ട്രിപ്ള്‍ ലോക്ഡൗണിനിടെ പുസ്തകം വാങ്ങാന്‍ നിര്‍ദേശം; രക്ഷാകർത്താക്കള്‍ ആശങ്കയില്‍
text_fieldsകൊല്ലം: രോഗവ്യാപനതോതും രോഗികളും കൂടിയതിനെതുടര്‍ന്ന് ട്രിപ്ള്‍ ലോക്ഡൗണിന് തുല്യമായ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കടവൂരില്‍ കുട്ടികളുടെ പുസ്തകം വാങ്ങാനും ഫീസ് അടയ്ക്കാനും രക്ഷാകർത്താക്കള്‍ വെള്ളിയാഴ്ച സ്‌കൂളിലെത്തണമെന്ന നിര്‍ദേശവുമായി സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെൻറ്.
കടവൂരിൽ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അധികൃതരാണ് വെള്ളിയാഴ്ച രക്ഷാകർത്താക്കളെ നേരിട്ട് സ്‌കൂളിലെത്തണമെന്ന് സ്‌കൂൾ ഗ്രൂപ്പില്‍ സന്ദേശമയച്ചത്. ഇത് രക്ഷാകർത്താക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന കടവൂരിലെ കിഴക്കേകര പ്രദേശത്താണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടേക്കുള്ള വഴികള്‍ െപാലീസ് അടച്ചിരിക്കുന്നതിനാല്‍ മറ്റൊരു വഴിയിലൂടെ സ്‌കൂളിലെത്തണമെന്നാണ് അധികൃതര്‍ സന്ദേശത്തില്‍ പറയുന്നത്. വെള്ളിയാഴ്ചമുതല്‍ ചൊവ്വാഴ്ചവരെ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നിനിടക്ക് എത്താനാണ് നിര്‍ദേശം. സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടാണെന്നറിയിച്ചിട്ടും അധികൃതര്‍ നിലപാട് മാറ്റിയില്ലെന്നും രക്ഷാകർത്താക്കള്‍ പറയുന്നു.
പുസ്തക വിതരണം മാറ്റിവെക്കണമെന്ന് രക്ഷാകർത്താക്കളും വിദ്യാർഥി യുവജനസംഘടനകളും ആവശ്യപ്പെട്ടു. അതേസമയം വെള്ളിയാഴ്ചത്തെ പുസ്തകവിതരണം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കമീഷണര്‍ക്കുള്‍പ്പെടെ ഫോണ്‍വഴി നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. ലോക്ഡൗൺ സമയത്ത് അഡ്മിഷന്‍ ഫീസായ 12,000 രൂപ അടയ്ക്കണമെന്നും അല്ലാത്തപക്ഷം അഡ്മിഷന്‍ ലഭിക്കില്ലെന്നും സ്‌കൂള്‍ അധികൃതര്‍ രക്ഷാകർത്താക്കള്‍ക്ക് അയച്ച സന്ദേശം വിവാദമായിരുന്നു.
പുസ്തകവിതരണം മാറ്റിവെക്കണമെന്നും ഫീസ് പിരിക്കുന്ന വിഷയത്തില്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും എസ്.എഫ്.ഐ തൃക്കടവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി പ്രസിഡൻറ് അനന്ദുവും സെക്രട്ടറി യദുവും അറിയിച്ചു. ലോക്ഡൗൺ സമയത്ത് നടത്തുന്ന സ്കൂളിെൻറ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ട്രിപ്ള്‍ ലോക്ഡൗണില്‍ തീരുമാനിച്ചിരിക്കുന്ന പുസ്തകവിതരണം മാറ്റിവെക്കണമെന്നും ഡി.വൈ.എഫ്.ഐ അഞ്ചാലുംമൂട് ബ്ലോക്ക് സെക്രട്ടറി അനില്‍, ജോയൻറ് സെക്രട്ടറി വിപിന്‍ വിജയന്‍ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.