കൊല്ലം നഗരത്തിലെ കൈയേറ്റം ഒഴിപ്പിച്ചുതുടങ്ങി
text_fieldsകൊല്ലം: നടപ്പാതകളും വഴിയോരങ്ങളും കൈയേറി നഗരത്തിൽ വഴിയോര കച്ചവടം നടത്തിയവരെ താലൂക്ക് വികസന സമിതിയുടെയും നഗരസഭയുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി ഒഴിപ്പിച്ചു. 40 വർഷത്തിലേറെയായി കച്ചവടം ചെയ്തിരുന്നവരാണ് ഇവരെന്ന് വഴിയോര കച്ചവട തൊഴിലാളി യൂനിയൻ നേതാക്കൾ പറയുന്നു. നഗരത്തിൽ അനധികൃത കൈയേറ്റങ്ങൾ ഒരുപാടുണ്ടെങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണ് ഈ കുടിയൊഴിപ്പിക്കൽ എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
മുന്നറിയിപ്പില്ലാതെയാണ് ചിന്നക്കട പോസ്റ്റ് ഓഫിസ് ജങ്ഷനിലുള്ളവരെ ഉദ്യോഗസ്ഥരെത്തി ഒഴിപ്പിച്ചത്. കുറഞ്ഞത് 30 ദിവസത്തെ നോട്ടീസ് കാലാവധി നൽകിയാണ് നടപ്പാക്കേണ്ടത്. നഗരത്തിലെ വലിയ കൈയേറ്റങ്ങളെല്ലാം അവിടത്തന്നെ തുടരുകയാണെന്നും ഇവർ പറയുന്നു.
വർഷങ്ങളായി പലതവണ ഇവർക്ക് സ്ഥലം ഒഴിയണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ടന്ന് കോർപറേഷൻ അധികൃതർ പറയുന്നു. തുടർന്നും ഇവർ ഒഴിഞ്ഞുപോകാത്തതിനാലാണ് കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് പോയതെന്നും മുമ്പ് പലസ്ഥലങ്ങളും പുനരധിവാസത്തിനായി കണ്ടെത്തിയിരുന്നു. അവിടേക്ക് മാറാൻ ഇവർ തയാറായില്ലെന്നും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും നഗരാസൂത്രണകാര്യ സമിതി അധ്യക്ഷൻ ഹണി ബെഞ്ചമിൻ അറിയിച്ചു. പ്രധാന റോഡുകളുടെ ഇരുവശങ്ങളിലുമാണ് കൈയേറ്റം.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫുട്പാത്ത് കൈയേറി സർക്കാർ പരിപാടികളുടെ ഉൾപ്പെടെ ഫ്ലക്സ് ബോർഡുകൾ അവിടെത്തന്നെ തുടരുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ മേയറുമായി ചർച്ച നടത്തുമെന്ന് യൂനിയൻ നേതാക്കൾ അറിയിച്ചു.
പുനരധിവാസത്തിന് നടപടിയെടുക്കാതെ കുടിയൊഴിപ്പിക്കൽ
കൊല്ലം: വഴിയോര കച്ചവട നിയന്ത്രണവും ജീവനോപാധി സംരക്ഷണവും 2014ൽ കേന്ദ്രസർക്കാർ പാസാക്കിയതാണ്. ഇതിന്റെ ഭാഗമായി പരിരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുകയും വഴിയോരകച്ചവടക്കാർക്കുള്ള മറ്റു ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്.
നിയമപ്രകാരം ബന്ധപ്പെട്ട നഗരസഭകളാണ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടത്. സാമ്പത്തിക സാങ്കേതിക ഉപജീവന ദൗത്യം സഹായം എന്നിവ നഗരസഭകൾക്ക് നൽകുന്നതാണ്. അർഹരായവരെ കണ്ടെത്തി ലൈസൻസും തിരിച്ചറിയൽ കാർഡും നൽകിയശേഷം ഉചിതമായ രീതിയിൽ പുനരധിവസിപ്പിക്കണം. സപ്ലൈകോ ഡിപ്പോയുടെ സമീപത്തെ ലോറിത്താവളത്തിലേക്ക് പുനരധിവസിപ്പിക്കാൻ നഗരസഭ മുമ്പ് കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.
ജില്ലയിലെ മറ്റ് നഗരസഭകളിൽ ഇവരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. കൊല്ലം നഗരസഭ മാത്രമാണ് ഇതിനുവേണ്ടി നടപടികളൊന്നും കൈക്കൊള്ളാത്തതെന്നും പ്രതിഷേധക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.