ജില്ല വികസന സമിതി പകര്‍ച്ചപ്പനി: ശുചീകരണവും മുന്‍കരുതലും വേണം
text_fieldsകൊല്ലം: മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പകര്‍ച്ചരോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കെ മാലിന്യനിര്‍മാജനത്തിലൂന്നിയുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ജില്ല വികസന സമിതി. കൊതുക്-ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന അഭിപ്രായം ജനപ്രതിനിധികൾ മുന്നോട്ടുവച്ചു.
കിഴക്കന്‍ മേഖലയില്‍ മരം കടപുഴകിയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പി. എസ്. സുപാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിടുന്ന കര്‍ഷകര്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ പ്രതിനിധി പി. എസ്. സജിമോന്‍ ആവശ്യപ്പെട്ടു. സ്കൂള്‍-കോളജ് കേന്ദ്രീകരിച്ച് ലഹരിവ്യാപാരം തടയാനുള്ള നടപടികള്‍ ശക്തമാക്കണമെന്നും നിര്‍ദേശിച്ചു.
കുണ്ടറ കെ.എസ്.ആര്.ടി.സി ഡിപോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് പി. സി. വിഷ്ണുനാഥ് എം. എല്‍. എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിശ്രമകേന്ദ്രത്തില്‍ സ്ഥിരം ജീവനക്കാരെ നിയോഗിക്കണം. ജലവിതരണത്തിന്റെ കാര്യക്ഷമതയും ഉറപ്പാക്കണം.
ഹീമോഫീലിയ രോഗികള്‍ക്ക് താലൂക്ക് ആശുപത്രികളില്‍ ഉള്‍പ്പെടെ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് സി. ആര്. മഹേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. തോടുകള്‍, കുളങ്ങള്‍ തുടങ്ങി ജലസ്രോതസുകള്‍ വൃത്തിയാക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളിലും നിര്‍ദേശങ്ങളിലും സത്വരനടപടി കൈക്കൊള്ളുമെന്ന് കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ലഹരിവ്യാപനം തടയാൻ എക്സൈസിന് നിര്‍ദേശം നല്കി. മഴക്കാല ശുചീകരണം കൂടുതല്‍ കാര്യക്ഷമമാക്കും. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഡി.എം.ഒക്ക് നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.