കരുത്ത് തെളിയിച്ച് പരസ്യപ്രചാരണത്തിന് സമാപനം; ഇന്ന് നിശബ്ദ പ്രചാരണം
text_fieldsകൊല്ലം: ആരുടെ കൊടി ഉയരത്തിൽ പാറും, ആരുടെ പാട്ട് ഉച്ചത്തിലുയരും, ആരുടെ ആവേശം ആകാശം മുട്ടും.... അക്ഷരാർഥത്തിൽ മത്സരക്കാഴ്ചയുടെ ആവേശമായിരുന്നു കൊല്ലം ചിന്നക്കട റൗണ്ടിൽ കൊട്ടിയിറങ്ങിയത്. ചെണ്ടയും പഞ്ചവാദ്യവും വഴിമാറിയ പുതിയകാലത്ത് ലൈറ്റുകൾ അലങ്കരിച്ച ഡി.ജെ വാഹനങ്ങൾ, വർണകടലാസുകൾ, ക്രെയിൻ, ആനയുടെ മാതൃക, കട്ടൗട്ടുകൾ, ബോക്സുകൾ... എന്തെല്ലാം എത്തിച്ച് കരുത്ത് തെളിയിക്കാം അതെല്ലാം മത്സരബുദ്ധിയോടെ എത്തിച്ചായിരുന്നു മുന്നണികൾ കൊട്ടിക്കലാശത്തിന്റെ ആവേശം തീർത്തത്.
എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളും സ്ഥാനാർഥികളും അണികളും കൂടാതെ സ്വതന്ത്ര സ്ഥാനാർഥികൾ വരെ പങ്കെടുത്ത കൊല്ലം ലോക്സഭ മണ്ഡലത്തിന്റെ കൊട്ടിക്കലാശമാണ് ചിന്നക്കട റൗണ്ടിൽ നടന്നത്.
കുത്തക നിലനിർത്താൻ കോൺഗ്രസും തകർക്കാൻ ഇടതുമുന്നണിയും ശക്തിതെളിയിക്കാൻ എൻ.ഡി.എയും പോരാട്ടം കടുപ്പിക്കുന്ന മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്റെ എല്ലാ വാശിയും കൊട്ടിക്കലാശത്തിലും പ്രകടമായി. കേരളത്തിൽ തന്നെ ഇത്രയും നല്ല കൊട്ടിക്കലാശം വേറെ കാണില്ലെന്ന് എം. മുകേഷ് മാർക്കിടുകയും ചെയ്തു.
സംഘ ശക്തികൊണ്ട് മുന്നിൽ ഇടതുപക്ഷമായിരുന്നെങ്കിലും ആവേശം മൂന്ന് വിഭാഗത്തിലും ഒന്നിനൊന്ന് മികച്ചതായി. എൽ.ഡി.എഫിന് കരുത്തായി സി.പി.എം, സി.പി.ഐ, ജനതാദൾ എസ്, ഐ.എൻ.എൽ ഉൾപ്പെടെ മുന്നണി പ്രവർത്തകർ കൂടാതെ പി.ഡി.പിക്കാരും എത്തി.
യു.ഡി.എഫിനായി കോൺഗ്രസ്, ആർ.എസ്.പി, മുസ്ലിംലീഗ്, ഫോർവേഡ് ബ്ലോക്ക് പ്രവർത്തകർ നിറഞ്ഞുനിന്നു. എൻ.ഡി.എക്ക് ബി.ജെ.പി കൂടാതെ ബി.ഡി.ജെ.എസ് പ്രവർത്തകരുടെ പിന്തുണയുമുണ്ടായിരുന്നു.
മൂന്ന് വിഭാഗക്കാർക്കുമിടയിൽ ബാരിക്കേഡ് ആയി പൊലീസ് ആദ്യാവസാനം നിരതീർത്തുനിന്നു. ആയിരത്തോളം പ്രവർത്തകർ മുഖാമുഖം വന്നിട്ടും അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാതെ സമാധാനപരമായി ‘ഉപചാരം’ ചൊല്ലിപിരിഞ്ഞും കൊല്ലത്ത് മുന്നണികൾ മാതൃകതീർത്തു.
