നിരത്തുകളില്‍ ഭീതി വിതച്ച് നായ്ക്കള്‍; തെരുവുനായ് നിയന്ത്രണ പദ്ധതികൾ പാതിവഴിയിലുപേക്ഷിച്ചു
text_fieldsകുളത്തൂപ്പുഴ: തെരുവുനായ് നിയന്ത്രണ പദ്ധതികള്‍ പാതിവഴിയിലുപേക്ഷിച്ച് അധികൃതര്‍. ഗ്രാമവീഥികളില്‍ ഭീതി വിതച്ച് തലങ്ങുംവിലങ്ങും പായുന്ന തെരുവു നായ്ക്കൂട്ടങ്ങള്‍ പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാകുകയാണ്.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ഭരണസമിതി പ്രഖ്യാപിച്ച തെരുവുനായ് നിയന്ത്രണ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ നായ്ക്കളുടെ പുനരധിവാസ കേന്ദ്രത്തിനായി കല്ലുവെട്ടാംകുഴിയിലെ പൊതുശ്മശാനത്തിനോട് ചേര്‍ന്ന സ്ഥലത്ത് കെട്ടിടം നിർമിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
പഞ്ചായത്ത് പ്രദേശത്ത് അലഞ്ഞുനടക്കുന്ന തെരുവുനായ്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയശേഷം ഒരാഴ്ചയോളം പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് സംരക്ഷിച്ച് ശേഷം തനത് ആവാസ വ്യവസ്ഥയിലേക്ക് മടക്കി അയക്കുക വഴി വംശവർധന നിയന്ത്രിക്കുക എന്നതായിരുന്നു പദ്ധതി.
എന്നാൽ, കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി കരാറുകാരന് തുകയും വാങ്ങി പോയതല്ലാതെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള ഒരു തുടര്‍നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലും കുളത്തൂപ്പുഴ ടൗണിലടക്കം തെരുവുനായ്കളുടെ വിളയാട്ടമാണ്. ടൗണിലെ ആള്‍ത്തിരക്ക് വകവെക്കാതെ സംഘം ചേര്‍ന്ന് കടിപിടി കൂടി നിരത്തുകളിലേക്ക് ഓടിയിറങ്ങുന്ന നായ്കള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നുണ്ട്.
സന്ധ്യ മയങ്ങിയാല്‍ കുളത്തൂപ്പുഴ ടൗണിലൂടെ പോലും ഒറ്റക്ക് കാല്‍നട യാത്രികര്‍ക്ക് നടന്നുപോകാനാവാത്ത സ്ഥിതി വിശേഷമാണ്താനും.
ഗ്രാമ പ്രദേശങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. രാത്രി നിരത്തുകളില്‍ കൂട്ടം കൂടുന്ന ഇവ ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നാലെ കുരച്ചുകൊണ്ടു ഓടിയെത്തുന്നതും മറ്റും അപകടങ്ങള്‍ക്കിടയാക്കുന്നുമുണ്ട്. പൊതുജനത്തിന്റെ നികുതി പണം ഉപയോഗിച്ച് കാടിനുനടുവില്‍ കെട്ടിടം നിർമിച്ച് പാതിവഴിയിലുപേക്ഷിച്ച അധികൃതര്‍ തെരുവുനായ് നിയന്ത്രണ പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കി പൊതുജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.