ലഹരി: രണ്ട് യുവാക്കള്‍ ബംഗളൂരുവില്‍ പിടിയില്‍
text_fieldsകൊല്ലം: ജില്ലയിലേക്കെത്തുന്ന എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉറവിടം തേടി ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ ബംഗളൂരുവില്‍ പിടിയിലായി. കണ്ണനല്ലൂര്‍ അല്‍ അമീന്‍ മന്‍സിലില്‍ അല്‍അമീന്‍ (26), കൊല്ലം വാളത്തുങ്കല്‍ കാര്‍ഗില്‍ വീട്ടില്‍ ഫൈസല്‍ (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം എം.ഡി.എം.എയുമായി ചിന്നക്കടഭാഗത്ത് നിന്ന് കണ്ണനല്ലൂര്‍, വാലിമുക്ക്, കാര്‍ത്തികയില്‍ ടോമിനെ 60 ഗ്രാം എം.ഡി.എം.എയുമായി ജില്ല ഡാന്‍സാഫ് ടീമും ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയിരുന്നു.
ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവി മെറിന്‍ ജോസഫിന്‍റെ നിര്‍ദ്ദേശപ്രകാരം ബംഗളൂരുവില്‍ എത്തിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് പഠനത്തിനും മറ്റുമായി എത്തുന്ന വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ ലഹരി വ്യാപാരം നടത്തിവന്നിരുന്നത്.
ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ബംഗളൂരുവിലെ ഫ്ലാറ്റിനുള്ളില്‍നിന്ന് ഇരുവരെയും പിടികൂടിയത്. കൂടിയ അളവില്‍ ലഹരി മരുന്നുകള്‍ സംഭരിച്ച് വിദ്യാർഥികളിലൂടെ യുവാക്കളുടെയും ആവശ്യക്കാരുടെയും പക്കൽ എത്തിക്കുന്നതാണ് ഇവരുടെ രീതി. ഇപ്രകാരരമാണ് ടോമിനും എം.ഡി.എം.എ നല്‍കിയത് ഇവരാണെന്ന് പൊലീസ് കണ്ടെത്തിയത്.
ജില്ല ഡാന്‍സാഫ് ടീമിന്‍റെ ചുമതലയുള്ള സി ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ സക്കറിയ മാത്യു, എ.സി.പി അഭിലാഷ്, ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ രഞ്ജു, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, രാജഗോപാല്‍, ഡാന്‍സാഫ് അംഗമായ രതീഷ്, സി.പി.ഒ രമേശ് എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്.
പൊതുജനങ്ങള്‍ക്ക് ലഹരിവ്യാപാരത്തെ പറ്റിയും ഉപയോഗത്തെ പറ്റിയുമുള്ള വിവരങ്ങള്‍ 9497980223, 1090, 0474 2742265, എന്നീ ഫോണ്‍ നമ്പര്‍ മുഖേനയോ കേരള പൊലീസ് ഒരുക്കിയിരിക്കുന്ന 'യോദ്ധാവ് 9995966666'എന്ന വാട്‌സ് ആപ് നമ്പര്‍ മുഖേനയോ അറിയിക്കാമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.