ജില്ല സ്കൂൾ കായികമേള നാലുമുതൽ കൊല്ലത്ത്
text_fieldsകൊല്ലം: റവന്യൂ ജില്ല സ്കൂൾ കായികമേള നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ കൊല്ലം ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ 12 ഉപജില്ലകളിൽനിന്ന് 2500ൽപരം കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും.
ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനം നേടിയ കായികതാരങ്ങളാണ് ജില്ല മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും.
സബ് ജൂനിയർ വിഭാഗത്തിൽ 10ഇനങ്ങളിലും ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 19 ഇനങ്ങളിലുമാണ് മത്സരങ്ങൾ. ഇതോടനുബന്ധിച്ച് ആൺകുട്ടികളുടെ വിഭാഗത്തിൽ ആറു കിലോമീറ്ററും പെൺകുട്ടികൾക്ക് നാല് കിലോമീറ്ററും ക്രോസ് കൺട്രി മത്സരവും ഉണ്ടാവും.
നാലിന് രാവിലെ 10 ന് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ അധ്യക്ഷത വഹിക്കും.
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് മുഖ്യസന്ദേശം നൽകും. ആറിന് വൈകീട്ട് 3.30ന് സമാപന സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. കോർപറേഷൻ കായിക വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എസ്. സവിതാദേവി അധ്യക്ഷത വഹിക്കും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ലാൽ കെ.ഐ സമ്മാനദാനം നിർവഹിക്കും.
ഇതോടൊപ്പമുള്ള ജില്ല ഗെയിംസ് മത്സരങ്ങൾ പുരോഗമിക്കുന്നു. 12 ഗ്രൂപ് ഇനങ്ങളിലായി 36 ഇന മത്സരങ്ങളാണുള്ളത്. ആറ് ഗ്രൂപ്പ് ഇനങ്ങളിലായി 20 ഗെയിംസ് മത്സരങ്ങൾ നടന്നു. ഇനി 16 മത്സരങ്ങൾ കൂടി നടക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഇന്ദിരാകുമാരി ജെ, ജില്ല സ്പോർട്സ് കോഓഡിനേറ്റർ മുഹമ്മദ് റാഫി, ജില്ല സ്പോർട്സ്ആൻഡ് ഗെയിംസ് സെക്രട്ടറി എസ്. പ്രദീപ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.