ആഘോഷത്തിന്റെ രണ്ട് മണിക്കൂർ
ചിന്നക്കട റൗണ്ടിനെ മൂന്ന് ഭാഗമായി തിരിച്ച് മൂന്ന് പ്രധാനമുന്നണികൾക്കും പൊലീസ് സ്ഥലം നിശ്ചയിച്ച് നൽകിയിരുന്നു. ഹെഡ് പോസ്റ്റ് ഓഫിസിന് മുൻവശം യു.ഡി.എഫും ബീച്ച് റോഡിലേക്കുള്ള ഭാഗം എൽ.ഡി.എഫും ചെങ്കോട്ട റോഡ് ഭാഗം എൻ.ഡി.എയും വൈകീട്ട് നാല് മുതൽ നിലയുറപ്പിച്ചു.
അഞ്ചുവർഷത്തിന് ശേഷം നടന്ന കൊട്ടിക്കലാശം എന്ന പ്രത്യേകതയുടെ ആവേശം ഒട്ടും ചോരാതെ പ്രവർത്തകർ കൈമെയ് മറന്നാണ് ആടിത്തിമിര്‍ത്തത്. ത്രിതല, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കൊട്ടിക്കലാശങ്ങൾ ഒഴിവാക്കിയിരുന്നു. ഇത്തവണ ആ ക്ഷീണവും തീർക്കുന്നതായി ആഘോഷം.
വൈകീട്ട് നാലോടെ തന്നെ നാടിന്റെ വിവിധഭാഗങ്ങളിൽനിന്ന് പ്രവർത്തകർ ചിന്നക്കടയിലേക്ക് ഒഴുകിത്തുടങ്ങി. യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനാണ് സ്ഥാനാർഥികളിൽ നാലരയോടെ ആദ്യമെത്തിയത്.
അഞ്ച് ആയതോടെ എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാറും എത്തി. എൽ.ഡി.എഫ് സ്ഥാനാർഥി എത്തിച്ചേർന്നില്ലെങ്കിലും പ്രവർത്തകർ ആവേശം ഒട്ടും കെടാതെ മറ്റ് രണ്ട് മുന്നണികൾക്കൊപ്പം പിടിച്ചുനിന്നു. അഞ്ചരയോടെ തങ്കശ്ശേരിയിൽൽനിന്ന് റോഡ് ഷോയായി എം. മുകേഷും നേതാക്കളും കൂടുതൽ പ്രവർത്തകരും എത്തിയതോടെ ചിന്നക്കട റൗണ്ട് കാലുകുത്താൻ ഇടമില്ലാത്ത സ്ഥിതിയായി.
ഉയരെ പാറി കൊടികൾ
വാഹനങ്ങൾക്ക് മുകളിലൾപ്പെടെ കയറി കൊടിവീശാൻ ഓരോ വിഭാഗത്തിലും പ്രവർത്തകരും നേതാക്കളും വരെ മത്സരിച്ചു. പതിവ് തെറ്റിക്കാതെ ബി.ജെ.പിക്കാർ ഇത്തവണയും ക്രെയിൻ എത്തിച്ചു.
ആദ്യം പ്രവർത്തകൻ കയറി ഉയരത്തിൽ കൊടി വീശിയതിന് പിന്നാലെ സ്ഥാനാർഥിയും ക്രെയിനിൽ മുകളിലെത്തി. ഇത് കണ്ട് ആവേശം മൂത്ത യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ ‘അതുക്കുംമേലെ’ ആയി കണ്ടുപിടിച്ചത് സമീപത്തെ പരസ്യബോർഡുകളാണ്.
ചിന്നക്കടയിലെ ഏറ്റവും ഉയരത്തിലെ രണ്ട് പരസ്യബോർഡുകളിൽ അപകടകരമായ രീതിയിലെ കൊടിവീശൽ കണ്ടുനിൽക്കാനെ പൊലീസിനും കഴിഞ്ഞുള്ളു.
