ദുരന്തനിവാരണത്തിന് ജില്ല സജ്ജം; ദുരന്ത മുന്നൊരുക്കവുമായി മോക്ഡ്രില്‍
text_fieldsകൊല്ലം: ദുരന്തസാഹചര്യങ്ങളെ നേരിടാന്‍ ജില്ല സുസജ്ജമെന്ന് തെളിയിച്ച് മോക്ഡ്രിൽ. മണ്ണിടിച്ചിലും ചുഴലിക്കാറ്റും വാതകചോര്‍ച്ചയും ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുണ്ടാകുമ്പോള്‍ എങ്ങനെ അഭിമുഖീകരിക്കണം, എന്തെല്ലാം നടപടികൾ രക്ഷാപ്രവർത്തനത്തിന് സ്വീകരിക്കണം ഉൾപ്പെടെ കാര്യങ്ങളിൽ പ്രായോഗിക അറിവ് പകർന്ന മോക്ഡ്രില്‍ ജില്ലയിലെ രക്ഷാസേനകളുടെ കഴിവ് വിലയിരുത്തി. ജില്ലയിലെ പരീക്ഷണം വിജയമായിരുന്നെന്നും ജില്ല ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ എന്‍. ദേവിദാസ് വ്യക്തമാക്കി.
ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പാരിപ്പള്ളിയിലും തെന്മലയിലുമായാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്. മണിക്കൂറില്‍ 60 മുതല്‍ 91 വരെ കിലോമീറ്റര്‍ വേഗത്തിലുള്ള അതിതീവ്ര ചുഴലിക്കാറ്റ് സംഭവിച്ചാല്‍ ദുരന്തനിവാരണ-പ്രതികരണ സേനകളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയുമെല്ലാം കൂട്ടിയിണക്കി എങ്ങനെ നേരിടുമെന്നതിന്റെ മാതൃകയാണ് മോക് ഡ്രില്ലിലൂടെ അവതരിപ്പിച്ചത്. ശക്തമായ കാറ്റിലും മഴയിലും തെന്മല നാഗമല എസ്റ്റേറ്റിന് സമീപം വീടുകള്‍ തകരുന്നതും മരങ്ങള്‍ വീഴുന്നതും മണ്ണിടിച്ചിലുണ്ടാകുന്നതുമായിരുന്നു രണ്ടാമത്തെ മോക്ഡ്രില്ലില്‍.
കലക്ടര്‍ എന്‍. ദേവിദാസ്, എ.ഡി.എം ജി. നിര്‍മല്‍കുമാര്‍ എന്നിവർ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ആശയവിനിമയ ഉപാധികളുടെ അഭാവത്തില്‍ ഹാം റേഡിയോ ഉള്‍പ്പെടെ സംവിധാനങ്ങളിലൂടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം കലക്ടറേറ്റില്‍ സജ്ജമാക്കിയ കണ്ട്രോള് റൂമിലൂടെ നിര്‍വഹിച്ചാണ് മോക്ഡ്രില്‍ പൂര്‍ത്തിയാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.