ജില്ല സ്കൂൾ ശാസ്ത്രോത്സവം പുനലൂരിൽ
text_fieldsകൊല്ലം: ജില്ല സ്കൂൾ ശാസ്ത്രോത്സവം വ്യാഴം, വെള്ളി ദിവസങ്ങളിൽ പുനലൂരിൽ നടക്കും. പുനലൂർ ഗവ. എച്ച്.എസ്.എസ്, സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പ്രധാന വേദികൾ. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളകളിലായി 3500ലധികം പ്രതിഭകൾ മാറ്റുരക്കും.
വ്യാഴാഴ്ച പുനലൂർ സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂളിൽ പ്രവൃത്തി പരിചയമേളയും ഗവ.എച്ച്.എസ്.എസിൽ സാമൂഹ്യശാസ്ത്രമേളയും നടക്കും. വെള്ളിയാഴ്ച ഗവ.എച്ച്.എസ്.എസിൽ ശാസ്ത്രമേളയും സെന്റ് ഗൊരേറ്റി എച്ച്.എസ്.എസിൽ ഗണിതശാസ്ത്രമേളയും നടക്കും.
വ്യാഴാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യും. പുനലൂർ നഗരസഭ ചെയർപേഴ്സൻ ബി. സുജാത അധ്യക്ഷത വഹിക്കും. സാമൂഹ്യ ശാസ്ത്രമേളയിൽ 336, ഗണിതശാസ്ത്ര മേളയിൽ 574, ശാസ്ത്രമേളയിൽ 506, പ്രവൃത്തിപരിചയ മേളയിൽ 1214, ഐ.ടിമേളയിൽ 327 എന്നിങ്ങനെയാണ് ഉപജില്ലകളിൽനിന്ന് യോഗ്യത നേടി ജില്ലതല മത്സരത്തിനെത്തുന്നവരുടെ എണ്ണം.
അധ്യാപകരുടെ ടീച്ചിങ് എയ്ഡ് മത്സരങ്ങളും നടക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുനലൂർ നഗരസഭ വൈസ് ചെയർമാൻ ഡി. ദിനേശൻ അധ്യക്ഷത വഹിക്കും. വാർത്ത സമ്മേളനത്തിൽ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ, പബ്ലിസിറ്റി കൺവീനർ അനിൽകുമാർ, ഹയർ സെക്കൻഡറി കോഓഡിനേറ്റർ പോൾ ആന്റണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.