ആവേശംതുള്ളി മുകേഷ്, ക്ഷീണിതനായി പ്രേമചന്ദ്രൻ
തങ്കശ്ശേരിയിൽനിന്ന് റോഡ് ഷോ ആയി ചിന്നക്കടയിൽ എത്തിയപ്പോൾ തന്നെ സമയം അഞ്ചര ആയെങ്കിലും പ്രവർത്തകർക്കുമൊപ്പം നൃത്തമാടിയാണ് എം. മുകേഷ് കൊട്ടിക്കലാശത്തിൽ ആവേശം നിറച്ചത്.
ഏറെ സന്തോഷം നിറഞ്ഞ ശരീരഭാഷയിൽ വാഹനത്തിനുള്ളിൽ നിന്നായിരുന്നു സ്ഥാനാർഥിയുടെ നൃത്തം. ഒപ്പം നിന്ന എൽ.ഡി.എഫ് നേതാക്കളും നൃത്തത്തിൽ കൂടെകൂടി.
യു.ഡി.എഫ് പക്ഷത്ത് ക്ഷീണിതമുഖഭാവമായിരുന്നു എൻ.കെ. പ്രേമചന്ദ്രന്. ഇടക്ക് ‘കുട്ടിപ്രവർത്തകനെ’ എടുത്തുയർത്തി ചേർത്തിരുത്തി ആവേശമുയർത്തി. ജി. കൃഷ്ണകുമാറും പ്രവർത്തകർക്കൊപ്പം നൃത്തത്തിൽ പങ്കാളിയായി.
കൈവീശിയും കൈകൊടുത്തും സെൽഫിയെടുത്തും അവസാനവട്ടം വോട്ടഭ്യർഥന നടത്തിയും പ്രവർത്തകരെയൊന്നും നിരാശരാക്കാതെ സ്ഥാനാർഥികൾ ശബ്ദപ്രചാരണത്തിന്റെ അവസാന നിമിഷങ്ങൾ കൂടുതൽ അവിസ്മരണീയമാക്കി.
കൃത്യം ആറിന് ശബ്ദത്തിന് പൂട്ടുവീണതോടെ കൈയടിച്ച് പിരിഞ്ഞ് നാനാദിക്കുകളിലേക്ക് ജനംതിരിഞ്ഞൊഴുകി. ഇനി നിശബ്ദത നിർണായകമാകുന്ന മണിക്കൂറുകൾ.
കരുനാഗപ്പള്ളിയിലും പത്തനാപുരത്തും സംഘര്‍ഷം
കരുനാഗപ്പള്ളി/പത്തനാപുരം: കരുനാഗപ്പള്ളിയിലും പത്തനാപുരത്തും കൊട്ടിക്കലാശം അക്രമത്തിൽ കലാശിച്ചു. കരുനാഗപ്പള്ളിയിൽ എം.എൽ.എ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പത്തനാപുരത്ത് ജില്ല പഞ്ചായത്തംഗം ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് കരുനാഗപ്പള്ളിയിൽ സംഘർഷത്തിന് തുടക്കം കുറിച്ചത്. യു.ഡി.എഫിന് പ്രകടനം നടത്തേണ്ട സ്ഥലത്തേക്ക് വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത രീതിയിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്തത് സംബന്ധിച്ചാണ് ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്.
ഇതിനിടെ സി.ആർ. മഹേഷ് എം.എൽ.എ, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, കരുനാഗപ്പള്ളി എസ്.എച്ച്.ഒ പി.കെ. മോഹിത്, കൊല്ലം എ.ആർ ക്യാമ്പിലെ എ.എസ്.ഐ അജി, സീനിയർ സിവിൽ പൊലീസ് ഓഫിർ ഹാഷിം ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ഇരുവിഭാഗവും 15 മിനിറ്റിലധികം നടത്തിയ കല്ലേറിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ഇരുവിഭാഗങ്ങളിൽ നിന്നായി അമ്പതോളം പ്രവർത്തകർ ചികിത്സ തേടി. നൂറോളം പ്രവർത്തകരുടെ പേരിൽ പൊലീസ് കേസെടുത്തു.
