ഇത്തിരി വഴിതരൂ...പ്ലീസ്
text_fields=കൊല്ലം: ഫുട്പാത്തുകൾ കൈയേറി നഗരത്തിൽ വഴിയോര കച്ചവടവും അനധികൃത പാർക്കിങ്ങും വ്യാപകമാകുന്നു. അനധികൃത കൈയേറ്റം കാൽനടക്കാർക്കാണ് വിനയാകുന്നത്.
നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലുമാണ് കൈയേറ്റം. വാഹനങ്ങൾ ഫുട്പാത്ത് കൈയേറുന്നതുമൂലം തിരക്കേറിയ റോഡിൽ ഇറങ്ങിനടക്കേണ്ട ഗതികേടാണ്. കോർപറേഷൻ നേരത്തേ ഒഴിപ്പിക്കാൻ മുൻകൈയെടുത്തെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല.
ഫുട്പാത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്നവർ റോഡരികിൽ വാഹനം നിർത്തുകയും പാർക്ക് ചെയ്യുകയും ചെയ്യുന്നതിനാൽ അപകടത്തിനും സാധ്യതയേറെയാണ്. നഗരത്തിലെത്തുന്നവർക്കും കാൽനടക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആരും തയാറാകുന്നില്ല.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫുട്പാത്ത് കൈയേറി സർക്കാർ പരിപാടികളുടെ ഉൾപ്പെടെ ഫ്ലക്സ് ബോർഡുകളുമുണ്ട്. ഫുട്പാത്തുകളിലെ കൈവരിയുള്ള ഇടങ്ങളിൽ കച്ചവടക്കാർ പടുത കെട്ടിമറച്ചാണ് വെയിലും മഴയുമേൽക്കാതെ വ്യാപാരം പൊടിപൊടിക്കുന്നത്.
വ്യാപാരസ്ഥാപനങ്ങളിൽ സാധനം വാങ്ങാനെത്തുന്ന ആളുകളെ തള്ളിമാറ്റിയാണ് കാൽനടക്കാരിൽ ചിലർ ഫുട്പാത്തിലൂടെ കടന്നുപോകുന്നത്. പൊതുവേ ഗതാഗതത്തിരക്കേറിയ നഗരത്തിൽ ഇത്തരത്തിലുള്ള അനധികൃത പാർക്കിങ്ങുകളും കച്ചവടങ്ങളും കാരണം അപകടങ്ങളും കൂടുന്നു. ദീർഘനേരം പാർക്ക് ചെയ്ത് യാത്രാതടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കുനേരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ല എന്നും പരാതിയുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.