വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും -മന്ത്രി
text_fieldsകൊല്ലം: ആരു വിചാരിച്ചാലും ജനങ്ങളെ സർക്കാറിന് എതിരാക്കാൻ കഴിയില്ലെന്നും ജനങ്ങൾക്കൊപ്പം ചേർന്ന് വികസനവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികം പ്രമാണിച്ചുള്ള പ്രദർശന വിപണനമേള ആശ്രാമം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ അന്തർദേശീയ ഏജൻസികളെല്ലാം കേരളത്തെ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായാണ് വിലയിരുത്തുന്നത്. സിൽവർ ലൈനിന്റെ 65000 കോടിയുടെ നിർമാണ ചെലവ് കേരളത്തിന് താങ്ങാൻ പറ്റും. ഈ തുക കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സക്രിയമാക്കും. കേന്ദ്ര വരുമാനത്തിന്റെ ന്യായമായ പങ്ക് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല. കേരളത്തിന് കിട്ടേണ്ട അർഹമായ വരുമാനം നേടിയെടുക്കാൻ എല്ലാവരും ഒരുമിച്ചു ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു.
സന്നദ്ധസേനയായ ടീം കേരളയുടെ ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പൽ കോർപറേഷൻ തലങ്ങളിൽ നിന്നുള്ള ക്യാപ്റ്റൻ മാർക്കുള്ള യൂനിഫോം വിതരണം മന്ത്രി കെ.എൻ. ബാലഗോപാലും ജില്ലയിൽ നടപ്പാക്കിയ പദ്ധതികളെ കുറിച്ച് മൃഗസംരക്ഷണവകുപ്പ് പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം മന്ത്രി ജെ. ചിഞ്ചുറാണിയും നിർവഹിച്ചു. എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, കലക്ടർ അഫ്സാന പർവീൺ, സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ, ജില്ല വികസന കമീഷണർ ആസിഫ് കെ. യൂസഫ്, എ.ഡി.എം എൻ. സാജിത ബീഗം, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ കുന്നത്ത്, ജില്ല ഇൻഫർമേഷൻ ഓഫിസർ എസ്.എസ്. അരുൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.