പത്തനാപുരത്ത് ജില്ല പഞ്ചായത്ത് കലവൂർ ഡിവിഷന് അംഗം അനന്ദുപിള്ള, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നവാസ്ഖാന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബോബന്, ഡി.വൈ.എഫ്.ഐ പിടവൂർ വില്ലേജ് സെക്രട്ടറി സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നഗരത്തില്‍ നടന്ന കൊട്ടിക്കലാശം അവസാനിപ്പിക്കാന്‍ പൊലീസ് നിർദേശം നല്‍കിയതിന് പിന്നാലെയായിരുന്നു സംഭവം.
പ്രചാരണവാഹനങ്ങളിലുണ്ടായിരുന്ന മൈക്ക് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലായത്. ഇരുവിഭാഗത്തിലെയും യുവജന സംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റവരെ പത്തനാപുരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കിഴക്കൻ മേഖലയെ ജനസാഗരമാക്കി കൊട്ടിക്കലാശം
പത്തനാപുരം
പത്തനാപുരം: കിഴക്കൻ മേഖലയെ ജനസാഗരമാക്കിയാണ് രണ്ട് മണിക്കൂർ പരസ്യപ്രചാരണം കൊട്ടിയിറങ്ങിയത്. പത്തനാപുരത്തിന് പുറമേ പിറവന്തൂര്‍, വിളക്കുടി, തലവൂർ, പട്ടാഴി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളിലെ പ്രവര്‍ത്തകര്‍ പത്തനാപുരം നഗരത്തിലെത്തിയിരുന്നു. നാലോടെ പ്രചാരണവാഹനങ്ങൾ പ്രധാനകേന്ദ്രങ്ങളിൽ സംഘടിച്ചതോടെ ശബ്ദകോലാഹലത്തിന് തിരികൊളുത്തി.
മിക്ക സ്ഥലങ്ങളിലും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പ്രചാരണം അവസാനിച്ചത്. വിവിധ മേഖലകളിലായി ഇരുനൂറിലധികം നിയമപാലകരെയാണ് വിന്യസിച്ചിരുന്നത്. പുനലൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തമിഴ്നാട് പൊലീസിനെയും വിന്യസിച്ചിരുന്നു.
അഞ്ചൽ
അഞ്ചൽ: കലാശക്കൊട്ട് അഞ്ചലിൽ സൗഹാർദ്ദപരം. പ്രധാനപ്പെട്ട മൂന്ന് മുന്നണികളുടേയും പ്രവർത്തകരും നേതാക്കളും അഞ്ചൽ ആർ.ഒ ജങ്ഷനിലാണ് ഒത്തുകൂടിയത്. യു.ഡി.എഫ് പ്രവർത്തകർ ചന്തമുക്കിൽ നിന്ന് സ്ഥാനാർഥിയുടെ കൂറ്റൻ കട്ടൗട്ടുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് എത്തിച്ചേർന്നത്.
എൽ.ഡി.എഫ് പ്രവർത്തകരും നേതാക്കളും കോളജ് ജങ്ഷനിൽനിന്നും എൻ.ഡി.എ പ്രവർത്തകരും നേതാക്കളും ഈസ്റ്റ് സ്കൂൾ ജങ്ഷനിൽനിന്നും പ്രകടനമായെത്തി. മുൻധാരണ പ്രകാരം യു.ഡി.എഫ് പ്രവർത്തകർ ആയൂർ റോഡിലും എൽ.ഡി.എഫ് പ്രവർത്തകർ കുളത്തൂപ്പുഴ റോഡിലും എൻ.ഡി.എ പ്രവർത്തകർ പുനലൂർ റോഡിലുമാണ് ഒത്തുകൂടിയത്.
