ജില്ല റവന്യൂ അസംബ്ലി; പട്ടയവിതരണം വേഗത്തിലാക്കാന്‍ നിര്‍ദേശം
text_fieldsകൊല്ലം: എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട് എന്ന റവന്യൂ വകുപ്പിന്റെ ലക്ഷ്യത്തിന് സഹായമാകുന്ന ‘ഭൂരഹിതരില്ലാത്ത പുനലൂര്‍’ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി കെ. രാജന്. വിഷന്‍ ആൻഡ് മിഷന് 2021-26 നാലാമത് ജില്ല റവന്യൂ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ‘ഭൂരഹിതരില്ലാത്ത പുനലൂര്‍’ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സ്ഥലം കണ്ടെത്തണമെന്ന പി.എസ്. സുപാല്‍ എം.എല്‍.എയുടെ ആവശ്യം പരിഹരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിർദേശം നല്കി. 15 വില്ലേജുകളാണ് താലൂക്കിലുള്ളത്.
പലയിടത്തും സ്ഥലമുണ്ട്. ഡിജിറ്റല്‍ റീസർവേ നടപടിയില്‍ പുനലൂരിലെ വില്ലേജുകള്‍ക്ക് മുന്‍ഗണന നല്‍കണം. സർവേ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഭൂമി കണ്ടെത്തി അനുവദിച്ചാല്‍ 10,000 പേര്‍ക്ക് ഭൂമിയും അതിന് പട്ടയവും നല്‍കാനാവുമെന്ന് പി.എസ്. സുപാല്‍ റവന്യു അസംബ്ലിയില്‍ പറഞ്ഞു. കുണ്ടറ മണ്ഡലത്തിലെ പൊലീസ് സ്റ്റേഷന് അനുവദിച്ച ഭൂമിയില്‍ കൃഷിവകുപ്പ് ഓഫിസ് കെട്ടിട നിര്‍മാണം തുടങ്ങിയ സംഭവം ഗൗരവത്തില്‍ പരിശോധിക്കണമെന്ന് പി.സി. വിഷ്ണുനാഥ് നിർദേശിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ എഫ്.ഐ.ആര് രേഖപ്പെടുത്തിയിരിക്കുന്ന ഈ സംഭവം അടിയന്തര പ്രാധാന്യത്തോടെ പരിശോധിക്കുമെന്ന് കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. വിഷയത്തില്‍ ഇടപെട്ട റവന്യൂ മന്ത്രി, പൊലീസിന് ഉചിതമായ ഭൂമി കണ്ടെത്തി നല്‍കാനാകുമോയെന്ന് പരിശോധിക്കാന്‍ കലക്ടര്‍ക്ക് നിർദേശം നല്കി. വില്ലേജ് ഓഫിസുകളില്‍ ഫ്രണ്ട് ഓഫിസ് സംവിധാനം വേണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു. കുന്നത്തൂര്‍ മണ്ഡലത്തില്‍ നിരവധിപേര്‍ക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ടെന്ന് കോവൂര്‍ കുഞ്ഞുമോന് അസംബ്ലിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. എം.എല്‍.എ ചൂണ്ടിക്കാട്ടിയ കുളം പുറമ്പോക്ക് വിഷയത്തില്‍ കലക്ടര്‍ നേരിട്ട് ഇടപെടണമെന്ന് മന്ത്രി നിർദേശിച്ചു.
‘ജനപക്ഷം ചാത്തന്നൂര്‍’ പദ്ധതിയില്‍ മണ്ഡലത്തിലെ മുഴുവന്‍ വില്ലേജുകളും സാങ്കേതിക മികവോടെ നവീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാറിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ മണ്ഡലത്തിലെ വില്ലേജുകളെ ഉള്പ്പെടുത്തേണ്ടിവന്നില്ല. എങ്കിലും ജനപക്ഷം ചാത്തന്നൂരിന് റവന്യൂ മന്ത്രി വലിയ പിന്തുണയാണ് നല്‍കുന്നത്. റവന്യൂ വകുപ്പിന്റെ സ്മാര്‍ട്ട് പരിപാടികളിലടക്കം ജനങ്ങള്‍ക്ക് അവബോധം നല്കുന്ന ഡിജിറ്റല്‍ ഫ്രണ്ട് ഓഫിസുകള്‍ കൂടി വേണം. അതോടെ ജനപക്ഷം ചാത്തന്നൂരിന്റെ പ്രഖ്യാപനം നടത്താനാകുമെന്നും എം.എല്‍.എ പറഞ്ഞു. ചാത്തന്നൂര്‍ താലൂക്ക് രൂപവത്കരിക്കണം, റോഡ്, കായല്‍ പുറമ്പോക്ക് എന്നീ പ്രശ്നങ്ങളും എം.എല്‍.എ ഉന്നയിച്ചു. കുലശേഖരപുരം വില്ലേജിന്റെ തണ്ടപ്പേര് വിഷയം പരിഹരിക്കണമെന്ന് കരുനാഗപ്പള്ളി എം.എല്‍.എ സി.ആര് മഹേഷ് ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളി റവന്യൂ ടവര്‍ നിർമിക്കാന്‍ ഭൂമി അനുവദിക്കണം. ഹൈവേ വികസനത്തിനായി സ്ഥലം ഏറ്റെടുത്ത ഘട്ടത്തില്‍ നിരവധി റവന്യൂ ഓഫിസ് കെട്ടിടങ്ങള്‍ നഷ്ടമായ സാഹചര്യത്തിലാണ് റവന്യൂ ടവര്‍ ആവശ്യമായി വരുന്നത്. സമാര്‍ട്ട് വില്ലേജുകളില്‍ സാങ്കേതിക സംവിധാനങ്ങള്‍ കൂടി അനുവദിക്കണം എന്ന് സുജിത് വിജയന് പിള്ള ആവശ്യപ്പെട്ടു. ഡാഷ് ബോര്‍ഡിലെ സ്ഥിതിവിവരം പരിശോധിച്ച് പുതുക്കി നല്‍കണം എന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ റവന്യു അസംബ്ലിയിലെത്തി അഭിപ്രായങ്ങളും മണ്ഡലത്തിലെ ആവശ്യങ്ങളും രേഖാമൂലം നല്കി. ജില്ലയിലെ മറ്റു രണ്ട് മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍ എന്നിവര്‍ അവധി അറിയിച്ച് നിർദേശങ്ങള്‍ അസംബ്ലിയിലേക്ക് അയച്ചിരുന്നു. ലാന്‍ഡ് റവന്യൂ കമീഷണര്‍ ഡോ.എ. കൗശിഗന്, ഡെപ്യൂട്ടി കമീഷണര്‍ എ. ഗീത, സർവേ ഡയറക്ടര്‍ സിറാം സാംബശിവ റാവു എന്നിവരും മറ്റ് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.