സപ്ലൈകോ ഗോഡൗണിൽനിന്ന് വെള്ളം കയറി നശിച്ച അരി മാറ്റാൻ ശ്രമം; സംഘർഷം
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് സപ്ലൈകോ ഗോഡൗണിൽ വെള്ളം കയറി നശിച്ച അരിച്ചാക്കുകൾ ലോറിയിൽ കയറ്റി മാറ്റാനുള്ള ശ്രമം ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. െചാവ്വാഴ്ച രാവിലെ 9.30 ഓടെ സപ്ലൈകോയുടെ താൽക്കാലിക ഗോഡൗണിലെ അരി മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് രാഷ്ട്രീയ പാർട്ടിക്കാർ തടഞ്ഞത്.
രണ്ടു ദിവസം മുമ്പ് പെയ്ത മഴയിൽ ഗോഡൗൺ ഉൾപ്പെടുന്ന പ്രദേശം വെള്ളത്തിൽ മുങ്ങിയിരുന്നു. സർക്കാർ താൽക്കാലിക ഷെഡ് ഉണ്ടാക്കിയാണ് ഇവിടേക്ക് അരി എത്തിച്ചത്. മഴയിൽ 1200 ഓളം വരുന്ന ചാക്കുകളിലായ അരി, പച്ചരി, ഗോതമ്പ് എന്നിവ വെള്ളത്തിൽ നശിച്ചു. തിങ്കളാഴ്ച ഈ ഗോഡൗണിൽനിന്ന് അഞ്ച് ലോഡുകളിലായി 600 ഓളം ചാക്കുകളിലെ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലേക്കാണ് മാറ്റുന്നതെന്ന വിവരം രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചു.
തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ ലോറിക്കുള്ളിൽ കയറ്റിയ അരി ചാക്കുകൾ കൊണ്ടു പോകാൻ പാർട്ടിക്കാർ അനുവദിക്കാഞ്ഞത്. വിവരമറിഞ്ഞ് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസർ ജോൺ തോമസ് സ്ഥലത്തെത്തി. കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പിക്കാരും സമരം ശക്തമാക്കിയതിനെ തുടർന്ന് കൊട്ടാരക്കര സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഗോഡൗണിൽ വെള്ളക്കെട്ടി കിടക്കുകയും സമീപത്തെ ഓടയിൽനിന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ അകത്ത് കടന്നതിനാൽ വലിയ രീതിയിലുള്ള ദുർഗന്ധമാണ് അനുഭവപ്പെട്ടത്.
പരിശോധനക്കുവന്ന ഉദ്യോഗസ്ഥർക്ക് മൂക്കു പൊത്തി നിൽക്കേണ്ടിവന്നു.
പല ഭക്ഷ്യസാധന ചാക്കുകളും ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഭക്ഷ്യസാധനങ്ങൾ കൊണ്ടു പോകുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുടെ മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു. സമീപത്തായി ബി.ജെ.പിയുടെയും പ്രതിഷേധം നടന്നു.
11.30ഓടെ കൊടിക്കുന്നിൽ സുരേഷ് എം.പി ഗോഡൗൺ സന്ദർശിച്ചു. ഇതിനിടെ പ്രവർത്തകർ വിഷാംശം കലർന്ന അലുമിനിയം ഫോസ്ഫേഡ് കണ്ടെത്തി. ഇതിനെ ചൊല്ലിയും തർക്കം നടന്നു. എം.പി കലക്ടറുമായി ഗോഡൗണിലെ അരി പ്രശ്നത്തെക്കുറിച്ച് സംസാരിച്ച ശേഷം മടങ്ങി.
ലോറിയിലെ ഭക്ഷ്യസാധനങ്ങൾ റേഷൻ കടയിലേക്ക് കൊണ്ടു പോകാൻ സാധിക്കില്ലെന്നും ഇവിടെ തന്നെ നശിപ്പിക്കണമെന്നും പാർട്ടി പ്രവർത്തകർ പറഞ്ഞു. കൊട്ടാരക്കര തഹസിൽദാർ സ്ഥലത്തെത്തി രാഷ്ട്രീയ പാർട്ടികളുമായി പ്രാഥമിക ചർച്ചകൾ നടത്തിയശേഷം അരി കയറ്റിയ ലോറി ഉൾപ്പെടെ ഗോഡൗണിലേക്ക് തിരികെക്കയറ്റി.
പിന്നീട് അധികൃതർ ഗോഡൗണിന്റെ വാതിൽ അടച്ചുപൂട്ടി. കലക്ടറുടെ നിർദ്ദേശപ്രകാരം വൈകിട്ട് 3.30ന് തഹസിൽദാറുമായി പാർട്ടി പ്രവർത്തകർ ചർച്ച നടത്താൻ തീരുമാനിച്ചു. ഉച്ചക്ക് 2.30ഓടെ ജില്ല സപ്ലൈ ഓഫിസർ മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പൂട്ടിയ ഗോഡൗൺ തുറന്ന് പരിശോധന നടത്തി.
ഗോഡൗൺ തുറന്നതിനെതിരെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. ഈ സമയം നഗരസഭ ചെയർമാൻ എ. ഷാജുവുമായി ബി.ജെ.പി പ്രവർത്തകർ വാക്കുതർക്കത്തിലേർപ്പെട്ടു. ഉദ്യോഗസ്ഥരുടെ പരിശോധനക്കുശേഷം ഗോഡൗൺ വീണ്ടും അടച്ചു.
പഴകിയ സാധനങ്ങൾ നശിപ്പിക്കും -സപ്ലൈകോ റീജനൽ മാനേജർ
കൊട്ടാരക്കര: ഭക്ഷ്യയോഗ്യമല്ലാത്ത അരി ഉൾപ്പെടെയുള്ള വെള്ളം കയറി പഴകിയ സാധനങ്ങൾ നശിപ്പിക്കുമെന്ന് തിരുവനന്തപുരം സപ്ലൈകോ റീജനൽ മാനേജർ ജലജ പറഞ്ഞു. കലക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ പി. ശുഭന്റെ ചേമ്പറിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. വെള്ളം കയറിയ 800 ഓളം ചാക്ക് അരികൾ ക്വാളിറ്റി കൺട്രോളറിൽ പരിശോധിച്ച ശേഷം കൊള്ളാത്തവ ജൈവ വളത്തിനായി ഉപയോഗിക്കും. ഗോഗൗണിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ കൊട്ടാരക്കരയിലെ സമുദ്ര ഗോഡൗണിലേക്ക് മാറ്റും.
കേന്ദ്രത്തിന്റെ അരി അധികമായി ലഭിച്ചതോടെ ഇത് ശേഖരിച്ചുവെക്കാൻ ഗോഡൗൺ അടിയന്തരമായി വേണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ഗോഡൗൺ എടുത്തതെന്ന് ജില്ല സപ്ലൈ ഓഫിസർ മോഹൻകുമാർ പറഞ്ഞു. ആരുടെയെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ ഉടൻ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.