ഡോ. വന്ദനദാസ് കൊലക്കേസ്; വിതുമ്പിക്കരഞ്ഞ് ഡോ. മുഹമ്മദ് ഷിബിൻ
text_fieldsഡോ. വന്ദനദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ
വിചാരണക്കായി കോടതിയിലെത്തിച്ചപ്പോൾ
കൊല്ലം: സുഹൃത്തും സഹപാഠിയുമായിരുന്ന ഡോ. വന്ദനദാസ് ആക്രമിക്കപ്പെട്ട സംഭവം കോടതിമുറിയിൽ ഡോ. മുഹമ്മദ് ഷിബിൻ വിവരിച്ചത് വിതുമ്പിക്കൊണ്ടായിരുന്നു. സംഭവദിവസം രാവിലെ എട്ടിന് ഇരുവരുടെയും ഡ്യൂട്ടി അവസാനിക്കേണ്ടതായിരുന്നു. പുലർച്ച അഞ്ചിനാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കുടവട്ടൂർ സ്വദേശിയായ പ്രതി സന്ദീപും രണ്ട് സമീപവാസികളും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തുന്നത്.
പ്രതിയുടെ കാലുകളിൽ മുറിവുണ്ടായിരുന്നതിനാൽ കാഷ്വൽറ്റിയിലെ പ്രൊസീജ്യർ റൂമിലേക്ക് മാറ്റുകയായിരുന്നു. ഒ.പി ചീട്ടിൽ എക്സ് റേ എഴുതി പ്രതിയോടൊപ്പം എത്തിയയാളുടെ കൈയിൽ നൽകി ഷിബിൻ പുറത്തേക്ക് പോയി.
ഇതിനുശേഷം പ്രതി സന്ദീപ് കൂടെയെത്തിയയാളെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുകയും ഒരാളുടെ തലയിൽ കത്രികയുപയോഗിച്ച് കുത്തുകയും ചെയ്തു. തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും ആംബുലൻസ് ഡ്രൈവറെയും ആക്രമിച്ചു. തുടർന്നാണ് കാഷ്വൽറ്റിയിലെ പ്രൊസീജ്യർ റൂമിലേക്കെത്തിയ ഡോ. വന്ദനദാസിനെ പ്രതി ആക്രമിച്ചത്. പ്രൊസീജ്യർ റൂമിൽനിന്നുള്ള നിലവിളികേട്ടാണ് കാഷ്വൽറ്റിയിലെ ഫാർമസിക്കുസമീപം നിന്ന ഷിബിൻ അവിടേക്ക് ഓടിയെത്തുന്നത്. അവിടെവെച്ച് പ്രതി സന്ദീപ് വന്ദനയുടെ ഇടതുകൈയിൽ പിടിച്ചുനിർത്തി ഒരടിയോളം നീളമുള്ള സർജിക്കൽ കത്രിക ഉപയോഗിച്ച് ‘നിന്നെ കൊല്ലുമെടീ ...’ എന്ന് ആക്രോശിച്ച് തലയിലും പുറത്തും കുത്തുകയായിരുന്നു.
പരിഭ്രാന്തനായ ഷിബിൻ വന്ദനയെ കാലിൽ പിടിച്ചുവലിച്ച് രക്ഷിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. തുടർന്ന്, പ്രതിയുടെ കാലിൽ ചവിട്ടിമാറ്റി വന്ദന ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ആ സമയം കഴുത്തിലും പുറത്തും തലയിലും ആഴത്തിലുള്ള മുറിവേറ്റിരുന്ന വന്ദന നടക്കാനും ശ്വാസമെടുക്കാനും പ്രയാസമുള്ളതായി പറഞ്ഞു. തുടർന്ന്, വന്ദനയെ പുറത്തുണ്ടായിരുന്ന പൊലീസ് വാഹനത്തിൽ കൊട്ടാരക്കരയിലുള്ള വിജയ ഹോസ്പിറ്റലിലെത്തിക്കുകയായിരുന്നു. തുടർന്ന്, വന്ദനദാസ് മരിച്ചതായും ഷിബിൻ മൊഴിനൽകി. ഒന്നാം സാക്ഷിയുടെ മൊഴികേൾക്കാൻ കോടതിയിൽ ഡോ. വന്ദനദാസിന്റെ മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും വസന്തകുമാരിയുമെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

