ഉണക്കമത്സ്യ വിപണനം: ശക്തിപ്പെടുത്താൻ തീരദേശ വികസന കോർപറേഷൻ
text_fieldsകൊല്ലം: കേരള തീരദേശ വികസന കോർപറേഷന്റെ നേതൃത്വത്തിൽ തയാറാക്കുന്ന ഉണക്കമത്സ്യമായ ‘ഡ്രിഷ്’ ഉൽപാദനവും വിപണനവും വർധിപ്പിക്കും. കൂടുതൽ വിദേശരാജ്യങ്ങളിലേക്ക് കയറ്റിഅയക്കുന്നതിന് പുറമേ, ആഭ്യന്തര-ഓൺലൈൻ വിപണികളും സജീവമാക്കാനാണ് ലക്ഷ്യമിടുന്നത്. ആവശ്യകത വർധിക്കുന്നതിന് ആനുപാതികമായി ശക്തികുളങ്ങരയിലെ സംസ്കരണ കേന്ദ്രത്തിൽ കൂടുതൽ ഉൽപാദനത്തിന് ക്രമീകരണമൊരുക്കും. ന്യൂസിലൻഡ്, ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിക്ക് പിന്നാലെ അമേരിക്ക, യു.എ.ഇ എന്നിവിടങ്ങളിലേയും വിവിധ ഗൾഫ് രാജ്യങ്ങളിലെയും സാധ്യതകൾ പ്രയോജനപ്പെടുന്നതാണ് പദ്ധതി. ഗൾഫ് രാജ്യങ്ങളിൽ മലയാളി സമൂഹമടക്കം ഡ്രിഷ് വലിയതോതിൽ വാങ്ങി ഉപയോഗിക്കുമെന്ന കണക്കുകൂട്ടലിൽ ഇവിടങ്ങളിലെ സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ ഉൽപന്നം എത്തിക്കും. യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങളിൽ അവിടെ പ്രാമുഖ്യമുള്ള വിതരണ കമ്പനികളെ മാർക്കറ്റിങ്ങിന് ചുമതലപ്പെടുത്തുന്നതുവഴി വലിയതോതിൽ നേട്ടമുണ്ടാക്കാനാവുമെന്ന് തീരദേശ വികസന കോർപറേഷൻ കണക്കുകൂട്ടുന്നു.
ഫിഷറീസ് വകുപ്പിന്റെ പിന്തുണയോടെ തീരദേശവികസന കോർപറേഷന് കീഴിൽ ശകതികുളങ്ങരയിൽ പ്രവർത്തിക്കുന്ന ഉണക്കമീൻ സംസ്കരണകേന്ദ്രത്തിൽ നെത്തോലി, കൊഞ്ച്, കണവ, പരവ, വാള, കിളിമീൻ തുടങ്ങി 12 ഇനം മത്സ്യങ്ങൾ സംസ്കരിക്കുന്നുണ്ട്. പ്രതിദിനം ഒരു ടൺ ഉണക്കമത്സ്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം ഇപ്പോൾ ശക്തികുളങ്ങരയിലുണ്ട്. വിദേശത്തേക്ക് പ്രതിമാസം ഒരു കോടി രൂപയുടെ കയറ്റുമതിയാണ് നിലവിൽ ലക്ഷ്യമിടുന്നത്. ഇത് വരും വർഷങ്ങളിൽ വർധിപ്പിക്കും. ആഭ്യന്തര വിപണിയിൽ ‘ഡ്രിഷ്’ എന്ന ബ്രാൻഡ് കൂടുതൽ സുപരിചിതമാക്കാനുള്ള ശ്രമങ്ങളും നടത്തും. നിലവിൽ സ്വകാര്യ സംരംഭകരുടെ വിവിധയിനം ഉണക്കമത്സ്യങ്ങളാണ് വിപണിയിൽ അധികവും. സർക്കാർ ഉൽപന്നമെന്ന നിലയിൽ ‘ഡ്രിഷി’ന് സ്വീകാര്യത നേടിയെടുക്കാനായാൽ ഈ മേഖലയിൽ ഒന്നാമത് എത്താനാവുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.