ജില്ല ആയുര്‍വേദ ആശുപത്രി വികസനം; മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു
text_fieldsകൊല്ലം: ജില്ല ആയുര്‍വേദ ആശുപത്രിയുടെ സമഗ്രവികസനത്തിനായി ഹാബിറ്റാറ്റ് തയാറാക്കിയ മാസ്റ്റര്‍പ്ലാന്‍ ജില്ല പഞ്ചായത്ത് അംഗീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കി.
100 കോടി രൂപ ചെലവഴിച്ചാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക. രണ്ട് ഏക്കര്‍ 80 സെന്റ് ഭൂമിയിളുള്ള ജില്ല ആയുര്‍വേദ ആശുപത്രിയുടെ നിലവിലുള്ള ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ചരക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ മെഡിസിന്‍ നിലവാരത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം.
57000 സ്‌ക്വയര്‍ഫീറ്റിന്റെ മാസ്റ്റര്‍പ്ലാനാണ് ഹാബിറ്റാറ്റ് അവതരിപ്പിച്ചത്. ആറ് നിലകളുള്ള പുതിയ കെട്ടിടത്തിന്റെ ഓരോനിലകളിലും 13 അറ്റാച്ച്ഡ് ശുചിമുറി സംവിധാനം അടക്കമുള്ള റൂമുകള്‍ ഉള്‍പ്പെടെ 52 റൂമുകള്‍ സജ്ജമാക്കും.
എല്ലാ നിലകളിലും പഞ്ചകർമ ചികിത്സക്കുള്ള സൗകര്യവും ഒരുക്കും. പൈതൃക കെട്ടിടം, യോഗ ഹാള്‍, സ്റ്റാഫ് ക്വാട്ടേഴ്‌സ്, പാർക്കിങ് ഏരിയ, 82 കിടക്കുകളുള്ള ജനറല്‍ വാര്‍ഡ്, റിസര്‍ച്ച് ആൻഡ് ഡെവലപ്‌മെന്റ് ഏരിയ, സീവേജ് ട്രീറ്റ്‌മെന്റ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, എന്‍ട്രന്‍സ് - എക്‌സിറ്റ് സൗകര്യം, ലാന്‍ഡ്‌സ്‌കേപ്, ഗാര്‍ഡന്‍, സൗന്ദര്യവത്കരണം, ഔഷധ ചെടികളുടെ തോട്ടം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ആയുര്‍വേദ പഠനത്തിനും ഗവേഷണത്തിനും ചികിത്സക്കുമുള്ള പ്രധാനപ്പെട്ട ഇടമായി ജില്ല ആയുര്‍വേദ ആശുപത്രി മാറും. എല്ലാ ബ്ലോക്കുകളിലേക്കും പാലിയേറ്റിവ് യൂനിറ്റുകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തും.
ആശുപത്രിയുമായി ബന്ധപ്പെട്ട സ്റ്റാഫ് കോട്ടേജ്, ആയുര്‍വേദ സസ്യ ഉദ്യാനം, പേ- വാര്‍ഡ്, ഇ - ടോക്കണ്‍ സംവിധാനം, ആധുനികവത്കരിച്ച ലൈബ്രറി എന്നിവ സജ്ജീകരിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശയോടെ കേന്ദ്രത്തില്‍നിന്നുള്ള ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭരണാനുമതിയോടെ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. ഗോപന്‍, ജെ. നജീബത്ത്, അനില്‍ എസ്. കല്ലേലിഭാഗം, സെക്രട്ടറി ബിനുന്‍ വാഹിദ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.