കുടിവെള്ളക്ഷാമം: പരിഹാരത്തിന് പ്രത്യേക മോണിറ്ററിങ് സമിതി
text_fieldsകൊല്ലം: കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരത്തിനായി അതിവേഗ നടപടി സ്വീകരിക്കാന്‍ പ്രത്യേക മോണിറ്ററിങ് സമിതി രൂപവത്കരിക്കുമെന്ന് കലക്ടര്‍ അഫ്സാന പര്‍വീണ്‍. ജില്ല വികസനസമിതിയില്‍ സംസാരിക്കുകയായിരുന്നു കലക്ടർ.
മുടങ്ങിക്കിടക്കുന്ന കുടിവെള്ളപദ്ധതികള്‍ പൂര്‍ത്തീകരിക്കാനും പമ്പ്ഹൗസുകളിലെ മോട്ടോറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കാനും നടപടി സ്വീകരിക്കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. മൈലം-തലവൂര്‍ കുടിവെള്ളപദ്ധതിയില്‍നിന്ന് മൈലത്തേക്ക് വെള്ളം ലഭിക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് ഇതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രതിനിധി പി.കെ. ജോണ്സണ് ആവശ്യപ്പെട്ടു.
നെല്ലിക്കുന്നം-പ്ലാപ്പള്ളി റോഡ് പൂര്‍ത്തീകരിക്കുക, കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്കുന്ന സാമ്പത്തിക സഹായം സാങ്കേതികതയുടെ പേരില്‍ തടസ്സപ്പെടുത്താതിരിക്കുക, ഗ്രാമീണ മേഖലകളില്‍ ആശുപത്രി പരിപാലന സമിതികള്‍ കൂടുന്നുണ്ടോ എന്ന് പരിശോധിക്കുക, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നല്കുന്ന അപേക്ഷകളില്‍ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രിയുടെ പ്രതിനിധി വികസന സമിതിയില്‍ ഉന്നയിച്ചു.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം മുടങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തര ശ്രദ്ധവേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. ആധാർ ലിങ്കിങ്, ഫോട്ടോയെടുക്കൽ എന്നിവ സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങുന്നുണ്ടെന്നും എന്നാല്‍ ഇത് വേതനത്തെ ബാധിക്കാത്ത രീതിയില്‍ പരിഹരിച്ചു വരികയാണെന്നും കലക്ടര്‍ അറിയിച്ചു.
പുനലൂര്‍ നിയോജക മണ്ഡലത്തിലെ കൂവക്കാട്, നെടുമ്പാറ, കേളങ്കാവ് തമിഴ് മീഡിയം സ്കൂളുകുകളില്‍ ഇംഗ്ലീഷ് മീഡിയം കൂടി അനുവദിക്കണമെന്നും തെന്മല ഡിപ്പോക്കായി വിട്ടുനല്‍കിയ റവന്യൂ ഭൂമിയില്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ വനംവകുപ്പുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും പി.എസ്. സുപാല്‍ എം. എല്‍. എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
പുനലൂര്‍-ചെങ്കോട്ട റെയില്‍വേ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ പ്രതിനിധി കെ.എസ്. വേണുഗോപാല്‍ ആവശ്യപ്പെട്ടു. കുണ്ടറ ഇളമ്പള്ളൂര്‍ റെയില്‍വേ മേല്‍പാലം യാഥാര്‍ഥ്യമാക്കാന്‍ അപ്രോച്ച് റോഡിനുള്ള എസ്റ്റിമേറ്റ് എത്രയും പെട്ടെന്ന് തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുണ്ടറ നിയോജക മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍. എയും പുതിയകാവ്-കാട്ടില്‍ക്കടവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സി.ആര്. മഹേഷ് എം.എല്‍.എയും വിഡിയോ കോണ്‍ഫറന്‍സിലൂടെ ആവശ്യപ്പെട്ടു. ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന, എ .ഡി.എം ബീനാ റാണി, ഡെപ്യൂട്ടി കലക് ടര്‍ വിമല്‍കുമാര്‍, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.