പുനലൂർ
പുനലൂർ: രാവിലെ മുതൽ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചിരുന്ന അനൗൺസ്മെ ന്റ് വാഹനങ്ങളും പ്രവർത്തകരും വൈകീട്ടോടെ ചെറുസംഘങ്ങളായി പലവഴിയിലൂടെ സ്ഥാനാർഥികളുടെ ചിത്രം പതിച്ച പ്ലക്കാർഡുകളുമായി പുനലൂർ പട്ടണത്തിൽ കേന്ദ്രീകരിച്ചു. പ്രവർത്തകർ ചെണ്ടമേളവും ബാൻഡ് സംഘങ്ങളുടെയും അകമ്പടിയോടെയാണ് ശക്തിപ്രകടനത്തിന് എത്തിയത്. പല മുതിർന്ന നേതാക്കളും എത്തിച്ചേർന്നത് അണികളെ ആവേശത്തിലാക്കി.
ടി.ബി ജങ്ഷൻ, കെ.എസ്.ആർ.ടി.സി ജങ്ഷൻ, പോസ്റ്റ് ഓഫിസ് ജങ്ഷൻ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് ആവേശപ്രകടനം നടന്നത്. യു.ഡി.എഫ് പ്രവർത്തകർ രണ്ടു കുതികളെയും രംഗത്ത് ഇറക്കി. മൂന്നുകൂട്ടരുടെയും തലങ്ങും വിലങ്ങുമുള്ള അനൗൺസ്മെന്റ് വാഹനങ്ങളും പ്രകടനവും പലപ്പോഴും ഗതാഗത സ്തംഭനം ഉണ്ടാക്കി. ശക്തമായ പൊലീസ് സന്നാഹം ഉണ്ടായിരുന്നതും പ്രവർത്തകർ സ്വയം ആത്മനിയന്ത്രണം പാലിച്ചതും അവസാനത്തെ കരുത്തുകാട്ടൽ സമാധാനത്തോടെ സമാപിച്ചു.
കൊട്ടാരക്കര
കൊട്ടാരക്കര: കൊട്ടാരക്കരയിലെ കൊട്ടിക്കലാശം ആവേശമായി. വൈകീട്ട് നാലോടെ മണികണ്ഠൻ ആൽത്തറയുടെ രണ്ട് ഭാഗത്തായിട്ട് തുടങ്ങിയ കൊട്ടിക്കലാശം വൈകീട്ട് ആറോടെ സമാപിച്ചു. പൊലീസ് ഓരോ പാർട്ടിക്കാരെയും പല ഭാഗങ്ങളിലേക്ക് ഒഴിച്ചുവിട്ടതിനാൽ എല്ലാ പാർട്ടിക്കാർക്കും ഒത്തുരുമിച്ച് കൊട്ടിക്കലാശം നടത്താൻ സാധിച്ചില്ല.
യു.ഡി.എഫ് കലാരൂപങ്ങളെ അണിനിരത്തിയാണ് കൊട്ടിക്കലാശം നടത്തിയത്. എൽ.ഡി.എഫിന്റെ പ്രചാരണം ചന്തമുക്കിൽ ആവേശമായി. എൻ.ഡി.എ കൊട്ടിക്കാലാശം നടത്തിയെങ്കിലും പേരിന് മാത്രം ഒതുങ്ങി. എല്ല പാർട്ടിയിലെയും കൊട്ടാരക്കര മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ ഒപ്പം ഉണ്ടായിരുന്നു.
കുളത്തൂപ്പുഴ
കുളത്തൂപ്പുഴ: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രചാരണ പരിപാടികളിലേര്പ്പെട്ടിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും നാലു മുതല്‍ തന്നെ കുളത്തൂപ്പുഴയിലേക്കെത്തി. ഒപ്പം വിവിധ പാര്‍ട്ടികളുടെ പ്രചാരണ വാഹനങ്ങളും എത്തിയതോടെ കുളത്തൂപ്പുഴ ജനനിബിഢമായി.
എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ടൗണിൽ പ്രകടനം നടത്തി. ബൈക്ക് റാലിയോടെ പ്രവര്‍ത്തകർ ആഞ്ചരയായതോടെ കുളത്തൂപ്പുഴ ടൗണില്‍ കേന്ദ്രീകരിച്ചു. കുളത്തൂപ്പുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. അനീഷിന്റെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം ടൗണില്‍ നിലയുറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.