ജില്ലയിൽ വീണ്ടും വൻ ലഹരിവേട്ട
text_fieldsകൊല്ലം: ലഹരിമാഫിയയുടെ നീരാളിപ്പിടുത്തം കൊല്ലത്തിനെ വിട്ടൊഴിയുന്നില്ല. സിറ്റി പൊലീസ് പരിധിയിൽ വീണ്ടും വലിയൊരു ലഹരിവേട്ട പൂർത്തിയായപ്പോൾ അഴിക്കുള്ളിലായത് നാല് യുവാക്കൾ. ഇരവിപുരത്തും കരുനാഗപ്പള്ളിയിലുമാണ് രണ്ട് കേസുകളിലായി നാല് പേർ പിടിയിലായത്. മാരക മയക്കുമരുന്നായ എം.ഡി.എം.എ ആണ് ഇരുകൂട്ടരുടെയും കൈയിൽനിന്ന് പിടികൂടിയത്.
ഇരവിപുരത്ത് വാഹനപരിശോധനക്കിടെയാണ് എം.ഡി.എം.എയുമായി തേജസ് നഗര്‍ വെളിയില്‍ അലിന്(25) കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇരവിപുരം പൊലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ വാളത്തുംഗല്‍ ചന്തമുക്കിന് സമീപം വെച്ച് അലിന് സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പിടിവീണത്. ഇയാളില്‍ നിന്ന് വിൽപനക്കായി കരുതിയ 18.5 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യാനായി ബംഗളൂരുവില്‍ നിന്നും എം.ഡി.എം.എ കടത്തുകയായിരുന്നു ഇയാള്‍. സിറ്റി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശാനുസരണം ഇരവിപുരം ഇന്‍സ്പെക്ടര്‍ ഷിബു, സബ് ഇന്‍സ്പെക്ടര്‍മാരായ ഉമേഷ്, അജേഷ്, മധു, എ.എസ്.ഐ നൗഷാദ്, സി.പി.ഒ ദീപു എന്നിവരടങ്ങിയ പൊലീസ് സംഘവും ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവും എം.ഡി.എം.എയുമായി മൂന്നു യുവാക്കള്‍ പിടിയിലായത്.
ഓച്ചിറ നക്കനാൽ ഗോകുലം വീട്ടിൽ ബിനേഷ് (24), ആലപ്പുഴ മാവേലിക്കര വള്ളികുന്നം മഠത്തില്‍ കാരാഴ്മ മുറിയിൽ അസ്സിമൻസിലിൽ അസ്സിം(23), ഓച്ചിറ മഠത്തിൽ കാരാഴ്മമുറിയിൽ മാളിക്കാട് പുത്തൻവീട്ടിൽ സൂരജ് അപ്പു എന്നിവരാണ് പിടിയിലായത്. അഞ്ച് ഗ്രാം കഞ്ചാവ്, 4.452 ഗ്രാം എം.ഡി.എം. എന്നിവയാണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി എസ്.ഐസക്കിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.