രാമൻകുളങ്ങര ലഹരിത്താവളം
text_fieldsകൊല്ലം: രാമൻകുളങ്ങര, കന്നിമേൽ മേഖലകൾ ലഹരിസംഘങ്ങൾ താവളമാക്കുന്നതായി പരാതി. ലഹരി സംഘങ്ങളുടെ ഈ പ്രദേശങ്ങളിലെ പ്രവർത്തനം പരിധി വിട്ടിരിക്കുകയാണെന്നും മേഖല ലഹരി ഹബ്ബായി മാറുകയാണെന്നും രാമൻകുളങ്ങര മമത നഗർ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
ആൾതാമസമില്ലാത്ത വീടുകൾ, ഒഴിഞ്ഞ പറമ്പുകൾ, തെരുവുവിളക്ക് കത്താത്ത റോഡുകൾ ഇവയെല്ലാം ലഹരി വിപണനക്കാരും ഉപയോക്താക്കളും കൈയടക്കിയതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
തുടക്കത്തിൽ ഒന്നോ രണ്ടോ പേർ കൂടിയിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ ഡസൻ കണക്കിന് വിദ്യാർഥികളും യുവാക്കളും സംഘം ചേരുകയാണ്. മമത നഗറിലെ പല വീടുകളിൽ നിന്ന് തേങ്ങക്കുലകൾ പരസ്യമായി മോഷ്ടിച്ച ശേഷം വിൽപന നടത്തിക്കിട്ടുന്ന പണമാണ് ലഹരിസാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്.
രാവിലെ മുതൽ ലഹരി ഉപയോഗിക്കുന്ന ഇക്കൂട്ടർ വൈകീട്ടോടെ റോഡുകളിലിറങ്ങുന്നതിനാൽ വിദ്യാർഥിനികളടക്കമുള്ളവർ ഏറെ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. സംഘങ്ങളുടെ കൈയിൽ ആയുധങ്ങളുള്ളതിനാൽ ചോദ്യം ചെയ്യാൻ തദ്ദേശവാസികളും ഭയക്കുന്നു.
നടപടിയാവശ്യപ്പെട്ട് ശക്തികുളങ്ങര പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
ഗുരുതരമായ ഈ പ്രശ്നം പരിഹരിക്കണമെന്ന് മമത നഗർ റെസിഡന്റ്സ് അസോസിയേഷൻ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. നഗർ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. അനിൽകുമാർ, എം. അൻവർദീൻ, പി. നെപ്പോളിയൻ, ശ്രീകുമാർ വാഴാങ്ങൽ, ജി. അരുൺകുമാർ, പി. ജയകുമാർ, ടി.സി. ജോർജ്, കെ. ശിവപ്രസാദ്, സുശീല രമണൻ, വി. ഹരിഹരമണി എന്നിവർ സംസാരിച്ചു.
പൊലീസ് പട്രോളിങ്ങില്ല; ലഹരി സംഘങ്ങൾ വിലസുന്നു
ചാത്തന്നൂർ: ഉളിയനാട് കാരംകോട് മേഖലകളിലെ ഇടറോഡുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും രാത്രി ലഹരി സംഘങ്ങളുടെയും മദ്യപരുടെയും ശല്യം വ്യാപകമാകുന്നതായി പരാതി. എക്സൈസ്-പൊലീസ് പരിശോധന നടത്തണമെന്ന് ആവശ്യം ശക്തമാകുന്നു.
കാരംകോട്, വെട്ടികുന്നുവിള, കാരംകോട്-ജെ.എസ്.എം ജങ്ഷൻ തുടങ്ങിയ റോഡുകളിലാണ് രാത്രി ശല്യം. ഇടറോഡുകളിൽ തമ്പടിക്കുന്ന ഇവർ പ്രദേശവാസികൾക്കും കാൽനടക്കാർക്കും ശല്യമായിരിക്കുകയാണ്. കുടാതെ ചാത്തന്നൂർ-കോതേരി റോഡ് ഭാഗത്തെ ആളൊഴിഞ്ഞ പറമ്പുകൾ, വീടുകൾ, ഇടറോഡുകൾ എന്നിവിടങ്ങളിലും ലഹരി സംഘങ്ങളുടെ വിളയാട്ടമുണ്ട്.
രാത്രി പൊലീസ് പട്രോളിങ് ഇല്ലാത്തതാണ് സാമൂഹികവിരുദ്ധശല്യത്തിന് കാരണമെന്നും പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.