ജില്ല സജ്ജം; പഴുതടച്ച സുരക്ഷ
text_fieldsകൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമെല്ലാം പൂര്‍ത്തിയാക്കി ജില്ല സുസജ്ജം. വ്യാഴാഴ്ച രാവിലെ സ്ട്രോങ് റൂമുകളില്‍നിന്ന് വോട്ടുയന്ത്രങ്ങള്‍ പുറത്തെടുത്താണ് തെരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥ വിന്യാസത്തിന് തുടക്കമായത്.
ലോക്സഭാ മണ്ഡലപരിധിയില്‍ ഉള്‍പ്പെടുന്ന നിയോജമണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍നിന്ന് അസി. റിട്ടേണിങ് ഓഫിസര്‍മാരുടെ ചുമതലയിലാണ് വോട്ടിങ് സാമഗ്രികള്‍ കൈമാറിയത്. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വെളിച്ചം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയതായി ജില്ല വരണാധികാരിയായ കലക്ടർ എൻ. ദേവിദാസ് വ്യക്തമാക്കി.
അടിയന്തര ഘട്ടങ്ങളിലേക്കുള്ള വീല്‍ചെയറുകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ അസംബ്ലി മണ്ഡലത്തിലും അഞ്ചു വീതം മാതൃക പോളിങ് സ്റ്റേഷനുകളും ഓരോ സ്ത്രീസൗഹൃദ പിങ്ക് പോളിങ് സ്റ്റേഷനുകളുമുണ്ട്. പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ്, സെക്കൻഡ്, തേഡ് പോളിങ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയാണ് ബൂത്ത്തല സംവിധാനം.
ജില്ലയൊട്ടാകെ 1951 ബൂത്തുകളിലായി 9250 ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് നടത്തിപ്പിനുള്ളത്. 2325 പ്രിസൈഡിങ് ഓഫിസര്‍മാർ, 2325 ഫസ്റ്റ് പോളിങ് ഓഫിസര്‍മാർ, 4650 സെക്കൻഡ് -തേഡ് പോളിങ് ഓഫിസര്‍മാർ എന്നിവരുടെ വിന്യാസം പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളില്‍ എത്തി ക്രമീകരണങ്ങള്‍ നടത്തി തെരഞ്ഞെടുപ്പ് ദിന പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി.
പഴുതടച്ച സുരക്ഷക്കായി കേരള പൊലീസിന് പുറമേ തമിഴ്നാട്, കേന്ദ്ര പൊലീസ് സംഘങ്ങളാണുള്ളത്. പ്രശ്നബാധിതമെന്ന് കണ്ടെത്തിയ 88 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനവും സുരക്ഷ മുന്‍കരുതലും മൈക്രോ ഒബ്സര്‍വര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
ഇവിടെയാണ് കേന്ദ്ര സേന സുരക്ഷയൊരുക്കുന്നത്. ആകെ 1460 പോളിങ് സ്റ്റേഷനുകളിലാണ് സി.സി.ടി.വി സംവിധാനം ഒരുക്കിയിട്ടുള്ളത്. 99 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, 33 ഫ്ലൈയിങ് സ്ക്വാഡുകള്‍, 22 വിഡിയോ സര്‍വൈലന്‍സ് സംഘങ്ങള്‍, 11 വിഡിയോ വ്യൂയിങ് ടീമുകള്‍, 12 ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകള്‍, മൂന്ന് മോഡല്‍ കോഡ് ഓഫിസര്‍മാര്‍ എന്നിവരും നിരീക്ഷണരംഗത്തുണ്ട്. ഇലക്ഷൻ വാർ റൂം വഴിയാണ് സുരക്ഷ ഏകോപനവും നടത്തുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ സെക്ടറില്‍ ഓഫിസര്‍മാര്‍ക്ക് ഓരോ ബൂത്തിന്റേയും ചുമതലയുള്ള ഡിവൈ.എസ്.പിക്ക് വിവരം കൈമാറാനുമാകും.
പുനലൂരിൽ 2.06 ലക്ഷം വോട്ടർമാർ
പുനലൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലുൾപ്പെട്ട പുനലൂർ നിയോജകമണ്ഡലത്തിൽ 2,06,363 വോട്ടർമാർ ബൂത്തിലേക്ക്. സമാധാനപരമായി വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. നിയോജകമണ്ഡലത്തിൽ 196 പോളിങ് ബൂത്തുകളുണ്ട്. 19 സെക്ടറായി തിരിച്ചാണ് ക്രമീകരണം വരുത്തിയത്. ഇത്തവണ 2,06,363 വോട്ടുണ്ട്. 1,08,513( സ്ത്രീകൾ), 97,848(പുരുഷന്മാർ) രണ്ട് ( ട്രാൻസ്ജെൻഡർ).
കൂടുതൽ വോട്ട് ഏരൂർ പഞ്ചായത്തിലെ പത്തടി പി.പി.എം എൽ.പി സ്കൂളിലെ 135 ാംനമ്പർ ബൂത്തിലും കുറവ് ആര്യങ്കാവിലെ അമ്പനാട് ഗ്യാപ് ഡിവിഷൻ ബംഗ്ലാവിലെ ഇ.35 ലെ 163 ാം നമ്പർ ബൂത്തിലുമാണ്. ബൂത്ത് 135 ൽ 698 പുരുഷൻമാരും 767 സ്ത്രീകളും ഉൾപ്പെടെ 1465 വോട്ടർമാരും 163 ൽ 71 പുരുഷന്മാരും 69 സ്ത്രീകളും ഉൾപ്പെടെ 140 വോട്ടാണുള്ളത്. കരവാളൂർ ഗവ.എൽ.പി.എസിലെ നമ്പർ 42 ബൂത്താണ് സ്ത്രീ സൗഹൃദ ബൂത്ത്.
ബൂത്തുകളിലെല്ലാം വോട്ടുയന്ത്രം ഉൾപ്പെടെ ആവശ്യമായ എല്ലാ സാമഗ്രികളും വ്യാഴാഴ്ച എത്തിച്ചു പോളിങ് ഉദ്യോഗസ്ഥർ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി. പ്രശ്നബാധിതമായുള്ള നാല് ബൂത്തുകളിൽ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തി. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ പുനലൂർ ഗവ.എച്ച്.എസ്.എസിൽ വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആരംഭിച്ച വിതരണം ഉച്ചക്ക് ഒന്നരയോടെ പൂർത്തിയായി.
പോളിങ് സാമഗ്രികളും ഉദ്യോഗസ്ഥരുമായുള്ള ആദ്യവണ്ടി 10.30 ഓടെ ഇവിടെനിന്നും പുറപ്പെട്ടു. സാമഗ്രികളുടെ വിതരണത്തിന് 14 കൗണ്ടറുകൾ ഒരുക്കിയിരുന്നു. അസി.റിട്ടേണിങ് ഓഫിസർ പുനലൂർ ആർ.ഡി.ഒ സോളി ആൻറണി, തഹസിൽദാർ എം.എസ്. ഷാജു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.