ജനപ്രിയമായി ‘തനി നാടൻ’ പവലിയൻ
text_fieldsകൊല്ലം: മാങ്ങ മുതൽ കോഴി വരെ എല്ലാം തനി നാടൻ ഉത്പന്നങ്ങളുമായി ‘എന്റെ കേരളം’ പ്രദർശനമേളയിൽ ജനപ്രിയമാകുകയാണ് മൃഗസംരക്ഷണ വകുപ്പിന്റെ പവലിയൻ. ജില്ല പഞ്ചായത്തിന്റെ കുരിയോട്ടുമല ഹൈടെക് ഫാമിൽനിന്ന് പുല്ല് മുതൽ മുയൽ വരെ ഈ പവലിയനിൽ പ്രദർശനത്തിനുണ്ട്.
നാടൻ കിളിച്ചുണ്ടൻ മാങ്ങ കിലോക്ക് 50 രൂപയും നെയ് 100 മില്ലിക്ക് 70 രൂപയും നിരവധിപ്പേരെ ഈ സ്റ്റാളിലേക്ക് ആകർഷിക്കുന്നു. പശുവിന്റെയും ആട്ടിന്റെയും പാൽ, ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, ആട്ടിൻകാഷ്ഠം, പച്ചപ്പുല്ല്, 31 ദിവസം മുതൽ പ്രായമുള്ള മുയൽകുഞ്ഞുങ്ങൾ എന്നിവക്കൊപ്പം ഒട്ടകപക്ഷിയുടെയും എമുവിന്റെയും മുട്ടവരെ ഇവിടെ വിൽപനക്കുണ്ട്.
സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയിന്റ്, ഗ്രേ ജയിന്റ്, ന്യൂസിലാന്‍ഡ് വൈറ്റ് ഇനം മുയലുകളാണുള്ളത്. സി.ഒ ഫൈവ്, റെഡ് നേപ്പിയര്‍, പാരാ ഗ്രാസ്, സി.ഒ ത്രീ ഇനങ്ങളിലെ പുല്ലുമുണ്ട്. ഇതിനകം നിരവധി ഓർഡറാണ് ഓരോന്നിനും ലഭിച്ചിട്ടുള്ളത്.
മറ്റൊരാകർഷണം ആയൂർ തോട്ടത്തറ ഫാമിൽനിന്നുള്ള ഗ്രാമശ്രീ കോഴികളാണ്. ഞായറാഴ്ച മുതൽ ഇവയുടെ കോഴിക്കുഞ്ഞിനെയും വാങ്ങാം.
തൊട്ടരികിൽ ഹൈടെക് കോഴിക്കൂട്, ക്ഷീരമേഖലക്കാവശ്യമായ ഹൈടെക് ഉപകരണങ്ങൾ, ടര്‍ക്കി ഫാമിലെ ലാര്‍ജ് വൈറ്റ് ബ്രോണ്‍സ് ടർക്കികൾ എന്നിവയും ആളുകളെ ആകർഷിക്കുന്നു. ആനയെ മയക്കുവെടി വെക്കുന്ന ചെക്കോസ്ലോവാക്യൻ നിർമിത തോക്കും 3000 രൂപ വിലയുള്ള സിറിഞ്ചുമെല്ലാം കാണാനും ആന വിശേഷങ്ങൾ കേൾക്കാനും ഈ പവലിയനിലേക്ക് കയറാം.
തിരക്കും വരവും കൂടുന്നു
ആശ്രാമം മൈതാനിയില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ രണ്ട് ദിവസം പിന്നിടുമ്പോള്‍ വ്യവസായ സ്റ്റോളുകളില്‍ നിന്നുള്ള വിറ്റുവരവ് 8,24,647 രൂപ പിന്നിട്ടു. കാപ്പക്സ്, സാഫ്, കയര്‍ കോര്പറേഷന്, കണ്‍സ്യൂമര്‍ഫെഡ്, സുലുസ് ഓര്‍ച്ചഡ് തുടങ്ങിയ സ്റ്റാളുകളിലാണ് കൂടുതല്‍ വില്പന നടക്കുന്നത്.
വഴിതുറന്ന് ജോബ് ഡ്രൈവ്
‘എന്റെ കേരളം’ മേളയില്‍ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ഒരുക്കിയിരിക്കുന്ന ജോബ് ഡ്രൈവ് യുവജനങ്ങള്‍ക്ക് തൊഴിലിലേക്ക് വഴിയൊരുക്കുന്നു. ബാങ്കിങ്, ഡിജിറ്റല്‍, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലെ നിരവധി സ്വകാര്യ കമ്പനികളിലേക്കാണ് പ്രധാനമായും നിയമനം.
റിലയന്‍സ് ജിയോ, ഇസാഫ് ബാങ്ക്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ വന്‍കിട കമ്പനികളും എംപ്ലോബിലിറ്റി സെന്റര്‍ വഴി ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു. പ്ലസ് ടു, ഐ.ടി.ഐ, ബിരുദം, ബി.ടെക്ക്, ബി.എസ്.സി, എം.ബി.എ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
പുതുചിന്തകൾ പകർന്ന് സെമിനാറുകൾ
വരുമാനത്തിനായി 10 സംരംഭങ്ങൾ പരിചയപ്പെടുത്തി ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണ വകുപ്പ് സെമിനാര്‍. ‘മൃഗസംരക്ഷണം വരുമാനത്തിന്റെ പുതുവഴികള്‍’ വിഷയത്തില്‍ നടന്ന സെമിനാര്‍ സുജിത് വിജയന് പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ലഹരിയുടെ വിപത്തുകളെ ഓര്‍മപ്പെടുത്തി എക്സൈസ് വകുപ്പിന്റെ‘ജീവിതമാണ് ലഹരി’ സെമിനാര്‍. എം. നൗഷാദ് എം .എല്‍. എ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗിക്കുന്നവരില്‍ വിഭ്രാന്തി, അകാരണമായ ഭീതി, ആകുലത, വിഷാദരോഗം, മിഥ്യാബോധം, കുറ്റകൃത്യം തുടങ്ങിയവ സൃഷ്ടിക്കുന്നുവെന്ന് സെമിനാര്‍ അഭിപ്രായപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.