ഡ്രൈവിങ് ടെസ്റ്റ്: പ്രതിഷേധം നിലക്കുന്നില്ല
text_fieldsകൊല്ലം: വെള്ളിയാഴ്ചയും കൊല്ലത്ത് ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങി. ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മറ്റിടങ്ങളിലും ടെസ്റ്റുകൾ മുടങ്ങി.
പൊലീസ് സംരക്ഷണത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സർക്കാർ നിർദേശം ഉണ്ടായിട്ടും ആരും എത്തിയില്ല. ആശ്രാമം മൈതാനത്ത് രാവിലെ ഒരാൾ എത്തിയെങ്കിലും റദ്ദായ ലൈസൻസ് പുതുക്കാനായതിനാൽ റോഡ് ടെസ്റ്റ് മാത്രം നടത്തി മടങ്ങി. വിവിധ ടെസ്റ്റിങ് ഗ്രൗണ്ടുകളിൽ ഡ്രൈവിങ് സ്കൂൾ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധസമരങ്ങൾ അരങ്ങേറി. ആശ്രാമം ഗ്രൗണ്ടിൽ സംഘടനകളുടെ നേതൃത്വത്തിൽ നിലത്ത് കിടന്നും കഞ്ഞിവെച്ചും പ്രതിഷേധിച്ചു.
ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയനും ഉൾപ്പെടുന്ന സംയുക്ത സമരസമിതിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് തന്നെ എത്തിയെങ്കിലും ടെസ്റ്റ് തുടങ്ങുന്ന സമയത്തിന് മുമ്പുതന്നെ ഗ്രൗണ്ടിൽ പ്രതിഷേധക്കാർ എത്തിയിരുന്നു.
കരുനാഗപ്പള്ളി: ഗതാഗത വകുപ്പിറക്കിയ സർക്കുലറിലെ അപ്രായോഗിക നിർദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 10 ദിവസമായി ഡ്രൈവിങ് ടെസ്റ്റുകൾ ബഹിഷ്കരിച്ച് നടക്കുന്ന സമരത്തിന്റെ ഭാഗമായി ചിറ്റുമൂല ടെസ്റ്റിങ് ഗ്രൗണ്ടിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു.
കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന സെക്രട്ടറി ഐ.എ ജവാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് കമലാധരൻ അധ്യക്ഷത വഹിച്ചു.
ഫിറ്റ്നസ് ഉണ്ടായിട്ടും 15 വർഷം കഴിഞ്ഞെന്നതിനാൽ നൂറിലധികം പരിശീലന വാഹനങ്ങൾ ഗ്രൗണ്ടിൽ അണിനിരത്തി പുഷ്പചക്രം ചാർത്തി പുഷ്പാർചന നടത്തി. രാജേന്ദ്രൻ, ഷിഹാബുദ്ദീൻ, സന്തോഷ്, നവാസ്, രതീഷ്, നിയാസ്, രാജേഷ്, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. പൊലീസ് സംരക്ഷണയിൽ ടെസ്റ്റ് നടത്താനായി ഉദ്യോഗസ്ഥർ എത്തിയെങ്കിലും അപേക്ഷകർ എത്താത്തതിനാൽ ഉദ്യോഗസ്ഥർ മടങ്ങി.
ആരും എത്തിയില്ല; പുനലൂരിൽ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി
പുനലൂർ: പൊലീസ് സംരക്ഷണത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സർക്കാർ നിർദേശം ഉണ്ടായിട്ടും ആരും എത്താത്തതിനാൽ പുനലൂരിൽ വെള്ളിയാഴ്ചയും ടെസ്റ്റ് മുടങ്ങി. മോട്ടോർ വാഹനവകുപ്പ് അധികൃതർ ടെസ്റ്റ് നടത്താൻ ഗ്രൗണ്ടിൽ എത്തിയെങ്കിലും ആളില്ലാത്തതിനാൽ മടങ്ങി. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരക്കാരും പ്രതിഷേധവുമായി ഗ്രൗണ്ടിലെത്തിയിരുന്നു.
പുനലൂരിൽ മാത്രം നൂറുകണക്കിന് ആളുകൾ ഗ്രൗ ണ്ട് ടെസ്റ്റിന് കാത്തിരിപ്പുണ്ട്. സമരം കാരണം ടെസ്റ്റ് മുടങ്ങിയത് നിരവധി പേർക്ക് ബുദ്ധിമുട്ടായി. അശാസ്ത്രീയമായ നിബന്ധനകൾ പിൻവലിച്ചാലല്ലാതെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്ന് സമരക്കാർ പറഞ്ഞു. ഇന്നലത്തെ സമരത്തിന് എ.എസ്. റിയാസ്, ശിവപ്രസാദ്, എ.കെ. നസീർ, എ.എം. അൻസാർ, സുനിൽകുമാർ, രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.