കൊല്ലം-തേനി ദേശീയപാത വികസനം; 24 മീറ്ററിൽ നാലുവരിപ്പാതക്ക് വഴിയൊരുങ്ങുന്നു
text_fieldsകൊല്ലം: നിർദിഷ്ട കൊല്ലം-തേനി ദേശീയപാത 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയാകാൻ സാധ്യതയൊരുങ്ങുന്നു. പാതയുടെ വീതി 24 മീറ്ററിൽ തന്നെ വേണമെന്ന് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അവലോകനയോഗത്തിൽ ദേശീയപാത അതോറിറ്റി അധികൃതർ കർശനനിലപാടെടുത്തു. നിലവിലെ എട്ട് മീറ്റർ വീതിയുള്ള പാതയില്‍തന്നെ 16 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന നിലപാടാണ് ജനപ്രതിനിധികൾ ഐകകണ്ഠ്യേന സ്വീകരിച്ചത്. ഇത് സാധ്യമല്ലെങ്കില്‍ മാത്രം 24 മീറ്റര്‍ വീതിയില്‍ ബൈപാസോടെയുള്ള വികസനം പരിശോധിക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ, കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പിന്റെ മാനദണ്ഡപ്രകാരം നിലവിലെ റോഡിൽ കൂടെയുള്ള വാഹനഗതാഗതം പതിനായിരത്തിനുമുകളിൽ ആയതിനാൽ വികസനം 24 മീറ്റർ വീതിയിലാകണമെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി.
ഹൈസ്കൂള്‍ ജങ്ഷന് മുതല്‍ കടവൂര്‍ ഒറ്റയ്ക്കല്‍ വരെയുള്ള റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രത്യേക അലൈന്മെന്റ് പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഈ റോഡ് 24 മീറ്ററിലാകും വികസിപ്പിക്കുക. ഒറ്റക്കൽ മുതൽ പെരിനാട് റെയിൽവേ മേൽപാലം വരെ 24 മീറ്ററാകും വീതി. ജനവാസമേഖലകളും ആരാധനാലയങ്ങളും പട്ടികജാതി ഉന്നതികള്‍, മറ്റ് വാണിജ്യസ്ഥാപനങ്ങള്‍ എന്നിവ ഒഴിവാക്കി നിലവിലുള്ള ഓപ്ഷനില്‍ മാറ്റം വരുത്തിയുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കാനും തീരുമാനിച്ചു. കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ എം.പിമാരും എം.എല്‍.എമാരും യോഗത്തിൽ പങ്കെടുത്തു. കൊല്ലം ഹൈസ്കൂൾ ജങ്ഷൻ മുതൽ 16 മീറ്ററിൽ രണ്ടുവരിപ്പാതയും പെരിനാട് മുതൽ ഭരണിക്കാവ് വരെ ബൈപാസും എന്ന നിർദേശമാണ് ആദ്യം ജനപ്രതിനിധികൾക്കുമുമ്പാകെ ദേശീയപാത അതോറിറ്റി അവതരിപ്പിച്ചത്. ഭരണിക്കാവ് ജങ്ഷനിൽ ഫ്ലൈഓവറും നിർദേശിച്ചിരുന്നു. പിന്നീട് ഫ്ലൈഓവർ നിർമാണം ഉപേക്ഷിച്ച്, റോഡ് നവീകരണം ഹൈസ്കൂൾ ജങ്ഷന് പകരം കൊല്ലം ബൈപാസിൽ കടവൂരിൽനിന്ന് മതിയെന്ന് തിരുത്തി. എന്നാൽ, മുമ്പ് ചേർന്ന യോഗത്തിൽ നാലുവരിപ്പാത നിർദേശം ദേശീയപാതവിഭാഗം ചീഫ് എൻജിനീയർ മുന്നോട്ടുവെച്ചിരുന്നു. പെരിനാട് മുതൽ ഭരണിക്കാവ് വരെ ബൈപാസില്ലാതെ കുണ്ടറ ഇളമ്പള്ളൂർ വഴി ദേശീയപാത ഭരണിക്കാവിൽ എത്തുന്ന നിർദേശമാണുണ്ടായത്.
ഇതുപ്രകാരം പാത ആരംഭിക്കുന്നത് കൊല്ലം ഹൈസ്കൂൾ ജങ്ഷനിൽ നിന്നായിരിക്കും. നാലുവരി, രണ്ടുവരി പാതകളുടെ സാധ്യതകൾ നോക്കി വെള്ളിയാഴ്ച ചേർന്ന കൺസൾട്ടേഷൻ കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനം എടുക്കാനായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അടക്കമുള്ളവർ റോഡ് 16 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചു. കൊല്ലം പെരിനാട് നിന്ന് 24 മീറ്റർ വീതിയിൽ ബൈപാസ് റോഡ് ഭരണിക്കാവ് ഊക്കൻമുക്കിലേക്ക് പുതുതായി നിർമിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. നിലവിൽ അലൈൻമെന്റ് കടന്നുപോകുന്ന മുട്ടം പ്രദേശത്തെ ഒഴിവാക്കി വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാത്ത തരത്തിൽ ശിങ്കാരപ്പള്ളി വഴി ഭരണിക്കാവിലേക്ക് ബൈപാസിന്റെ അലൈൻമെന്റ് പുനർനിർണയിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
ജില്ല കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ എം. മുകേഷ്, കോവൂര്‍ കുഞ്ഞുമോന്, പി.സി. വിഷ്ണുനാഥ്, പഞ്ചായത്ത് ജനപ്രതിനിധികള്‍, ദേശീയപാതവിഭാഗം ഉദ്യോഗസ്ഥര്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.