മത്സ്യബന്ധന വള്ളങ്ങളിൽനിന്ന് എൻജിൻ മോഷണം: മോഷ്ടാവ് പിടിയിൽ
text_fieldsകൊല്ലം: മത്സ്യബന്ധന വള്ളങ്ങളിൽനിന്ന് എൻജിനും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ നീണ്ടകര കോസ്റ്റൽ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി കുളച്ചൽ വെള്ളമൺ 15/165/14 ജനിത്തിനെ (27) ആണ് തമിഴ്നാട്ടിലെ ആരുവാൾമൊഴിയിൽനിന്ന് പിടികൂടിയത്.
2020 മാർച്ച് രണ്ടിനാണ് നീണ്ടകര മത്സ്യബന്ധന ഹാർബറിൽ ലേലഹാളിനുസമീപം കയറ്റി െവച്ചിരുന്ന സാഗരമാതാ എന്ന വള്ളവും രണ്ട് എൻജിനുകളും ഇന്ധന ടാങ്കുകളും ജി.പി.എസ്, കോമ്പസ് തുടങ്ങി നാല് ലക്ഷം രൂപ വിലവരുന്ന സാമഗ്രികളും മോഷണം പോയത്. പ്രതി തമിഴ്നാട്ടിൽനിന്ന് ട്രെയിൻ മാർഗം കൊല്ലത്തെത്തി ഹാർബറുകളിൽ താമസിച്ച് അവസരം കിട്ടുമ്പോൾ വള്ളവും എൻജിനും മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുകയാണ് പതിവ്. മോഷ്ടിച്ച സാധനങ്ങളും വള്ളവും കടൽ മാർഗം തേങ്ങാപ്പട്ടണം, മുട്ടം ഹാർബറുകളിൽ എത്തിക്കും. അവിടെ വള്ളത്തിനും എൻജിനും പുതിയ നമ്പർ രേഖപ്പെടുത്തി വിൽപന നടത്തുകയായിരുന്നു രീതി. കടൽമാർഗം കടത്തിക്കൊണ്ട് പോയെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കൊല്ലം എ.സി.പി എ. പ്രദീപ് കുമാർ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയിരുന്നു.
തേങ്ങാപ്പട്ടണം ഹാർബറിന് സമീപം വിൽപക്കായി സൂക്ഷിച്ചിരുന്ന വള്ളം കണ്ടെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ എൻജിനും മറ്റ് ഉപകരണങ്ങളും കടത്തിക്കൊണ്ട് പോയ ഓട്ടോ കണ്ടെത്തി. ഡ്രൈവറിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു.
മോഷണം നടന്ന് രണ്ടാഴ്ചക്കുള്ളിൽ തന്നെ തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് എൻജിനുകളും മറ്റും താളക്കുടി എന്ന സ്ഥലത്തുള്ള പ്രതിയുടെ സുഹൃത്തിെൻറ ആൾത്താമസമില്ലാത്ത വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് പലതരത്തിലുള്ള അന്വേഷണം നടത്തിയെങ്കിലും സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി തമിഴ്നാട്ടിലെ വിവിധ ഹാർബറുകളിൽ മാറി മാറി കഴിഞ്ഞിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്രതി ഇടയ്ക്കിടക്ക് താളക്കുടി എന്ന സ്ഥലത്ത് വന്ന് പോകുന്നതായി പൊലീസ് കണ്ടെത്തി.
ബുധനാഴ്ച ആരുവാൾമൊഴി പൊലീസിെൻറ സഹായത്തോടെ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു.
കോസ്റ്റൽ പൊലീസ് എസ്.ഐ എം. അബ്ദുൽ മജീദ്, എ.എസ്.ഐ ഡി. ശ്രീകുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, എ. അനിൽ, കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിന്തുടർന്ന് അറസ്റ്റ് ചെയ്തത്.
കോടതി ഇയാളെ റിമാൻഡ് ചെയ്തു. തീരദേശ മേഖലയിൽ മുമ്പ് നടന്ന സമാനസ്വഭാവത്തിലുള്ള പല മോഷണങ്ങളെ കുറിച്ചും അന്വേഷിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് കോസ്റ്റൽ ഇൻസ്പെക്ടർ എസ്. ഷെരീഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.