഴിക്കര റസ്റ്റ് ഹൗസിനായി 34 ലക്ഷവും കൊട്ടാരക്കര റസ്റ്റ് ഹൗസിനായി 75 ലക്ഷവും നവീകരണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ഗ്രീൻഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ട സംയുക്തയോഗം വിളിച്ചുകൂട്ടി തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.