എല്ലാ വീടുകളിലും സമയബന്ധിതമായി കുടിവെള്ളം എത്തിക്കും -മന്ത്രി
text_fieldsകൊല്ലം: ഗ്രാമീണ മേഖലകളിലെ എല്ലാ വീടുകളിലും സമയബന്ധിതമായി കുടിവെള്ളം എത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ജില്ലയിലെ ജലജീവന്‍ മിഷന് അനുബന്ധ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
ജലജീവന്‍ മിഷന് പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ കൊല്ലം ജില്ല ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവില്‍ 213339 കണക്ഷനുകള്‍ നല്കി. 255214 കൂടി നല്‍കാനുണ്ട്. ഇതിനായി 1840.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 2024-25 ആകുമ്പോഴേക്കും പൂര്‍ണമായും ഗ്രാമീണമേഖലയില്‍ ശുദ്ധജലമെത്തിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തൊട്ടാകെ 14 ലക്ഷം കണക്ഷനുകളാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. ജില്ലയില്‍ റോഡ് കട്ടിങ്ങിന് അനുമതി ലഭിക്കാത്തത് സംബന്ധിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ട്.
കോണ്‍ട്രാക്ടര്‍മാരുമായി ബന്ധപ്പെട്ട പരാതികളില്‍ കരാര്‍ കാലാവധിയും നിർമാണ പുരോഗതിയും വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കാന്‍ ജലവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. എന്‍.എച്ച് നിർമാണ സമയത്ത് പൈപ്പുകള്‍ മാറ്റുന്നത് കൃത്യമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ഗതാഗതയോഗ്യമായ റോഡുകളും ശുദ്ധമായ കുടിവെള്ള ലഭ്യതയും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ മികച്ച സമീപനമാണ് സ്വീകരിക്കുന്നത്. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും 2000 മുതല്‍ 3000 വരെ പുതിയ കണക്ഷനുകള്‍ കൂടി നല്‍കിയാലേ പദ്ധതി പൂര്‍ത്തിയാകൂ. ഇത് സര്‍വേയിലൂടെ പരിശോധിച്ച് വിലയിരുത്താനും പരമാവധി കണക്ഷനുകള്‍ നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
റോഡ് പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് 2022 സെപ്റ്റംബറില്‍ വന്ന പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 15ാമത് ധനകാര്യ കമീഷന്റെ ലഭ്യമായ തുകയിലെ അണ്‍ടൈഡ് ഫണ്ടില്‍നിന്ന് പഞ്ചായത്തുകള്‍ക്ക് വിനിയോഗിക്കാം. ഇത് പ്രതിപാദിക്കുന്ന സര്‍ക്കുലര്‍ കലക്ടര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നല്‍കിയിട്ടുണ്ട്.
ജലലഭ്യത ഉറപ്പാക്കാന്‍ കഴിയാത്ത പ്രദേശങ്ങളെ പ്രത്യേക മേഖലകളായി പരിഗണിച്ച് പദ്ധതി നടപ്പാക്കാനുള്ള എസ്റ്റിമേറ്റ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തയാറാക്കി നല്‍കണം. മോട്ടറുകള്‍ കേടാവുന്നതുവഴി കുടിവെള്ളം വിതരണം തടസ്സപ്പെടുന്ന സാഹചര്യം മറികടക്കാന്‍ ബദൽ മാര്‍ഗം ആലോചിച്ച് നടപ്പാക്കും.
ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ട നടപടികള്‍ കലക്ടറുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക കണ്ടെത്താന്‍ കഴിയാത്ത തദ്ദേശസ്ഥാപനങ്ങള്‍ക്ക് എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്ന ഉറപ്പ് പ്രശംസനീയമാണ്.
നിലവില്‍ പഞ്ചായത്ത് ഫണ്ടില്‍നിന്ന് ഭൂമി വാങ്ങുന്നതിനാണ് അനുമതി. ഈ സാഹചര്യം കണക്കിലെടുത്ത് ധനകാര്യ വകുപ്പില്‍നിന്ന് പ്രത്യേക അനുമതി ലഭ്യമാക്കുന്നതിന് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. ശാസ്താംകോട്ട തടാകത്തിന്റെയും അനുബന്ധപ്രദേശങ്ങളുടെയും ടൂറിസത്തിന്റെ സാധ്യത ഇറിഗേഷന്‍ വകുപ്പ് പഠിച്ചുവരികയാണ്.
ഭാവിയില്‍ ശാസ്താംകോട്ടയെ ഇറിഗേഷന്‍ ടൂറിസം ഡെസ്റ്റിനേഷനായി വളര്‍ത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എം.എല്‍.എമാരായ ജി.എസ്. ജയലാല്‍, കെ.ബി. ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്, എം. മുകേഷ്, പി.എസ്. സുപാല്‍, പി.സി. വിഷ്ണുനാഥ്, സി.ആര്. മഹേഷ്, മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രതിനിധി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, കലക്ടര്‍ അഫ്സാന പര്‍വീണ്‍, ജലജീവന്‍ മിഷന് എം.ഡി എസ്. വെങ്കിടേശപതി, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.