‘ഊരുകളിൽ വിദ്യാഭ്യാസം ഉറപ്പാക്കണം’
text_fieldsകൊല്ലം: ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് പട്ടികവര്‍ഗ ഊരുകളിലെ കുട്ടികളെ എത്തിക്കാന്‍ സാധിക്കണമെന്ന് വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി ചിതറ പഞ്ചായത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഉന്നതവിദ്യാഭ്യാസത്തിന് ഊരുകളിലെ കുട്ടികളെ പ്രാപ്തമാക്കാന്‍ പൊലീസ്, എക്സൈസ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ പദ്ധതികള്‍ പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസരംഗത്ത് ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്ക് പട്ടികവര്‍ഗമേഖലയിലെ കുട്ടികള്‍ക്കിടയില്‍ നിന്നാണ്. ഈ വിഭാഗത്തിൽപെട്ട പെണ്‍കുട്ടികള്‍ പ്ലസ്ടുവിനു ശേഷം പഠിക്കാന്‍ താല്പര്യപ്പെട്ടാലും 18 വയസ്സ് പൂര്‍ത്തിയായാലുടന്‍ വിവാഹം കഴിപ്പിച്ച് അയക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നത്. അതേസമയം, ആണ്‍കുട്ടികള്‍ പഠനം നിര്‍ത്തുകയും ചെയ്യുകയാണ്.
പട്ടികവര്‍ഗവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കുന്നതിന് പട്ടികവര്‍ഗവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പഠനയാത്ര സംഘടിപ്പിക്കുന്നതിനും മദ്യപാനത്തില്‍നിന്ന് ഊരുനിവാസികളെ മോചിപ്പിക്കുന്നതിന് ഡി അഡിക്ഷന് സെന്റര്‍ പഞ്ചായത്ത് തലത്തില്‍ ആരംഭിക്കുന്നതിനും വനിത കമീഷന് ശിപാര്‍ശ നല്‍കും. പട്ടികവര്‍ഗ വിഭാഗത്തിന്റെ ക്ഷേമത്തിനായി ഒട്ടനവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മാതൃകയാണ് കേരളം. പട്ടികവര്‍ഗവിഭാഗത്തിന് പ്രത്യേക പരിഗണന നല്കുന്ന സംസ്ഥാനമാണ് കേരളം. ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് മികവുറ്റ പ്രവര്‍ത്തനമാണ് കേരള സര്‍ക്കാര്‍ നടത്തുന്നതെന്നും അധ്യക്ഷ പറഞ്ഞു. വഞ്ചിയോട് ഊരിലെ കിൻറര്ഗാർട്ടനില് മാസത്തില്‍ ഒരിക്കല്‍ അംഗന്‍വാടി സേവനം ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്കി.
ഊരിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ സംവിധാനമൊരുക്കണം, കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ പഞ്ചായത്തില്‍ നിയമിക്കണം, ജനമൈത്രി എക്സൈസ് പദ്ധതി പഞ്ചായത്തില്‍ നടപ്പാക്കണം, ഊരുനിവാസികളായ വയോജനങ്ങള്‍ക്കായി പഞ്ചായത്തില്‍ പകല്‍വീട് സജ്ജമാക്കണം എന്നിവയിലും ശിപാര്‍ശ ചെയ്യും.
വനിത കമീഷന് മെംബര്‍ വി.ആര്. മഹിളാമണി അധ്യക്ഷത വഹിച്ചു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി മുഖ്യാതിഥിയായി. വനിത കമീഷന് അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്, ഡയറക്ടര്‍ ഷാജി സുഗുണന്, ചിതറ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ മടത്തറ അനില്‍, ചിതറ പഞ്ചായത്തംഗം പ്രിജിത്, വനിത കമീഷന് പ്രോജക്ട് ഓഫിസര്‍ എന്‍. ദിവ്യ, പട്ടികവര്‍ഗ വികസന ഓഫിസര്‍ വിധുമോള്‍, വനിത കമീഷന് സീനിയര്‍ സൂപ്രണ്ട് ഡോ.എസ്.എല്‍. പ്രതാപന്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എസ്. മുഹമ്മദ് ഷൈജു, ചിതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ. അമ്പിളി എന്നിവര്‍ സംസാരിച്ചു. വനിത കമീഷന് റിസര്‍ച്ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന ചര്‍ച്ച നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.