സമയത്തെ ചൊല്ലി തർക്കം: സ്വകാര്യ ബസുകൾ ഇടിപ്പിച്ചു
text_fieldsകുണ്ടറ: യാത്രക്കാരുമായെത്തിയ ബസുകള്‍ തമ്മിലിടിപ്പിച്ച് ജീവനക്കാരുടെ കലഹം. സമയത്തെ ചൊല്ലിയും യാത്രക്കാരെ വിളിച്ചുകയറ്റുന്നതിലെ തര്‍ക്കവുമാണ് ഇടിയില്‍ കലാശിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴോടെ ഇളമ്പള്ളുര്‍ ക്ഷേത്രത്തിന് മുന്‍വശമുള്ള ബസ് ബേയിലായിരുന്നു സംഭവം.
ചവറ-ഇളമ്പള്ളൂര്‍ റൂട്ടില്‍ സർവിസ് നടത്തുന്ന ബസുകളാണ് പരസ്പരം ഇടിച്ചത്. ബസ് പിന്നിലേക്കെടുത്ത് ഇടിക്കുന്നതിന്റെ വിഡിയോ പിന്നിലെ ബസ് ഡ്രൈവര്‍ പകര്‍ത്തിയത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെത്തത്. തുടര്‍ന്ന് കുണ്ടറ പൊലീസ് ഇരുബസുകളും കസ്റ്റഡിയിലെടുത്തു. ജീവനക്കാര്‍ക്കെതിരെ നരഹത്യശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ഫിറ്റ്നസ് റദ്ദാക്കി
കൊല്ലം: കുണ്ടറയിൽ ഇടിപ്പിച്ച് പരിഭ്രാന്തി പരത്തിയ സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. രണ്ടുബസുകളുടെയും റൂട്ട് പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടിയും തുടങ്ങി. പൊതുഗതാഗത സംവിധാനത്തിൽ ഇത്തരം പ്രവൃത്തി ചെയ്യുന്ന ഡ്രൈവർമാരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനും വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിനുമായി സ്വകാര്യ ബസുകളുടെ സർവിസ് നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്ന് ആർ.ടി.ഒ ഡി. മഹേഷ് അറിയിച്ചു.
വിവരം നൽകാൻ 'ടൈം കിളികൾ'; മത്സരിച്ച് ബസുകൾ
കുണ്ടറ: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള പക യാത്രക്കാരുടെ ജീവനു ഭീഷണിയാകുമ്പോഴും നിയന്ത്രിക്കാൻ പൊലീസിന് കഴിയുന്നില്ല. ബസിലെ 'ടൈം കിളികള്‍' തങ്ങളുടെ ബസിന് മുന്നേ സർവിസ് നടത്തുന്ന ബസില്‍ കയറുകയും അവര്‍ ഓരോ പോയന്റും കടക്കുന്ന സമയം പിറകേ വരുന്ന തങ്ങളുടെ ബസിലെ ജീവനക്കാർക്ക് ഫോണ്‍ വഴി നല്‍കുകയും ചെയ്യും. ഇതനുസരിച്ച് പിറകേ വരുന്ന ബസ് പാഞ്ഞെത്തുന്നതും ഇളമ്പള്ളൂരിൽ നടന്നതു പോലെയുള്ള സംഭവങ്ങള്‍ പതിവാവുകയും ചെയ്യുകയാണ്. ഇതിനെതിരെ നടപടിയെടുക്കാന്‍ ആര്.ടി.ഒ, പൊലീസ് അധികൃതര്‍ തയാറാകാത്തതാണ് ഇവരുടെ വിളയാട്ടത്തിന് കാരണം. ഇളമ്പള്ളൂരില്‍ യാത്രക്കാർ കയറിയ ബസുകള്‍ തമ്മിലിടിപ്പിച്ചത് പൊലീസ് അറിഞ്ഞതും നടപടിയെടുത്തതും മണിക്കൂറുകള്‍ക്ക് ശേഷമാണ്.
ഇളമ്പള്ളൂര്‍ പനംകുറ്റിയില്‍ സ്വകാര്യബസ് സ്റ്റാൻഡ് നിർമിച്ചിട്ടുണ്ടെങ്കിലും മിക്ക ബസുകളും സ്റ്റാൻഡില്‍ കയറില്ല. ഇളമ്പള്ളൂര്‍ കെ.ജി.വി.ഗവ.യു.പിസ്കൂളിന് മുന്നില്‍ സ്കൂള്‍ സമയത്തും ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതനെതിരെ അധികൃതരോ പഞ്ചായത്തോ പൊലിസോ നടപടി സ്വീകരിക്കാത്ത സ്ഥിതിയാണ്. ഇളമ്പള്ളൂര്‍ പഞ്ചായത്തോഫിസിന് മുന്നിലാണ് മിക്ക ബസുകളും തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.