ഡ്രൈ ഡേ മദ്യവിൽപന; 14 കേസുകൾ, 12 പേർ അറസ്റ്റിൽ
text_fieldsകൊല്ലം: ശനിയാഴ്ച ജില്ലയിൽ എക്സൈസ് നടത്തിയ പ്രത്യേക ഡ്രൈഡെ പരിശോധനയിൽ ചാരായ വിൽപന നടത്തിയ ആളെ അടക്കം 12 പേരെ അറസ്റ്റ് ചെയ്തു. 14 കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ 20 ലിറ്റർ ചാരായവും 1140 ലിറ്റർ കോടയും 50 ലിറ്റർ വിദേശമദ്യവും പിടികൂടി.
കൊല്ലം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിദേശമദ്യ വിൽപന നടത്തിയ വടക്കേവിള തൈവേലി തെക്കെതിൽ വീട്ടിൽ ഡൊമിനിക് (53) 17 ലിറ്റർ മദ്യവുമായി അറസ്റ്റിലായി. ഇയാൾ മുൻ അബ്കാരി കേസുകളിൽ പ്രതിയാണ്. മദ്യവിൽപനയിലൂടെ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. പ്രതിയെ കൊല്ലം കോടതി റിമാൻഡ് ചെയ്തു.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പരിധിയിൽ അനധികൃതമായി മദ്യം വിറ്റതിന് 11 ലിറ്റർ വിദേശമദ്യവുമായി പിടിയിലായ നീണ്ടകര സെൻറ് ആൻറണീസ് വീട്ടിൽ ജോഷി പോൾ (34), ശങ്കരമംഗലം ആവണി വീട്ടിൽ അനിൽകുമാർ (53) എന്നിവർക്കെതിരെ അബ്കാരി കേസെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ചതിന് തഴവ സ്വദേശി ബിജു എന്നയാളെ അറസ്റ്റ് ചെയ്തു. റെയ്ഡുകൾക്ക് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വിജിലാൽ നേതൃത്വം നൽകി.
വിദേശമദ്യ വിൽപന നടത്തി കുറ്റത്തിന് കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് പുതുക്കാട് സ്വദേശി ബാബു നായർ (59), പത്തനാപുരം എക്സൈസ് സർക്കിൾ ഓഫിസ് പരിധിയിൽ പട്ടാഴി മാലൂർ രാജീവ് ഭവനിൽ രാഘവൻ, കൊട്ടാരക്കര എക്സൈസ് സർക്കിൾ ഓഫിസ് പരിധിയിൽ ചക്കുവരക്കൽ ചാരുംകുഴി വീട്ടിൽ വിജു (41), കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ പരിധിയിൽ കല്ലേലിഭാഗം കൊച്ചു മഠത്തിൽ കിഴക്കത്തിൽ വീട്ടിൽ ബേബി (48), അഞ്ചൽ റേഞ്ച് പരിധിയിൽ കരവാളൂർ ഗോപിക ഭവനിൽ അനിൽകുമാർ (47), എഴുകോൺ റേഞ്ച് പരിധിയിൽ മാറനാട് ദേശത്ത് അനിൽകുമാർ (49), ചടയമംഗലം റേഞ്ച് പരിധിയിൽ കടയ്ക്കൽ കൊച്ചാട്ടുപുറം സുനേഷ് ഭവനിൽ സുനേഷ് (55), പത്തനാപുരം റെയിഞ്ച് പരിധിയിൽ പിറവന്തൂർ ഭാഗത്ത് രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത് (31) എന്നിവരെയും അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും കോടയും സൂക്ഷിച്ച കുറ്റത്തിന് നെടുവത്തൂർ ഇടക്കടമ്പിൽ തെക്കെതിൽ വീട്ടിൽ സന്തോഷ് (51) അറസ്റ്റിലായി. ഉത്സവം പ്രമാണിച്ച് വൻതോതിൽ ചാരായം വിൽക്കാൻ തയാറെടുപ്പിലായിരുന്നു. ഇയാളുടെ ചാരായ നിർമാണ യൂനിറ്റും പിടികൂടി. 10 ലിറ്റർ ചാരായവുമായി കലയപുരം പെരുംകുളം ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ അനിൽ (43) പിടിയിലായി.
റെയ്ഡുകൾക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശിവപ്രസാദ്, എക്സൈസ് ഇൻസ്പെക്ടർമാരായ കെ. അനിൽകുമാർ, ഗ്ലാഡ്സൺ ഫെർണാണ്ടസ്, ബെന്നി ജോർജ്, മുഹമ്മദ് റാഫി എന്നിവരും അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ രാജീവ്, അബ്ദുൽ വഹാബ്, പി.എൽ. വിജിലാൽ എന്നിവരും പ്രിവൻറിവ് ഓഫിസർമാരായ ആർ. മനു, വൈ. അനിൽ, ജി. ഉണ്ണികൃഷ്ണൻ എന്നിവരും നേതൃത്വം നൽകി.
മദ്യം മയക്കുമരുന്ന് എന്നിവ കണ്ടെത്താൻ ശക്തമായ റെയ്ഡ് തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു. ഉത്സവകാലമായതിനാൽ പ്രത്യേക റെയ്ഡുകൾ ഉണ്ടാകുമെന്ന് അസിസ്റ്റൻറ് എക്സൈസ് കമീഷണർ വി. റോബർട്ട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.