മഴക്കെടുതി നേരിടാന്‍ ജില്ല സജ്ജം; മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലതല അവലോകന യോഗം ചേര്‍ന്നു
text_fieldsകൊല്ലം: ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലതല അവലോകന യോഗം. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ല സജ്ജമാണെന്ന് മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
മഴക്കെടുതി നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ നടന്നുവരുന്നെന്നും ആശങ്ക വേണ്ടെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
നാശനഷ്ടങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വിലയിരുത്തുകയും നടപടികള്‍ കാര്യക്ഷമമാക്കണമെന്നും വകുപ്പ് മേധാവികള്‍ക്ക് മന്ത്രി നിർദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ല ഭരണകൂടം സജ്ജമാണെന്ന് വിലയിരുത്തിയ മന്ത്രി ജെ. ചിഞ്ചുറാണി, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങള്‍ വഴി ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുമെന്ന് പറഞ്ഞു. ആശുപത്രികളില്‍ മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കും. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക തയാറാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംവിധാനമുണ്ടാക്കി. താലൂക്ക് കേന്ദ്രങ്ങളില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ പറഞ്ഞു.
ആലപ്പാട് മേഖലയില്‍ കടല്‍ഭിത്തി നിര്‍മാണം ഊര്‍ജിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജലവിഭവ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജലദൗര്‍ബല്യം നേരിടുന്ന മേഖലകളില്‍ ആവശ്യമായ സേവനം സാധ്യമാക്കുമെന്നും എ.എം. ആരിഫ് എം.പി പറഞ്ഞു. ജലജന്യ രോഗങ്ങള്‍ തടയാൻ നടപടികള്‍ ഊർജിതമാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയും ആവശ്യപ്പെട്ടു.
പ്രശ്‌നബാധിത മേഖലകളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാൻ നടപടികള്‍ ദ്രുതഗതിയിലാണെന്ന് അഭിപ്രായപ്പെട്ട പി.എസ്. സുപാല്‍ എം.എല്‍.എ, ജില്ലയിലെ ഒറ്റപ്പെട്ട ആദിവാസി മേഖലകളില്‍ പ്രത്യേക സുരക്ഷാസേനയെ സജ്ജമാക്കുമെന്ന് കൂട്ടിച്ചേർത്തു. ഇവിടെ താല്‍ക്കാലിക അഗ്നിശമനസേന യൂനിറ്റ് സജ്ജീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പടിഞ്ഞാറന്‍ മേഖലയില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ സുരക്ഷാസേനയെ ആ പ്രദേശങ്ങളില്‍ സജ്ജീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സി.ആര്‍. മഹേഷ് എം.എല്‍.എ പറഞ്ഞു. കോര്‍പറേഷന്‍ പരിധിയില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിന്‍റെ ഭാഗമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കി.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേക യോഗം ചേരും. ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ ഉറപ്പുവരുത്താനും യോഗം നിർദേശിച്ചു.
എം. മുകേഷ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേല്‍, സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫ്, എ.ഡി.എം ആര്‍. ബീനാറാണി, വിവിധ വകുപ്പുതല മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.