നായ്ക്കളില്‍ ഡിസ്റ്റംപര്‍ രോഗം; മുന്‍കരുതല്‍ സ്വീകരിച്ചതായി മന്ത്രി ചിഞ്ചുറാണി
text_fieldsകൊല്ലം: നായ്ക്കളില്‍ വ്യാപകമായി ഡിസ്റ്റംപര്‍ രോഗം പടരുന്നതായി മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. തൃക്കരുവ, പനയം, കൊറ്റങ്കര, കൊല്ലം കോര്പറേഷന് മേഖലകളിലായി 300 നായ്ക്കളിലാണ് രോഗം കണ്ടെത്തിയത്.
പേവിഷബാധക്ക് സമാനമാണ് രോഗലക്ഷണങ്ങള്‍. കണ്ണില്‍നിന്നും മുക്കില്‍നിന്നും സ്രവങ്ങളോടെ ആരംഭിച്ച് വിറയലും വെട്ടലും തളര്‍ച്ചയും ബാധിച്ച് ജീവന് നഷ്ടമാകും. ചികിത്സകളോട് പ്രതികരിക്കാത്ത രോഗം വളരെ വേഗം കാറ്റിലൂടെയാണ് പടരുക. രോഗം മനുഷ്യരിലേക്ക് പകരില്ല.
രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ജില്ല മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ച് വാക്സിനേഷന് ഉള്‍പ്പെടെയുള്ള പ്രതിരോധ-ബോധവത്കരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായും എടുക്കണം. 45 ദിവസം പ്രായത്തില്‍ ആദ്യ കുത്തിവെപ്പും തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസും എടുക്കണം. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.