കൊല്ലം ജില്ലയിൽ ലഹരി ഉപയോഗം വ്യാപകം
text_fieldsകൊല്ലം: എക്സൈസ് വകുപ്പിന്റെ കണക്കുപ്രകാരം 2024 ജനുവരി മുതൽ 2024 നവംബർ അഞ്ച് വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ 559 പ്രതികളുണ്ടായിരുന്നതിൽ 530 പേരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലയുടെ വിവിധ ഇടങ്ങളിലായി എം.ഡി.എം.എ ഉൾപ്പെടെ ലഹരിവസ്തുക്കൾ കടത്തുന്ന കേസുകളില്‍ പിടിയിലാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
കഴിഞ്ഞ പത്തുമാസങ്ങളിലായി കഞ്ചാവ് ഉൾപ്പെടുന്ന 529 എൻ.ഡി.പി.എസ് കേസുകളാണ് എക്സൈസിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 153.057 കിലോ കഞ്ചാവും എക്സൈസ് വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ വിവിധ ഇടങ്ങളിൽ നിന്നായി 40 കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.
വിവിധ കേസുകളിലായി ജില്ലയിൽനിന്ന് 1.41 ഗ്രാം ഹെറോയിൻ, 0.7 ഗ്രാം ഹഷീഷ്, 146.725 ഗ്രാം എം.ഡി.എം.എ, 29.188 ഗ്രാം നൈട്രോസെഫാം ഗുളിക, 29.188 ഗ്രാം ആംഫിറ്റാമിൻ ഗുളിക എന്നിവയും പിടിച്ചെടുത്തിരുന്നു. ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമ്പോഴും ജില്ലയിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് സർക്കാർ സംവിധാനങ്ങൾക്കും നിയന്ത്രണാതീതമാവുകയാണ്.
ലഹരിവ്യാപനം തടയുന്നതിന് സംയുക്ത സ്ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധനകളും സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവും ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് അധികൃതർ പറയുമ്പോഴും ജില്ലയിലെ എക്സൈസ് വകുപ്പിലെ ജീവനക്കാരുടെ കുറവ് തിരിച്ചടിയാണ്. അന്തർസംസ്ഥാനങ്ങളിൽനിന്ന് ട്രെയിനുകളിലും മറ്റും അല്ലെങ്കിൽ സ്വകാര്യവാഹനങ്ങൾ വഴിയുമാണ് കൂടുതലും ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നത്.
കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ലഹരിവസ്തു കഞ്ചാവാണെന്നാണ് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. വകുപ്പിന്റെ ലഹരിവേട്ടക്ക് പുറമേ നിരവധിപേർ ലഹരിമരുന്നുമായി പൊലീസിന്റെ പിടിയിലാകുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് 30 ഗ്രാം എം.ഡി.എം.എയുമായി മരുതൂർകുളങ്ങര സ്വദേശി രാഹുലിനെ കരുനാഗപ്പള്ളിയിൽ പൊലീസ് പിടികൂടിയത്.
ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൻസനിയ സ്വദേശിയെയും തുടർന്ന് തൻസനിയക്കാരനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഉൾപ്പെട്ട മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശിയെയും പൊലീസ് പിടികൂടിയിരുന്നു. എം.ഡി.എം.എ ഉൾപ്പെടെ സിന്തറ്റിക് ഡ്രഗ്സ് കൈവശം വെക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന നിരവധി കേസുകൾ പൊലീസിലും രജിസ്റ്റർ ചെയ്യുന്നുണ്ട്.
ജില്ലയിൽ കൗൺസലിങ്ങിനായി മാതാപിതാക്കൾ എത്തിക്കുന്ന ഭൂരിഭാഗം കുട്ടികളും ലഹരിക്കടിമകളാണ്. ഒരു കിലോഗ്രാം കഞ്ചാവിൽ കൂടുതൽ കൈവശം െവച്ചാലേ കേസെടുക്കാൻ കഴിയൂ. അല്ലാത്തവ പിഴയടച്ച് വിടുകയാണ് ചെയ്യുക. ഇത് ഒരു അവസരമായിട്ടാണ് കഞ്ചാവ് മാഫിയകൾ കാണുന്നത്.
ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും അധികം കേസുകൾ രജിസ്റ്റർ ചെയ്തത്. സ്കൂള്‍-കോളജ് പരിസരങ്ങളിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ 155358 എന്ന ടോൾഫ്രീ നമ്പറിലോ 1800 425 5644 നമ്പറിലോ അറിയിക്കാം. 14405 എന്ന വിമുക്തി നമ്പറിലൂടെയും സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരി സംബന്ധിച്ച വിവരങ്ങൾ കൈമാറാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.